സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ കൂടി വരുന്നു!!! പാമ്പ് കടിയേൽക്കുന്നവർക്ക് ലഭിക്കുന്ന ചികിത്സ സഹായം നിലച്ചിട്ട് മൂന്ന് വർഷം; 10 വർഷത്തിനിടെ പാമ്പ് കടിച്ച് മരിച്ചത് 729 പേർ...

പാമ്പ് കടിയേറ്റാൽ ചികിത്സയ്ക്ക് 75000 രൂപ വരെ സർക്കാർ സഹായം ലഭിക്കുമെങ്കിലും ഇതിന്റെ വിതരണം നിലച്ചിട്ട് മൂന്ന് വർഷത്തോളമായി. പാമ്പ് കടിയേറ്റവർ ഉൾപ്പെടെ വന്യജീവി ആക്രമണത്തിന് ഇരകളായവർക്ക് വനംവകുപ്പ് നൽകി വരുന്ന സഹായധന വിതരണമാണ് മുടങ്ങിയിരിക്കുന്നത്. സഹായത്തിനായി നൽകിയ അപേക്ഷകളിൽ 2019 മുതലുള്ളവ വനം വകുപ്പിന് മുന്നിലുണ്ട്. ഈ ഇനത്തിൽ 9 കോടിയോളം രൂപ വിതരണം ചെയ്യാനുണ്ടെന്നാണ് വിവരം. ഫണ്ടില്ലാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ചികിത്സാ രേഖകളടക്കം വനം വകുപ്പിന്‍റെ വെബ്സൈറ്റിൽ അപേക്ഷിക്കുകയാണ് വേണ്ടത്. കണ്ണൂർ ജില്ലയിൽ മാത്രം രണ്ട് കോടി രൂപയോളം നൽകാനുണ്ട്. വന്യജീവി ആക്രമണത്തേക്കാൾ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ സംസ്ഥാനത്ത് കൂടി വരുകയാണ്.
10 വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 319 ആണ്. എന്നാൽ ഈ കാലയളവിൽ പാമ്പ് കടിയേറ്റ് മരിച്ചച്ചത് 729 ആണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് സഹായധനം വിതരണം ചെയ്യാനുള്ള ഫണ്ട് അനുവദിക്കണമെന്ന് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ധനവകുപ്പിനോട് അഭ്യർഥിച്ചിട്ടുണ്ട്. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനായി 5 വർഷം കൊണ്ട് വനം വകുപ്പ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയ്ക്ക് 620 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. കാട്ടാന ശല്യം തടയാൻ സൗരോർജ തൂക്കുവേലി കൂടുതൽ ഫലപ്രദമാകുന്നുണ്ടെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തൽ. ചെലവ് കുറഞ്ഞ അനുയോജ്യ മാർഗങ്ങൾ കണ്ടെത്താനും ശ്രമമുണ്ട്.
https://www.facebook.com/Malayalivartha
























