മോഫിയയുടെ മരണം: അന്വേഷണം എറണാകുളം ക്രൈം ബ്രാഞ്ചിന് വിട്ടു, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു: സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുമുന്നില്‍ സമരം തുടരുന്നു

ഗാര്‍ഹിക പീഡന പരാതി നല്‍കിയ ആലുവ സ്വദേശിയായ എല്‍എല്‍ബി വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം എറണാകുളം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചിനു വിട്ടു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡിവൈ എസ് പി പി. രാജീവിനാണ് അന്വേഷണച്ചുമതല.
കേസില്‍ മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. ഇന്നു രാവിലെ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മൂവരെയും കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റി. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി പിന്നീട് പരിഗണിക്കും.
സുഹൈലിനും മാതാപിതാക്കള്‍ക്കുമെതിരെ സ്ത്രീധനപീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കുമാണ് പൊലീസ് കേസെടുത്തത്. സംഭവം വാര്‍ത്തയായതിനു പിന്നാലെ ഒളിവില്‍ പോയ ഇവരെ ഇന്നലെ പുലര്‍ച്ചെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കോതമംഗലത്തെ ബന്ധുവീട്ടില്‍നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച രാത്രിയിലാണു മോഫിയ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃകുടുംബത്തിനും ആലുവ ഈസ്റ്റ് സിഐ സി എല്‍ സുധീറിനുമെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്.
അതേസമയം, ആരോപണ വിധേയനായ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുമുന്നില്‍ സമരം തുടരുകയാണ്. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സിഐയെ ഇന്നലെ സ്ഥലം മാറ്റിയിരുന്നു. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്കാണു സ്ഥലംമാറ്റിയത്. എന്നാല്‍ സിഐയെ സസ്‌പെന്‍ഡ് ചെയ്യുന്നത് വരെ സമരം തുടരുമെന്നാണ് കോണ്‍ഗ്രസ് നിലപാട്.
ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്, ചാലക്കുടി എംപി ബെന്നി ബഹനാന്‍, അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം നടക്കുന്നത്. മോഫിയയുടെ ഉമ്മ ഇന്ന് രാവിലെ സമരസ്ഥലത്തെത്തി നേതാക്കള്‍ക്ക് പിന്തുണ നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























