വാവയെ അത്രയ്ക്ക് സ്‌നേഹിക്കുന്നു... അതീവ ഗുരുതരാവസ്ഥയില്‍ നിന്നും വാവ സുരേഷ് തിരിച്ചുവരുന്നു; പ്രാര്‍ത്ഥനയും വഴിപാടുമായി ജനങ്ങള്‍; ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നടത്തിയതിന്റെ രസീതുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവച്ച് പലരും

വാവ സുരേഷ് (48) പാമ്പുകടിയേറ്റ് ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ പ്രാര്‍ഥനകളും വഴിപാടുകളും നടത്തി വരികയാണ് ഒരു വലിയ സമൂഹം. ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നടത്തിയതിന്റെ രസീതുകള്‍ പലരും സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവച്ചു. ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയാന്‍ കോട്ടയത്തുള്ള ബന്ധുക്കളെയും പരിചയക്കാരെയും നിരന്തരം വിളിച്ചവരുമുണ്ട്. എന്താണ് സംഭവിച്ചത് എന്നറിയാന്‍ കുറിച്ചിയിലെ വീട്ടുടമയെയും സമീപ വാസികളെയും വിളിച്ചവരും ഒട്ടേറെ.
അതേസമയം മൂര്‍ഖന്റെ കടിയേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതര നിലയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് ജീവിതത്തിലേക്കു തിരിച്ചുവരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ കഴിയുന്ന സുരേഷിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തുന്നുണ്ട്. ചോദ്യങ്ങള്‍ക്ക് പ്രതികരണം ലഭിക്കുന്നുണ്ട്. കൈകാലുകളിലെ പേശികളുടെ ശേഷി പൂര്‍ണമായും തിരിച്ചുകിട്ടിയിട്ടില്ല. ദ്രവരൂപത്തില്‍ ഭക്ഷണം നല്‍കുന്നുണ്ട്.
കുറിച്ചിയില്‍ വീട്ടുവളപ്പില്‍ കൂട്ടിയിട്ടിരുന്ന കരിങ്കല്ലുകള്‍ക്കിടയില്‍ നിന്നു പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ ചാക്കിലേക്കു കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് തിങ്കളാഴ്ച സുരേഷിന്റെ വലതുകാലിന്റെ തുടയില്‍ പാമ്പു കടിച്ചത്. കടിയേറ്റതോടെ പിടിവിട്ടു പോയ പാമ്പിനെ വീണ്ടും പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സുരേഷ് ആശുപത്രിയിലേക്കു പോയത്. കടിച്ച പാമ്പിനെ സുരേഷിന്റെ സഹായി തിരുവനന്തപുരത്തേക്കു കൊണ്ടുപോയി.
പാമ്പുകടിയേറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ സുരേഷിന് ഹൃദയാഘാതമുണ്ടായിരുന്നു. ഇതോടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് താഴ്ന്നു. ഇത് തലച്ചോറിന്റെയും ശരീരത്തിലെ പേശികളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. പാമ്പിന്റെ വിഷവും പേശികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
ഒരു ദിവസം കൂടി വെന്റിലേറ്റര്‍ സഹായം നല്‍കാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. വെന്റിലേറ്റര്‍ പൂര്‍ണമായും നീക്കിയ ശേഷം ആരോഗ്യനില വിലയിരുത്തിയാലേ അപകടാവസ്ഥ പൂര്‍ണമായും തരണം ചെയ്തുവെന്ന് പറയാന്‍ കഴിയൂ. മൂര്‍ഖന്റെ വിഷം നാഡീ വ്യവസ്ഥയെയാണ് ബാധിക്കുക. ഞരമ്പുകള്‍ ദുര്‍ബലമാകുകയും ചെയ്യും.
മൂര്‍ഖന്റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലായതിന് പുറമെ മരുന്നുകളോടും പ്രതികരിച്ചു തുടങ്ങി. കൈകാലുകള്‍ ചലനം വീണ്ടെടുത്തത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.
ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം സാധാരണനിലയില്‍ എത്തേണ്ടതുണ്ട്. കണ്ണുകള്‍ തുറന്നിട്ടില്ലെങ്കിലും ചോദ്യങ്ങളോട് തലയാട്ടി പ്രതികരിച്ചു തുടങ്ങി. വെള്ളം വേണോ, ദാഹിക്കുന്നുണ്ടോ എന്ന് ഡോക്ടര്‍ ചോദിക്കുമ്പോള്‍ വാവ സുരേഷ് തലയാട്ടി പ്രതികരിക്കുന്നുണ്ട്. മൂക്കില്‍ ട്യൂബ് ഉണ്ട്. അതുവഴി തരാമെന്ന് ഡോക്ടര്‍ പറഞ്ഞു. വെന്റിലേറ്ററില്‍ ആയതുകൊണ്ടാണ് സംസാരിക്കാന്‍ കഴിയാത്തതെന്നും ഡോക്ടര്‍ വാവ സുരേഷിനോട് പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ടി.കെ.ജയകുമാറിന്റെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാരാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്. ഹൃദ്രോഗ വിഭാഗം മേധാവി ഡോ. വി.എന്‍. ജയപ്രകാശ്, മെഡിസിന്‍ വിഭാഗം മേധാവി ഡോ. സംഗമിത്ര, തീവ്രപരിചരണ വിഭാഗം ഡപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ്‌കുമാര്‍, ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. പി.കെ, ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്. സുരേഷിന്റെ സഹോദരന്‍ സത്യദേവന്‍, സഹോദരി ലാലി, സുഹൃത്തുക്കള്‍ എന്നിവരും ആശുപത്രിയില്‍ ഉണ്ട്.
"
https://www.facebook.com/Malayalivartha






















