എന്റെ വിഐപി ഇങ്ങനെയല്ല... അന്വേഷണം അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും പ്രതികള്‍ വിദേശത്തും ഗൂഢാലോചന നടത്തിയതായി അന്വേഷണ സംഘം; 2018, 2019 വര്‍ഷങ്ങളില്‍ ദിലീപ് നടത്തിയ ഖത്തര്‍ യാത്രകളുടെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിക്കും; ഞാനല്ല വിഐപി എന്ന് പറഞ്ഞ് കോട്ടയം മുതലാളി

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വീണ്ടും വഴിത്തിരിവുണ്ടാകുകയാണ്. കേസിന്റെ അന്വേഷണം അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും പ്രതികള്‍ വിദേശത്തും ഗൂഢാലോചന നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി.
2018 സെപ്റ്റംബര്‍ 20 മുതലും 2019 ഫെബ്രുവരി 13 മുതലും ഒരാഴ്ച വീതം എട്ടാം പ്രതി ദിലീപ് നടത്തിയ ഖത്തര്‍ യാത്രകളുടെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിക്കും. കേസ് വിചാരണ ആരംഭിച്ച ശേഷം ദിലീപുമായി അടുപ്പമുള്ള ഒരു വ്യവസായി നടത്തിയ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും.
രണ്ടു തവണയും കേസിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവു നേടിയാണു ദിലീപ് ഖത്തര്‍ യാത്ര നടത്തിയത്. ഈ സമയം ഖത്തറിലുള്ള മലയാളി വ്യവസായിയെ ദിലീപ് പലതവണ സന്ദര്‍ശിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രധാനപ്പെട്ട സാക്ഷികളുടെ കൂറുമാറ്റവുമായി ഇതിനു ബന്ധമുണ്ടോയെന്ന് അന്വേഷിക്കും. ദിലീപിനു ജാമ്യം ലഭിച്ച ഉടന്‍ 'വിഐപി' പരിവേഷമുള്ള ഒരു വ്യവസായി ദിലീപിന്റെ വീടു സന്ദര്‍ശിച്ചതായി സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴികളിലുണ്ട്.
നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് 2017 നവംബര്‍ 15നു വ്യവസായി ദിലീപിന്റെ വീട്ടിലെത്തി കൈമാറിയെന്നാണു പൊലീസ് അനുമാനം. ഇതു ശരിയെങ്കില്‍, കുറ്റകൃത്യം നടന്ന 2017 ഫെബ്രുവരി 17 നു മുഖ്യപ്രതി പള്‍സര്‍ സുനി മൊബൈലില്‍ ഷൂട്ട് ചെയ്ത ഈ രംഗങ്ങള്‍ പ്രവാസി വ്യവസായിയുടെ പക്കല്‍ എത്തിച്ചത് ആരാണെന്ന് കണ്ടെത്തേണ്ടതുണ്ട്. പള്‍സര്‍ സുനിയുടെ മൊഴിയനുസരിച്ചു കൊച്ചിയിലെ അഭിഭാഷകനെയാണ് ഈ ദൃശ്യങ്ങള്‍ ഏല്‍പിച്ചത്. ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്നാണ് അഭിഭാഷകന്റെ മൊഴി.
നടിയെ പീഡിപ്പിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചനയില്‍ പങ്കാളിയായതായി സംശയിക്കുന്ന 'വിഐപി' ക്കും അക്രമിക്കപ്പെട്ട നടിയോടു വ്യക്തിവിരോധമുണ്ടെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ഇതു സ്ഥിരീകരിക്കാന്‍ നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനുള്ള ആലോചനയിലാണ് പൊലീസ്.
ദിലീപ് കേസുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വാര്‍ത്തകളിലെ വിഐപി താനല്ലെന്നു പ്രവാസി വ്യവസായി കോട്ടയം താഴത്തങ്ങാടി പുത്തുക്കാട്ട് മെഹ്ബൂബ് പി. അബ്ദുല്ല ഇന്നലെ രംഗത്തെത്തിയത് ഏറെ കൗതുകമായി. ആരും ഒന്നും പറയാതിരിക്കെ ഈ വ്യവസായി താനല്ല വിഐപിയെന്ന് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു.
സംവിധായകന്‍ ബാലചന്ദ്രകുമാറിനെ അറിയില്ല. ദിലീപുമായി ബിസിനസ് ബന്ധം മാത്രമാണുള്ളത്. ദിലീപിന്റെ ഹോട്ടല്‍ സംരംഭമായ 'ദേ പുട്ടി'ന്റെ ഖത്തറിലെ ഒരു പങ്കാളിയാണ്. 3 വര്‍ഷം മുന്‍പു ദിലീപിന്റെ വീട്ടില്‍ പോയിട്ടുണ്ട്. ഹോട്ടല്‍ പങ്കാളികളായ രണ്ടു പേരും ഒപ്പമുണ്ടായിരുന്നു. ഖത്തറില്‍ ഹോട്ടല്‍ തുടങ്ങുന്നതിന്റെ ഭാഗമായാണു പോയത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇതുവരെ സംസാരിച്ചിട്ടില്ല. അത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ മാത്രമുള്ള വ്യക്തിബന്ധവുമില്ല.
അന്വേഷണ ഉദ്യോഗസ്ഥരാരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ദിലീപിന്റെ സഹോദരനെയും അറിയില്ല. എന്റെ പേര് കേസുമായി ബന്ധപ്പെട്ട് വരുന്നതെന്തുകൊണ്ടാണെന്ന് അറിയില്ല. ഡല്‍ഹിയിലുള്ള ഒരു സുഹൃത്ത് വഴിയാണ് എന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്നാണ് അറിവ്. നുണപരിശോധനയുള്‍പ്പെടെ അന്വേഷണവുമായി ഏതു തരത്തിലും സഹകരിക്കാന്‍ തയാറാണെന്നും മെഹ്ബൂബ് പറഞ്ഞു.
കോട്ടയം നഗരത്തിലെ ഹോട്ടല്‍ ഓര്‍ക്കിഡ് റസിഡന്‍സിയുടെ ഉടമയായ മെഹബൂബ് അബ്ദുല്ല 39 വര്‍ഷമായി ഖത്തറിലാണ്. ദിലീപിന്റെ വീടു സന്ദര്‍ശിച്ച വിഐപി മെഹ്ബൂബ് ആണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദരേഖയിലുള്ള വ്യക്തി സംസാരിക്കുന്നതിന്റെ സാംപിള്‍ പരിശോധന പൂര്‍ത്തിയാക്കാതെ നിഗമനങ്ങളിലെത്താനാവില്ലെന്നു പൊലീസ് വിശദീകരിക്കുന്നു.
https://www.facebook.com/Malayalivartha























