കോട്ടയം പാക്കിൽ കാരമ്മൂട് പള്ളിയിലെ ജീവനക്കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് കാരമ്മൂട് സ്വദേശിയായ ഭിന്നശേഷിക്കാരൻ

പാക്കിൽ കാരമ്മൂട് പള്ളിയിലെ ജീവനക്കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരമ്മൂട് സെന്റ് ജോർജ് ഓർത്തഡോക്‌സ് സെഖിയോൺ പള്ളിയിലെ ജീവനക്കാരനായ കൂടത്തിങ്കൽ റോയിയെ(60)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ പള്ളിയിൽ എത്തി മണിയടിച്ച ശേഷം തിരികെ വീട്ടിൽ മടങ്ങിയെത്തിയ റോയി, രണ്ടാം മണിയടിക്കുന്നതായി വീണ്ടും തിരികെ പോകുകയായിരുന്നു. ഇത്തരത്തിൽ മുന്നോട്ടു പോയ റോയി തിരികെ മടങ്ങി വീട്ടിലെത്തി. അൽപ സമയത്തിനു ശേഷം ഇദ്ദേഹത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കിണറ്റിൽ ചാടി ജീവനൊടുക്കിയതാണെന്നു സംശയിക്കുന്നതായി നാട്ടുകാരും ബന്ധുക്കളും പൊലീസിനു മൊഴി നൽകി.
തുടർന്നു, ബന്ധുക്കൾ വിവരം പഞ്ചായത്തംഗം സലിമിനെ വിവരമറിയിച്ചു. സ്ഥലത്ത് എത്തിയ ഇദ്ദേഹം വിവരമറിയിച്ചതോടെ ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. അവിവാഹിതമായ റോയി ഭിന്നശേഷിക്കാരനായിരുന്നു. തറവാട്ട് വീട്ടിൽ സഹോദരനും കുടുംബത്തിനുമൊപ്പമാണ് ഇദ്ദേഹം താമസിച്ചിരുന്നത്. കുറച്ച് നാളുകളായി ഇദ്ദേഹം അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
പള്ളിയിൽ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനവും ഭിന്നശേഷി പെൻഷനുമായിരുന്നു ഇദ്ദേഹത്തിന്റെ ഏക വരുമാനം. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്കു വിട്ടു നൽകും. സംസ്‌കാരം പിന്നീട്.
https://www.facebook.com/Malayalivartha























