സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്. ഇ ഓഫിസ് വെര്‍ഷന്‍ മാറ്റുന്നതിന്റെ ഭാഗമായി ഇന്ന് (ഏപ്രില്‍ 10) രാത്രി 10 മുതല്‍ ഈ മാസം 15ന് രാവിലെ 10 മണിവരെ ഇ ഓഫിസ് പ്രവര്‍ത്തനം നിലയ്ക്കുമെന്നാണ് ഐടി വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത്.
എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഇ ഓഫിസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുള്ള ഐടി വകുപ്പിന്റെ തീരുമാനം വിവാദമാകുന്നു. കെയര്‍ ടേക്കര്‍ ഭരണം നിലനില്‍ക്കുമ്പോള്‍ സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം മരവിപ്പിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ രത്തന്‍ യു ഖേല്‍ക്കര്‍ക്ക് കത്ത് നല്‍കി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുപ്രധാന ഫയലുകള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഐടി വകുപ്പിന്റെ ധൃതിപിടിച്ചുള്ള നടപടിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഭരണസിരാ കേന്ദ്രത്തിലെ ഫയലുകള്‍ മാനുവലായി നോക്കി സുപ്രധാന ഫയലുകളില്‍ അട്ടിമറി നടത്തുന്നതിന്റെ ഭാഗമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എന്‍ജിഒ അസോസിയേഷന്‍ പ്രസിഡന്റ് എഎം ജാഫര്‍ഖാന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. സെക്രട്ടേറിയറ്റ് ഭരണം കെയര്‍ ടേക്കര്‍ അവസ്ഥയിലാണ്. ആ സാഹചര്യത്തില്‍ ഐടി വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹതയുെണ്ടന്നും ജാഫര്‍ഖാന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
സെക്രട്ടേറിയറ്റിലെ ഫയല്‍ നീക്കം വേഗത്തിലാക്കാനും സുതാര്യത ഉറപ്പാക്കാനും 2014ലാണ് ഇഓഫിസ് സംവിധാനം ആരംഭിച്ചത്. ഭൂരിഭാഗം വകുപ്പുകളും പൂര്‍ണമായും ഡിജിറ്റലായാണ് പ്രവര്‍ത്തിക്കുന്നത്. സാങ്കേതിക തകരാറുകള്‍ മൂലം ഇടയ്ക്കിടെ ഇ ഓഫിസ് സംവിധാനം സ്തംഭിക്കുന്നത് സെക്രട്ടേറിയേറ്റിന്റെ പ്രവര്‍ത്തനത്തെയും ഫയല്‍ നീക്കത്തെയും ബാധിക്കാറുണ്ട്. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ വികസിപ്പിച്ച ഇ ഓഫിസ് പോര്‍ട്ടലിലൂടെയാണ് ഫയലുകള്‍ ഡിജിറ്റലായി കൈകാര്യം ചെയ്യുന്നത്. ഇതിലൂടെ ജീവനക്കാര്‍ക്ക് ഫയലുകള്‍ പരിശോധിക്കാനും ഡിജിറ്റലായി ഒപ്പിടാനും തത്സ്ഥിതി അറിയാനും കഴിയും.
https://www.facebook.com/Malayalivartha























