ഫോര്‍ട്ട് കൊച്ചി ബോട്ടപകടം: ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം ഏഴായി, തിരച്ചില്‍ തുടരുന്നു

ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തില്‍ കാണാതായ സ്ത്രീകളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മഹാരാജാസ് കോളജ് വിദ്യാര്‍ഥിനി സുജിഷയുടെ മൃതദേഹമാണ് ചെല്ലാനത്തു നിന്നും കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. സുജിഷയുടെ അമ്മ സിന്ധുവും അപകടത്തില്‍ മരിച്ചിരുന്നു. കാണാതായ കുമ്പളങ്ങി സ്വദേശി ഫൗസിയയ്ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ ഫോര്‍ട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 20 പേരെ രക്ഷിച്ച് കരുവേലിപ്പടി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
ഫോര്‍ട്ട്‌കൊച്ചി ബോട്ട് ജെട്ടിയില്‍ നിന്ന് 100 മീറ്ററോളം അകലെയാണ് ബോട്ട് മുങ്ങിയത്. വൈപ്പിന്‍ ഭാഗത്തു നിന്നു വന്ന മല്‍സ്യബന്ധന ബോട്ടുമായാണ് കൂട്ടിയിടിച്ചത്. ബോട്ട് തലകീഴായി മറിഞ്ഞുപോവുകായിരുന്നുവെന്ന് നാട്ടുക്കാര്‍ പറഞ്ഞു. മൂന്ന് പതിറ്റാണ്ടേറെ കാലപ്പഴക്കമുള്ള ബോട്ടാണ് വൈപ്പിനില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള യാത്രാമദ്ധ്യേ അപകടത്തില്‍പ്പെട്ടത്. ബോട്ടിന്റെ കാലപ്പഴക്കം അപകടത്തിന്റെ തീവ്രത കൂട്ടാന്‍ കാരണമായിട്ടുണ്ടോ എന്നതിനെപ്പറ്റിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കൊച്ചിയില്‍ നിന്ന് ദിവസേന യാത്രക്കാരുമായി വൈപ്പിനിലേക്കും ഫോര്‍ട്ട് കൊച്ചിയിലേക്കും പോകുന്ന യാത്രാബോട്ടുകളിലെ കാലപ്പഴക്കത്തെപ്പറ്റി നിരന്തരം പരാതിയുള്ളതാണ്. അപകടത്തില്‍പ്പെട്ട എം വി ഹര്‍ഷ എന്ന ബോട്ടിന് 30 വര്‍ഷത്തിലേറെ കാലപ്പഴക്കമുണ്ട്. കൊച്ചി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഈ ബോട്ട് നടത്തിപ്പിനായി സ്വകാര്യ വ്യക്തികള്‍ക്ക് കരാര്‍ നല്‍കിയിരിക്കുകയാണ്. ഇവര്‍ തന്നെയാണ് ബോട്ടിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടതും. ഈ റൂട്ടില്‍ കഴിഞ്ഞ 12 വര്‍ഷമായി സര്‍വ്വീസ് നടത്തുന്ന ബോട്ടിന്റെ കരാറും ഫിറ്റ്‌നസും കഴിഞ്ഞ വര്‍ഷമാണ് പുതുക്കി നല്‍കിയതെന്ന് കൊച്ചി മേയര്‍ ടോണി ചമ്മണി അറിയിച്ചു . എന്നാല്‍ ബോട്ടിന്റെ അവസ്ഥയെക്കുറിച്ച് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























