മോഡലുകളെ പിന്തുടര്‍ന്ന കാറിന്റെ ഡ്രൈവര്‍ പ്രതിയല്ല, നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയിൽ

കൊച്ചിയില്‍ മോഡലുകള്‍ അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന കാറിന്റെ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ കേസില്‍ ഇതുവരെ പ്രതിയല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ അറിയിച്ചു. പ്രതിയാക്കിയാല്‍ നോട്ടീസ് നല്‍കിയേ ചോദ്യം ചെയ്യാന്‍ വിളിക്കൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സൈജു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഹര്‍ജി കോടതി തീര്‍പ്പാക്കി.
താന്‍ കേസില്‍ പ്രതിയല്ലെന്നും ഹോട്ടലില്‍ വച്ച് പരിചയപ്പെട്ട ഡ്രൈവര്‍ അബ്ദുള്‍ റഹ്മാനെ മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു സൈജുവിന്റെ വാദം. ഹോട്ടലില്‍ നിന്ന് കാക്കനാട്ടെ വീട്ടിലേക്ക് മടങ്ങുമ്ബോള്‍ ചക്കരപറമ്പില്‍ അപകടം ശ്രദ്ധയില്‍ പെട്ടെന്നും ഉടന്‍ പൊലീസിനെ അറിയിച്ചെന്നും സൈജു ബോധിപ്പിച്ചു.
താന്‍ വാഹനത്തെ പിന്തുടര്‍ന്നതാണ് അമിത വേഗത്തില്‍ കാര്‍ ഓടിക്കാന്‍ കാരണമെന്ന് അബ്ദുള്‍ റഹ്മാന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ നിന്നാണ് മനസിലായതെന്നും പൊലീസ് അറസ്റ്റ് ചെയ്യാനും മൂന്നാം മുറ പ്രയോഗിക്കാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
അതേസമയം, കേസിലെ നിർണായക തെളിവായ കംപ്യൂട്ടർ ഹാർഡ് ഡിസ്ക് കായലിൽ നിന്ന് വീണ്ടെടുക്കാൻ ‘സോനാർ സ്ക്യാനർ’ ഉപയോഗിക്കുന്ന കാര്യം പൊലീസിന്റെ പരിഗണനയിലാണ്. കൊച്ചിയിൽ ഏറ്റവും ശക്തി കൂടിയ സോനാർ സ്കാനർ ഉള്ളതു ദക്ഷിണ നാവികസേനാ കേന്ദ്രത്തിലാണ്. കൊച്ചിൻ ഷിപ്‍യാർഡ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ പക്കലും കായലിന്റെ അടിത്തട്ട് സ്കാൻ ചെയ്യാൻ ശേഷിയുള്ള സോനാർ സ്കാനർ ഉണ്ട്.
കൊല്ലപ്പെട്ട മോഡലുകൾ ഇവരെ കാറിൽ പിന്തുടർന്ന സൈജു തങ്കച്ചൻ, ഹോട്ടൽ ഉടമ റോയ്, സംഭവദിവസം ഹോട്ടലിൽ തങ്ങിയതായി പറയപ്പെടുന്ന ‘വിഐപി’ എന്നിവരുടെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപം കായലിൽ എറിഞ്ഞെന്ന ഹോട്ടൽ ജീവനക്കാരന്റെ മൊഴി പ്രകാരമാണ് പൊലീസിന്റെ നീക്കം. അഗ്നിരക്ഷാ സേനയുടെ സ്കൂബ ഡൈവർമാരുടെ സഹായത്തോടെ ഇന്നലെ കായലിൽ നടത്തിയ പരിശോധന ഫലം കണ്ടിരുന്നില്ല.
https://www.facebook.com/Malayalivartha
























