എന്റെ അയ്യനെ കാണാന്‍... ശബരിമല മകരവിളക്കിനായി സന്നിധാനം ഒരുങ്ങി കഴിഞ്ഞു; മറ്റൊരു സീസണ്‍ അവസാനിക്കും മുമ്പ് മലകയറി ബോളിവുഡ് സൂപ്പര്‍ താരം അജയ് ദേവ്ഗണ്‍; ഹെലികോപ്ടറില്‍ എത്തി ഡോളിയില്‍ മലകയറി അയ്യപ്പനെ മതിവരുവോളം കണ്ടു

കോവിഡിനും പ്രളയത്തിനും ശേഷം മറ്റൊരു സമാധാനപരമായ ശബരിമല സീസണ്‍ അവസാനഘട്ടത്തിലാണ്. നാളെയാണ് മകരവിളക്ക്. അതേസമയം ബോളിവുഡ് സൂപ്പര്‍താരം അജയ് ദേവ്ഗണ്‍ ഇന്നലെ ശബരിമല ദര്‍ശനം നടത്തി. രാവിലെ ഒമ്പതു മണിയോടെ കൊച്ചിയില്‍ നിന്നും ഹെലികോപ്ടര്‍ മാര്‍ഗം നിലയ്ക്കലെത്തിയ താരം രാവിലെ പതിനൊന്നരയോടെയാണ് പതിനെട്ടാം പടി ചവിട്ടിയത്.
തന്ത്രി, മേല്‍ശാന്തി എന്നിവരെ കണ്ട് അനുഗ്രഹവും വാങ്ങി. മാളികപ്പുറം നടയിലടക്കം ദര്‍ശനം നടത്തി വഴിപാടുകളും പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു മടക്കം. ഇത് നാലാം തവണയാണ് അജയ് ദേവ്ഗണ്‍ സന്നിധാനത്ത് എത്തുന്നത്.
ഇന്നലെ രാവിലെ കൊച്ചിയിലെത്തിയ താരം ഹെലികോപ്റ്ററില്‍ നിലയ്ക്കലില്‍ ഇറങ്ങിയശേഷം അവിടെ നിന്ന് വാഹനമാര്‍ഗം പമ്പയിലെത്തുകയായിരുന്നു. തുടര്‍ന്ന് ഡോളിയിലാണ് മല കയറിയത്. സന്നിധാനത്ത് 11 മണിയോടെ എത്തിയ അജയ് ദേവഗണ്‍ അല്‍പ്പസമയം മരാമത്ത് കോംപ്‌ളക്‌സില്‍ വിശ്രമിച്ചശേഷം ഇരുമുടിക്കെട്ടുമായി 11.30 ഓടെ പതിനെട്ടാം പടികയറി അയ്യപ്പനെ ദര്‍ശിച്ചു. തുടര്‍ന്ന് മാളികപ്പുറത്തും ദര്‍ശനം പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് മുമ്പ് മടങ്ങി.
പതിനാല് പേരടങ്ങുന്ന സംഘത്തൊടൊപ്പമാണ് അദ്ദേഹം ദര്‍ശനം നടത്തിയത്. ആര്‍.എ.എഫ് കമാണ്ടോസ് ഉള്‍പ്പെടെയുള്ളവരുടെ കനത്ത സുരക്ഷയിലായിരുന്നു ദര്‍ശനം. ഇതിനിടയിലും ഫോട്ടോയെടുക്കാന്‍ ആരാധകര്‍ തിക്കിത്തിരക്കി. സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാര്യര്‍ അദ്ദേഹത്തെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ആദ്യമായാണ് അജയ് ദേവഗണ്‍ ശബരിമലയിലെത്തുന്നത്. തീര്‍ത്ഥാടകര്‍ തിരിച്ചറിയാതിരിക്കാന്‍ മുഖം മറച്ച് ഡോളിയിലായിരുന്നു മലകയറ്റവും ഇറക്കവും.
രാജമൗലി സംവിധാനം ചെയ്ത രുധിരം രണം രൗദ്രം, സഞ്ജയ്മാ ലീല ഭന്‍സാലിയുടെ ഗംഗുഭായ് കഠിയാവാഡി എന്നിവയാണ് അദ്ദേഹത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ചിത്രങ്ങളുടേയും റിലീസ് നിലവില്‍ മാറ്റിവെച്ചിരിക്കുകയാണ്. അമിതാഭ് ബച്ചന്‍ പ്രധാനവേഷത്തിലെത്തുന്ന റണ്‍വേ 34ന്റെ സംവിധായകനും അജയ് ദേവ്ഗണ്‍ തന്നെയാണ്.
ശബരിമല സന്നിധാനത്ത് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ അടങ്ങിയ പേടകങ്ങളുമായി പന്തളത്തുനിന്ന് ഘോഷയാത്ര ഇന്നലെ ആരംഭിച്ചു. പന്തളം രാജപ്രതിനിധി മൂലംനാള്‍ ശങ്കര്‍ വര്‍മ്മയുടെ നേതൃത്വത്തില്‍ ബുധന്‍ പകല്‍ ഒന്നിനാണ് വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍നിന്ന് യാത്ര പുറപ്പെട്ടത്. പന്തളം കൊട്ടാരത്തിലെ മുതിര്‍ന്ന പ്രതിനിധി രേവതി നാള്‍ പി രാമവര്‍മ്മ രാജ ഉടവാളുമായി ആദ്യം യാത്ര പുറപ്പെട്ടു. പിന്നാലെ ഗുരുസ്വാമി കളത്തിനാലില്‍ ഗംഗാധരന്‍പിള്ള തിരുമുഖമടങ്ങുന്ന പ്രധാന പേടകം ശ്രീകോവിലിനു പുറത്തെത്തിച്ചതോടെ ഘോഷയാത്ര ആരംഭിച്ചു.
30 അംഗ സായുധ പൊലീസ് സേനയും ബോംബ് സ്‌ക്വാഡും സുരക്ഷയൊരുക്കി ഘോഷയാത്രയെ അനുഗമിക്കുന്നു. ബുധന്‍ രാത്രി സംഘം അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തില്‍ വിശ്രമിച്ചു. വ്യാഴം പകല്‍ യാത്രയ്ക്കുശേഷം ളാഹയില്‍ വനംവകുപ്പിന്റെ സത്രത്തില്‍ വിശ്രമിക്കും. മകരവിളക്ക് ദിനമായ 14ന് ഘോഷയാത്ര ശരംകുത്തിയിലെത്തുമ്പോള്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ സന്നിധാനത്തേക്ക് ആനയിക്കും.
നാളെയാണ് ശബരിമല മകരവിളക്ക് ഉത്സവം. ഉച്ചയ്ക്ക് 2.30 ന് മകര സംക്രമ പൂജയും 6.30 ഓടെ മകരവിളക്കും ഭക്തര്‍ക്ക് നാളെ ദര്‍ശിക്കാനാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദര്‍ശനമൊരുക്കാനുള്ള എല്ലാ ക്രമീകരണങ്ങളും സന്നിധാനത്ത് പൂര്‍ത്തിയായി. തിരുവാഭരണ ഘോഷയാത്ര നാളെ സന്നിധാനത്തെത്തും. മകര വിളക്ക് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് കര്‍ശന സുരക്ഷയാണ് സന്നിധാനത്ത് ദേവസ്വവും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























