വീണ്ടും തെരുവുനായയുടെ ആക്രമണം: കുഞ്ഞിനെ തെരുവുനായ കടിച്ചുകീറി

വീടിന്റെ വരാന്തയിലിരുന്ന മൂന്നുവയസുകാരനെ അമ്മയുടെ കണ്‍മുന്നിലിട്ടു തെരുവുനായ് കടിച്ചുകീറി. തൃക്കാരിയൂര്‍ അമ്പോലിക്കാവു തൃക്കാരുകുടി രവീന്ദ്രന്‍നായരുടെ മകന്‍ ദേവനന്ദനാണു (അമ്പാടി) സാരമായ പരുക്കേറ്റത്. മുഖത്തും, തലയിലും കടിയേറ്റ കുട്ടിയെ അങ്കമാലി ലിറ്റില്‍ഫ്‌ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. വീടിന്റെ പിന്‍വശത്തെ വരാന്തയിലിരുത്തി കുട്ടിക്കു ചോറുകൊടുക്കുകയായിരുന്നു. ചോറെടുക്കുവാനായി അമ്മ അമ്പിളി അടുക്കളയിലേക്കു കയറിയപ്പോഴാണ് കുട്ടിയെ നായ് ആക്രമിച്ചത്. അമ്മയുടെ നിലവിളിച്ച കേട്ടെത്തിയ അയല്‍ക്കാരാണ് നായയെ അടിച്ചോടിച്ചത്.
ഇതിനകം കുട്ടിയുടെ മുഖം നായ് കടിച്ചുപറിച്ചു. കണ്ണിനു സമീപം ആഴത്തില്‍ മുറിവേറ്റ കുട്ടിയെ ആദ്യം കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. കണ്ണിലേക്കുള്ള ഞരമ്പിനു മുറിവേറ്റിട്ടുണ്ടെന്ന സംശയത്തിലാണ് അങ്കമാലി ആശുപത്രിയിലേക്കു കൊണ്ടുപോയത്.
കുട്ടിയുടെ ഇരു കണ്ണുകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. വലതുകണ്ണിനാണ് കൂടുതല്‍ ക്ഷതം. എത്ര ആഴത്തിലാണ് പരുക്കേറ്റതെന്നറിയാന്‍ കൂടുതല്‍ പരിശോധന നടത്തും. കുട്ടിക്ക് പേവിഷബാധക്കെതിരെയുള്ള കുത്തിവയ്പു നല്‍കി. ദേവനന്ദന് ശസ്ത്രക്രിയ വേണ്ടിവരും. അണുബാധയ്ക്കു സാധ്യത ഉള്ളതിനാല്‍ നായയുടെ കടിയേറ്റ മുറിവ് ഭേദമായ ശേഷമേ ശസ്ത്രക്രിയ നടത്തുകയുള്ളു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























