എന്തോന്ന് ഗ്രൂപ്പിലിട്ടെന്നാ... സ്വപ്ന സുരേഷ് തീര്‍ത്ത മാസ്മരിക പകലിലെ ഒരു ഭാഗം വാര്‍ത്ത സൃഷ്ടിക്കാന്‍ നോക്കി ബാലചന്ദ്ര കുമാര്‍; തിങ്കളാഴ്ച നല്ല ദിവസം നോക്കാതെ ശനിയാഴ്ച ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടു; മുന്‍കൂര്‍ ജാമ്യത്തിന് മുമ്പ് പരമാവധി ദിലീപിനെ നാറ്റിക്കാന്‍ നോക്കി; തക്ക മറുപടിയുമായി ദിലീപ്

സ്വപ്ന സുരേഷിന്റേതായിരുന്നു ഇന്നലത്തെ പകല്‍. അതിനിടെയാണ് ദിലീപിന്റെ സ്വന്തം ബാലചന്ദ്രകുമാറെന്ന ബാലു എത്തിയത്. കൂടെപ്പിറപ്പെന്നു കരുതി വീട്ടില്‍കയറ്റി രഹസ്യം പറയുന്നിടത്തുപോലും നിര്‍ത്തി. പുള്ളിയാകട്ടെ ആരാരുമറിയാതെ റെക്കോര്‍ഡ് ചെയ്ത് പകയോടെ വര്‍ഷങ്ങളോളം കാത്തിരുന്നു. തരം കിട്ടിയപ്പോള്‍ പോലീസിന് നല്‍കി. പിന്നാലെ ഇന്നലെയത് മാധ്യമങ്ങള്‍ക്കും ചോര്‍ത്തി നല്‍കി. എന്താണ് ദിലീപും ബാലചന്ദ്രകുമാറും തമ്മിലുള്ള ഇത്രയും വലിയ പകയെന്ന് അവര്‍ക്ക് മാത്രമേ അറിയൂ.
എന്തായാലും ദിലീപ് എല്ലാത്തിനും മറുപടിയുമായെത്തി. ഹൈക്കോടതിയില്‍ രേഖാമൂലം നല്‍കിയ വാദത്തിലാണ് തനിക്ക് പറയാനുള്ളത് പറഞ്ഞത്. ശബ്ദം അനുകരിക്കുന്നവരുടെ സഹായത്തോടെ കെട്ടിച്ചമച്ചതാണ് തങ്ങള്‍ക്കെതിരെ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളെന്ന് ദിലീപ് വ്യക്തമാക്കി.
ഓഡിയോ ക്ലിപ്പുകള്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡിങ്ങുകള്‍ അല്ല, ആത്മഗതത്തിന്റെ തെളിയിക്കാനാവാത്ത ശകലങ്ങളാണ്. ബാലചന്ദ്രകുമാറിന്റെ അവകാശവാദങ്ങള്‍ അംഗീകരിച്ചാല്‍ ത്തന്നെ ഗൂഢാലോചന, പ്രേരണക്കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി.
ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജസ്റ്റിസ് പി. ഗോപിനാഥ് നാളെ വിധി പറയാനിരിക്കെയാണ് വാദങ്ങള്‍ രേഖാമൂലം നല്‍കിയത്. വാദങ്ങള്‍ രേഖാമൂലമുണ്ടെങ്കില്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. വെള്ളിയാഴ്ച പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയാക്കി.
ചോദ്യം ചെയ്യുമ്പോള്‍ കേള്‍പ്പിച്ച ശബ്ദ രേഖകളില്‍ ഒന്നു മാത്രമാണ് ശരിവച്ചത്. അതു ദിലീപും അഭിഭാഷകനും തമ്മിലുള്ള സംഭാഷണമാണ്. മറ്റുള്ളവ സംഭാഷണത്തിന്റെ റെക്കോര്‍ഡിങ് അല്ല, ഒരാള്‍ പറയുന്നതിന്റെ ശകലങ്ങളാണ്. ഉപകരണം മാത്രമല്ല, ശബ്ദം അനുകരിക്കുന്നവരെയും ഉപയോഗിച്ചു കെട്ടിച്ചമച്ചതാണെന്നാണു പൊലീസ് സ്‌റ്റേഷന്റെ നിയന്ത്രിതമായ സാഹചര്യത്തില്‍ സംഭാഷണം കേള്‍പ്പിച്ചപ്പോള്‍ തോന്നിയത്. ഇക്കാര്യം ഓഡിയോ ക്ലിപ്പുകളുടെ പകര്‍പ്പ് ലഭിച്ചാല്‍ സ്ഥാപിക്കാം.
ബാലചന്ദ്രകുമാറിന്റെ വാദം മുഴുവന്‍ മുഖവിലയ്ക്ക് എടുത്താല്‍പോലും ഗൂഢാലോചനാ കുറ്റത്തിന്റെ ഘടകങ്ങള്‍ ഇല്ല. ദിലീപിന്റേതെന്നു പറയുന്ന ആത്മഗതം മാത്രമാണു ഗൂഢാലോചന ആരോപണത്തിന്റെ അടിസ്ഥാനം. ദിലീപ് ഈ പ്രസ്താവന നൂറുതവണ പറഞ്ഞാലും നിര്‍ദേശം നല്‍കുകയോ, അതു മറ്റാരെങ്കിലും സ്വീകരിക്കുകയോ ചെയ്തില്ലെങ്കില്‍ ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ല.
എംജി റോഡിലെ ഫ്‌ളാറ്റിലും ആലുവ പൊലീസ് ക്ലബ്ബിനു മുന്നിലുമുള്ള ഗൂഢാലോചന കേസുകള്‍ക്കു പിന്നില്‍ ബാലചന്ദ്രകുമാറിന്റെ ആരോപണം മാത്രമാണുള്ളത്. 'ഒരാളെ തട്ടാം എന്നു തീരുമാനിക്കുമ്പോള്‍ അതെപ്പോഴും ഒരു ഗ്രൂപ്പിലിട്ട് തട്ടിയേക്കണം' എന്ന വാക്കുകള്‍ ക്രിമിനല്‍ ഗൂഢാലോചനയുടെ തെളിവായാണു കാണിച്ചിരിക്കുന്നത്. ഇത് ഒരു ഗ്രൂപ്പിലെ ചര്‍ച്ചയായിട്ടാണെങ്കില്‍ മാത്രമേ പ്രസക്തിയുള്ളൂ. ചോദ്യം ചെയ്യുമ്പോള്‍ ദിലീപിനെ ഇതു കേള്‍പ്പിച്ചിട്ടില്ല. ഇങ്ങനെ പറഞ്ഞെന്നു ദിലീപ് അംഗീകരിച്ചിട്ടുമില്ല.
'ഒരു വര്‍ഷം ഒരു ലിസ്റ്റും ഉണ്ടാകരുത്, ഒരു റെക്കോര്‍ഡും ഉണ്ടാകരുത്. ഫോണ്‍ യൂസ് ചെയ്യരുത്' എന്ന വാക്കുകള്‍ ചോദ്യം ചെയ്യലില്‍ അനൂപിനെ കേള്‍പ്പിച്ചിട്ടില്ല. ഈ ശബ്ദം തന്റേതാണെന്ന് അനൂപ് അംഗീകരിച്ചിട്ടുമില്ല. ഇനി യഥാര്‍ഥ ശബ്ദ രേഖ തന്നെയാണെങ്കില്‍ പറഞ്ഞ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് മനസ്സിലാക്കേണ്ടത്.
ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാരിയരുടെ പേരിലുള്ള എംജി റോഡിലെ ഫ്‌ളാറ്റില്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. എന്നാല്‍ മഞ്ജുവിന് ഈ പേരില്‍ എംജി റോഡില്‍ ഫ്‌ളാറ്റില്ല. ദിലീപിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു അപ്പാര്‍ട്‌മെന്റിനെക്കുറിച്ചാണു പരാമര്‍ശമെന്നു തോന്നുന്നു. ഇത് ഒരു കാലത്തും മഞ്ജുവിന്റെ ഉടമസ്ഥതയില്‍ ആയിരുന്നില്ല. പരിശോധിച്ച് ഉറപ്പുവരുത്താതെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. തെറ്റായ കാര്യങ്ങള്‍ പറഞ്ഞു കുറ്റസമ്മതം നടത്താന്‍ അന്വേഷണ സംഘം നിര്‍ബന്ധിച്ചപ്പോഴാണ് ഇതുമായി സഹകരിക്കാനാവില്ലെന്നു പറഞ്ഞ് നിഷേധിച്ചത്. ഫോണുകള്‍ ആവശ്യപ്പെട്ടതു വ്യാജ തെളിവുണ്ടാക്കാനാണെന്നും ദിലീപ് ആരോപിച്ചു.
https://www.facebook.com/Malayalivartha
























