ബൈക്കപകടത്തില്‍ 17കാരന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് പതിനേഴുകാരന് ദാരുണാന്ത്യം. അങ്കമാലി തുറവൂര്‍ ഉതുപ്പുകവല മേനാച്ചേരി വീട്ടില്‍ എല്‍ദോയുടെ മകന്‍ ഷോണാണ് (17) മരിച്ചത്.
ഷോണ്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ച തുറവൂര്‍ ചുണ്ടനായി വീട്ടില്‍ ജിതിന് (18) ഗുരുതരമായി പരിക്കേറ്റു. ഇയാളെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്യാഹിതവിഭാഗത്തിലാണ് ജിതിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
വ്യാഴാഴ്ച വൈകീട്ട് 5.45ന് തുറവൂര്‍-മഞ്ഞപ്ര റോഡില്‍ കോഴികുളത്തിന് സമീപം ആണ് അപകടം നടന്നത്. ഷോണിന്‍റെ വീട്ടില്‍ നിന്ന് ഏകദേശം 300 മീറ്റര്‍ മാറിയായിരുന്നു അപകടം. ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷോണിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. തലയിടിച്ച് വീണതാണ് മരണകാരണമായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മരിച്ച ഷോണ്‍ അങ്കമാലി ഡീപോള്‍ സ്‌കൂളിലെ പ്ലസ്വണ് വിദ്യാര്‍ഥിയാണ്. മാതാവ്: സിബി. സഹോദരന്‍: ഡോണ്‍. മൃതദേഹം അങ്കമാലി എല്‍. എഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha
























