ഇപ്പോഴിതാ വീണ്ടും... നടിയെ ആക്രമിച്ച കേസ് അവസാന ഘട്ടത്തിലെത്തി നില്‍ക്കേ ദിലീപിന് ഊരാക്കുടുക്കായി ഗൂഢാലോചനാ കേസ്; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വിധി വെള്ളിയാഴ്ചയറിയാം; വീണ്ടും അകത്ത് പോകാതിരിക്കാന്‍ മുന്നൊരുക്കം ശക്തം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് മറ്റൊരു വഴിത്തിരിവിലേക്ക് കടക്കുകയാണ്. കേസില്‍ ദിലീപിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ പുതിയൊരു കേസും ദിലീപിനെതിരെ പൊലീസ് ചുമത്തിക്കഴിഞ്ഞു.
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി ഹര്‍ജി കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യ വിസ്താരം തുടങ്ങുമ്പോള്‍ 19 അഭിഭാഷകകരാണ് ദിലീപിനായി അന്ന് ഹാജരായത്. പുതിയ സാഹചര്യത്തില്‍ പഴയ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.
നടിയെ ആക്രമിച്ച് അശ്‌ളീലദൃശ്യം പകര്‍ത്തിയ കേസില്‍ എറണാകുളം സി.ബി.ഐ കോടതിയിലാണ് സാക്ഷിവിസ്താരം നടന്നത്. മുഖ്യസാക്ഷിയും ഇരയുമായ നടിയെ വിസ്തരിക്കുന്ന നടപടികളാണ് നടന്നത്. ദിലീപ് ഉള്‍പ്പെടെ പത്തുപ്രതികളും ഹാജരായിരുന്നു. ഇരയുടെ സ്വകാര്യത കണക്കിലെടുത്ത് അടച്ചിട്ട കോടതി മുറിയിലാണ് വിചാരണ നടന്നത്.
ഇരയായ നടിയെ കോടതിയിലെത്തിച്ചതിന് തൊട്ടുപിന്നാലെ പള്‍സര്‍ സുനിയടക്കമുള്ള പ്രതികളെ ജയിലില്‍ നിന്നെത്തിച്ചു. തുടര്‍ന്ന് എട്ടാം പ്രതിയും നടനുമായ ദിലീപ് എത്തി. തുടര്‍ന്ന് പതിനൊന്നോടെ കോടതി നടപടികള്‍ ആരംഭിച്ചു. വൈകിട്ട് 4.35 നാണ് ആദ്യ ദിവസത്തെ സാക്ഷിവിസ്താരം അവസാനിച്ചത്. അടച്ചിട്ട കോടതി മുറിയില്‍പത്തു പ്രതികള്‍ക്കു വേണ്ടി 30 അഭിഭാഷകരാണ് ഹാജരായത്. ഇതില്‍ 19 പേര്‍ ദിലീപിനു വേണ്ടി ഹാജരായവരാണ്.
ജഡ്ജി, കോടതി സ്റ്റാഫ്, അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂട്ടര്‍, ഇര, പ്രതികള്‍, ഇവരുടെ അഭിഭാഷകര്‍ തുടങ്ങിയവര്‍ക്ക് മാത്രമാണ് കോടതിമുറിയില്‍ പ്രവേശനമുണ്ടായിരുന്നത്.
ആദ്യഘട്ട വിസ്താരത്തില്‍ ചലച്ചിത്ര താരങ്ങളടക്കം 136 സാക്ഷികളെ വിസ്തരിച്ചു. ആകെ 359 പേരുടെ സാക്ഷിപ്പട്ടിയാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിട്ടുള്ളത്. 161 രേഖകളും 250 തൊണ്ടിമുതലുകളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
2017 ഫെബ്രുവരി 17ന് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് ഷൂട്ടിംഗിനായി വരികയായിരുന്ന നടിയെ പ്രതികള്‍ ആക്രമിച്ച് അശ്‌ളീലദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. പള്‍സര്‍ സുനിയടക്കമുള്ള പ്രതികള്‍ നടന്‍ ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇതു ചെയ്തതെന്ന് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ദിലീപും പ്രതിയായത്.
ഈ കേസിന്റെ വിധി അന്തിമ ഘട്ടത്തിലായിരിക്കെയാണ് മറ്റൊരു ഗൂഢാലോചനാ കേസ് ഉയര്‍ന്നു വന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളായ നടന്‍ ദിലീപ്, സഹോദരന്‍ പി. ശിവകുമാര്‍ (അനൂപ്), സഹോദരി ഭര്‍ത്താവ് ടി.എന്‍.സൂരജ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വിഷയത്തില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് കേസെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ ദുര്‍ബലമാവുകയും തിരിച്ചടി ലഭിക്കുമെന്ന് വ്യക്തമാവുകയും ചെയ്തതോടെയാണ് ബൈജു പൗലോസ് തനിക്കും ബന്ധുക്കള്‍ക്കുമെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ബൈജു പൗലോസിനെതിരെ ദിലീപ് നല്‍കിയ കോടതിയലക്ഷ്യക്കേസില്‍ വിചാരണക്കോടതി നോട്ടീസ് ഉത്തരവായിരുന്നു. ഇതും പുതിയ കേസിനുള്ള പ്രേരണയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. അന്വേഷണോദ്യോഗസ്ഥന്‍ വിവരങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നുണ്ട്. ഇതു മാദ്ധ്യമ വിചാരണയ്ക്ക് വഴിയൊരുക്കും. പുതിയ കേസില്‍ തന്നെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കാനും പൊതുജനമദ്ധ്യത്തില്‍ അപമാനിക്കാനുമിടയുണ്ട്. ഈ സാഹചര്യത്തില്‍ അറസ്റ്റ് തടഞ്ഞ് മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
"
https://www.facebook.com/Malayalivartha
























