യുവ ഐഎഎസ് ആഫീസര്‍ക്ക് അഭിനന്ദനങ്ങള്‍.. ഒപ്പം വിഷപ്പൊടികള്‍ വാങ്ങുന്നവര്‍ക്ക് സൗജന്യ കിഡ്ണി കരള്‍ ക്യാന്‍സര്‍ രോഗങ്ങളും

നിയമാനുസൃതമായ പറ്റിക്കല്‍ ആണ് പരസ്യങ്ങള്‍ എങ്കിലും ആളുകള്‍ക്ക് മുഴുവന്‍ വിഷം നല്‍കിയിട്ടുതന്നെ വേണോ കച്ചവടം. നിറപറക്കെതിരെ നടപടിയെടുത്ത സംഭവത്തിലെ കൈയ്യടി അനുപമ ഐഎഎസിന് സ്വന്തം. നല്ല, ശുദ്ധ തുടങ്ങിയ വാക്കുകള്‍ പരസ്യത്തില്‍ മാത്രം പറഞ്ഞ് ആളുകളെ മയക്കി കൊടും വിഷം തീറ്റിക്കുന്ന താരങ്ങളോ അതോ യാതൊരു ഭീഷണിക്കും പ്രലോഭനത്തിനും മുമ്പില്‍ മുട്ടുമടക്കാതെ വിഷം തീറ്റിക്കുന്ന പരിപാടി നടപ്പില്ലെന്ന് നിലപാടെടുത്ത ഈ ധീര വനിതയോ താരം. ഈ നടപടി ഇത്ര വലിയ കാര്യമാണോ എന്ന് പറഞ്ഞ് ഒഴിയാന്‍ വരട്ടെ.
മലയാളികളെ പച്ചക്കറികളിലൂടെ വിഷം തീറ്റിച്ച തമിഴ്‌നാടിനെതിരെ ശക്തമായ നിലപാടെടുത്ത്
യുവ ഐഎഎസ് ഓഫീസറും ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണറുമായ ടിവി അനുപമയുടെ ധീരമായ തീരുമാനമാണ് നിറപറക്കെതിരെയുള്ള നടപടിയും. വമ്പന്‍മാര്‍ക്കെതിരെ നടപടികള്‍ ആലോചിക്കുന്നതിനുമുമ്പു തന്നെ ഭീഷണിയും പ്രലോഭനങ്ങളും എല്ലാ കോണുകളില്‍ നിന്നും എത്തും. അതിനെ അതിജീവിക്കുക ചെറിയ കാര്യമല്ല.
നിറപറയുടെ കറിപ്പൊടികളിലെ മൂന്ന് ബ്രാന്‍ഡില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് വിപണിയില്‍ നിരോധനവും ഏര്‍പ്പെടുത്തി. നിറപറയുടെ മഞ്ഞള്‍ പൊടി, മല്ലി പൊടി, മുളക് പൊടി എന്നിവയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചിരിക്കുന്നതെന്ന് കമ്മീഷ്ണര്‍ ടി.വി. അനുപമ ഐഎഎസ് അറിയിച്ചു.
നിറപറയുടെ ഉത്പന്നങ്ങളില്‍ സ്റ്റാര്‍ച്ച് (അന്നജം) സാന്നിദ്ധ്യം കണ്ടെത്തിയയതാണ് കറിപ്പൊടികളില്‍ കമ്പനിയുടെ കള്ളത്തരത്തെ പൊളിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിയമ പ്രകാരം കറി പൗഡറുകളില്‍ സ്റ്റാര്‍ച്ച് സാന്നിദ്ധ്യം ഉണ്ടാകാന്‍ പാടില്ല. എന്നാല്‍, നിറപറയുടെ മൂന്ന് ഉത്പന്നങ്ങള്‍ നിരവധി തവണ പരിശോധിച്ചപ്പോഴും അതില്‍ 15 മുതല്‍ 70 ശതമാനം വരെ സ്റ്റാര്‍ച്ച് സാന്നിദ്ധ്യം കണ്ടെത്താന്‍ സാധിച്ചു.
കേരളത്തിലെ മൂന്നു ലാബുകളിലും സ്‌പൈസസ് ബോര്‍ഡിന്റെ പരിശോധനയിലുമാണ് നിറപറ ഉത്പന്നങ്ങളില്‍ മായമുണ്ടെന്ന് കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് ഉത്പന്നങ്ങള്‍ വിപണിയില്‍നിന്ന് തിരികെ വിളിക്കാനുള്ള നോട്ടീസ് കമ്പനിക്ക് നല്‍കിയതെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വ്യക്തമാക്കി.
മറ്റൊരു പ്രമുഖ ബ്രാന്‍ഡിനെതിരെയും വാര്‍ത്ത വന്നിരുന്നെങ്കിലും ക്രിത്യ സമയത്ത് അവ മുക്കിയതിനാല്‍ പുറത്തു വന്നില്ല.
മുന്‍പും നിരവധി തവണ നിറപറ ഉത്പന്നങ്ങളില്‍ സ്റ്റാര്‍ച്ച് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 34 കേസുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നിറപറയ്‌ക്കെതിരെ കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ആറ് തവണ കോടതി നിറപറയെ ശിക്ഷിച്ചു. എന്നാല്‍, അന്നൊക്കെ പിഴ ഒടുക്കി തടിയൂരുകയാണ് നിറപറ ചെയ്തതെന്നും അനുപമ അറിയിച്ചു. ഉത്പന്നത്തിലെ മായം നീക്കാനുള്ള നടപടി അവര്‍ കൈക്കൊണ്ടില്ലെന്നം ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
മൂന്നു തവണ അഞ്ച് ലക്ഷം രൂപ വീതവും, മൂന്ന് തവണ 25,000 രൂപ വീതവും പിഴയാണ് നിറപറ അടച്ചിട്ടുള്ളതെന്നും അനുപമ വ്യക്തമാക്കി. പരസ്യം നല്‍കി എല്ലാത്തിനെയും മറികടക്കാമെന്ന ഹുങ്ക് ആര്‍ക്കും നന്നല്ല.
കേരളത്തില്‍ കറി പൗഡര്‍ മേഖലയിലെ മായം പരസ്യമായ രഹസ്യമാണ്. അറിഞ്ഞുകൊണ്ടും ആളുകള്‍ ഇവ ഉപയോഗിക്കാനുള്ള കാര്യം തിരക്കേറിയ ലോകത്തെ സമയമില്ല എന്ന ന്യായം പറഞ്ഞാണ്. കിട്ണി, കരള്‍ ക്യാന്‍സര്‍ രോഗങ്ങളാണ് ഇവയെല്ലാം സംഭാവന ചെയ്യുന്നത്. മാരക രോഗങ്ങള്‍ക്ക് അടിപ്പെട്ട് പണവും സമയവും മുടക്കി ആശുപത്രി വരാന്തയില്‍ ഇരിക്കുമ്പോള്‍ ആലോചിക്കേണ്ട ഒന്നല്ല ഇത്.
ഇതോടൊപ്പം ചേര്‍ത്തുവെക്കേണ്ട ഒന്നാണ് ഈ വിഷയത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ സ്വീകരിക്കുന്ന അനങ്ങാപ്പാറ നയങ്ങള്‍. കോടികളുടെ വിറ്റുവരവുള്ള സ്ഥാപത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കാവ്യ മാധവനാണ്. താരങ്ങള്‍ക്ക് പണം മാത്രം മതിയല്ലോ. നിറപറയ്‌ക്കെതിരെ 34 തവണ നടപടി സ്വീകരിച്ചിട്ടും പരസ്യങ്ങളുടെ ബലത്തില്‍ ഇത് മാദ്ധ്യമങ്ങളില്‍ പോലും വാര്‍ത്തയായിരുന്നില്ലെന്ന കാര്യവും ഇതോടെ വെളിയില്‍ വരികയാണ്.
പരസ്യം തരുന്നവരെ എന്തു സംഭവിച്ചാലും പിണക്കില്ല എന്നും എന്തു വിഷം വിറ്റാലും പരസ്യത്തിലൂടെ ഞങ്ങള്‍ അതിന് കുടപിടിച്ചുകൊള്ളാം എന്ന നിലപാട് ജനങ്ങള്‍ തിരിച്ചറിയേണ്ടതു തന്നെയാണ്. ഇതിനു മുമ്പും നിറപറക്കെതിരെ വാര്‍ത്തകള്‍ നല്‍കാന്‍ ധീരത കാണിച്ചത് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ്. അപ്പോള്‍ കേസെന്ന ഓലപ്പാമ്പിനെക്കാണിച്ച് വിരട്ടുകയാണ് ചെയ്യാറ്. ഇന്നലെ ധീരമായി വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരില്‍ മറ്റൊരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഓഫീസില്‍ നടത്തിയ പരാക്രമങ്ങള്‍ അപലപനീയം തന്നെയാണ്.
വിഷക്കൂട്ടുകള്‍ വാങ്ങിക്കഴിച്ച് വലിയ അസുഖങ്ങള്‍ ഭാഷനാണെന്ന് കരുതുന്ന സമൂഹത്തില്‍ നടപടിയെടുത്തവരെ പുച്ഛിക്കുകകൂടി ചെയ്താലേ ശരിയാകൂ എന്നു ചിന്തിക്കുന്നവര്‍ ഒന്നോര്‍ക്കുക പരസ്യ വാചകങ്ങളില്‍ എല്ലാവര്‍ക്കും എല്ലാക്കാലവും എല്ലാവരെയും പറ്റിക്കാന്‍ കഴിയില്ല. ധീരമായ നടപടി എടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ എന്നും മുന്‍പന്തിയില്‍ ഉണ്ടാകും. ഈ സംഭവത്തില്‍ ആരാണ് താരമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ, വെറുതെയാണെങ്കിലും കസ്റ്റമറാണല്ലോ കിംഗ്.
ടീം മലയാളി വാര്‍ത്ത
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























