മീന്‍പിടിത്ത വള്ളത്തിന്റെ ഡ്രൈവര്‍ അറസ്റ്റില്‍

യാത്രാബോട്ടില്‍ മീന്‍പിടിത്ത വള്ളമിടിച്ച് ആറുപേര്‍ മരിച്ച സംഭവത്തില്‍ ബെസലേല്‍ വള്ളത്തിന്റെ സ്രാങ്ക് കണ്ണമാലി സ്വദേശി ഷിജുവിനെ (48) ഫോര്‍ട്ട്‌കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തെക്കുറിച്ചു സര്‍ക്കാര്‍ തലത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അപകടസ്ഥലം സന്ദര്‍ശിച്ച മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
നാടിനെ നടുക്കിയാണ് ദുരന്ത വാര്‍ത്ത എത്തിയത്. ഫോര്‍ട്ട്‌കൊച്ചിയില്‍ ബോട്ട് അപകടത്തില്‍പ്പെട്ടെന്നറിഞ്ഞ് പാഞ്ഞെത്തിയവരില്‍ വിദേശികളും നാട്ടുകാരും ഉണ്ടായിരുന്നു. ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതു നാട്ടുകാര്‍ തന്നെ. വള്ളവും ബോട്ടുമായി മല്‍സ്യതൊഴിലാളികളും നാട്ടുകാരും തിരച്ചിലിനു മുന്നിട്ടിറങ്ങി. അപകടം നടന്ന് ഇരുപതാം മിനിറ്റില്‍ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ രണ്ട് സ്പീഡ് ബോട്ടുകളില്‍ സ്ഥലത്തെത്തിയതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു വേഗം കൂടി.
പൊലീസിനും അഗ്‌നിശമനസേനാംഗങ്ങള്‍ക്കുമൊപ്പം നാവികസേനാംഗങ്ങളും തീരസേനയും മറൈന്‍ പൊലീസുമെല്ലാം ഒരുമിച്ചതോടെയാണ് അപകടത്തില്‍പ്പെട്ടവരെ വേഗത്തില്‍ കണ്ടെത്താന്‍ സാധിച്ചത്. ഐഎന്‍എസ് വെണ്ടുരുത്തിയിലെ കമാന്‍ഡ് ക്ലിയറന്‍സ് ഡൈവിങ് ടീം (സിസിഡിടി) അംഗങ്ങളായ പന്ത്രണ്ടു പേര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ആദ്യന്തം ഉണ്ടായിരുന്നു. അപകടത്തില്‍പ്പെട്ട ബോട്ടിലെ പുരുഷന്മാര്‍ പലരും നീന്തി കരയ്‌ക്കെത്തി. എത്രപേര്‍ ബോട്ടിലുണ്ടെന്ന വിവരം കൃത്യമായി അറിയാത്തതിനാല്‍ സംശയങ്ങള്‍ പരന്നു. ഈ ഭാഗത്തെ കായലിന്റെ ആഴവും ശക്തമായ ഒഴുക്കുമെല്ലാം മരണം ഉയര്‍ത്തിയേക്കാമെന്ന ആശങ്കയും ഉണ്ടായി.
കപ്പല്‍ ചാലില്‍ ഒന്നാം ബോയയ്ക്കു സമീപം സംശയകരമായി എന്തോ കണ്ടെന്ന വിവരം ലഭിച്ചതോടെ സ്പീഡ് ബോട്ടുകള്‍ അവിടേക്കു കുതിച്ചു. ബോട്ടിന്റെ ഇളകി തെറിച്ച അവശിഷ്ടമായിരുന്നു അത്. ഇതിനിടെ ഐഎന്‍എസ് ദ്രോണാചാര്യയില്‍ നിന്നുള്ള ലഫ്. കമാന്‍ഡര്‍ ഡോ. എ. സതീശിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം സ്ഥലത്തെത്തി. ഒപ്പം ഐഎന്‍എസ് സഞ്ജീവനിയിലെ ക്രിട്ടിക്കല്‍ കെയര്‍ വാനും. വൈകാതെ നാവികസേനയുടെ ഹെലികോപ്റ്റര്‍ സ്ഥലത്തെത്തി മണിക്കൂറുകളോളം ആകാശ നിരീക്ഷണം നടത്തി. 1.50ന് ആണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. മൂന്നരയോടെ അവസാന മൃതദേഹവും കണ്ടെത്തി.
അതിനിടെ മുങ്ങിയ ബോട്ട് കരയ്ക്കടുപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. വലിയ വടം കെട്ടി കരയിലേക്ക് ഇട്ടുകൊടുത്താണു ബോട്ട് ഉയര്‍ത്താന്‍ നോക്കിയത്. ആദ്യശ്രമത്തില്‍ ബോട്ട് അല്‍പ്പം മുന്നോട്ടുവന്നെങ്കിലും വടം പൊട്ടി. വീണ്ടും വടം കെട്ടിവലിച്ചപ്പോഴാണ് ബോട്ടിനുള്ളില്‍ കുരുങ്ങി കിടന്ന നിലയില്‍ രണ്ടു സ്ത്രീകളുടെ മൃതദേഹം ലഭിച്ചത്. പിന്നീടു കോസ്റ്റ് ഗാര്‍ഡിന്റെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന പ്ലാറ്റ്‌ഫോം ക്രെയിന്‍ ഉപയോഗിച്ചാണു ബോട്ട് ഉയര്‍ത്തിയത്.
മറൈന്‍ പൊലീസ്, കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ്, ടൂറിസം പൊലീസ് എന്നിവയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, എസ്. ശര്‍മ, എഡിജിപി മുഹമ്മദ് യാസിന്‍, കലക്ടര്‍ എം.ജി. രാജമാണിക്യം, സിറ്റി പൊലീസ് കമ്മിഷണര്‍ കെ.ജി. ജയിംസ്, നേവല്‍ ഓഫിസര്‍ ഇന്‍ചാര്‍ജ് (കേരള) ക്യാപ്റ്റന്‍ വര്‍ഗീസ് മാത്യു, ഐഎന്‍എസ് ദ്രോണാചാര്യയിലെ ക്യാപ്റ്റന്‍ സതീഷ് ഷേണായി തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























