ലൈറ്റ് മെട്രോ പദ്ധതിക്ക് ലഭിച്ചത് ഭരണാനുമതി മാത്രം: ഡി.എം.ആര്‍.സി.ക്ക് എതിരെ വീണ്ടും ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതിക്ക് ലഭിച്ചത് ഭരണാനുമതി മാത്രം. ഉദ്യോഗസ്ഥരുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് പദ്ധതിയില്‍ ഡി.എം.ആര്‍.സി.യുടെ പങ്ക് എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. കണ്‍സള്‍ട്ടന്റ്, സമഗ്ര മൊബിലിറ്റി പ്ലാന്‍, ഫണ്ടിങ് എന്നിവയെക്കുറിച്ച് കേന്ദ്ര നഗരകാര്യമന്ത്രാലയത്തിന് നല്‍കുന്ന കത്തില്‍ വ്യക്തമാക്കണമെന്ന് ഇ.ശ്രീധരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എങ്കിലും അവ ഉള്‍പ്പെടുത്താതെയാണ് കത്ത് തയ്യാറാക്കുന്നത്. വെള്ളിയാഴ്ച കത്ത് നല്‍കും.
ഇക്കഴിഞ്ഞ മന്ത്രിസഭായോഗമാണ് ലൈറ്റ് മെട്രോ പദ്ധതിക്ക് ഭരണാനുമതി നല്‍കിയത്. കൊച്ചി മെട്രോ മാതൃകയില്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പദ്ധതിയില്‍ ഡി.എം.ആര്‍.സി.യുടെ പങ്കെന്തെന്ന് വ്യക്തമല്ല. പദ്ധതി ഡി.എം.ആര്‍.സി.യെ ഏല്പിക്കുന്നതിനെ എതിര്‍ക്കുന്ന ഉദ്യോഗസ്ഥര്‍തന്നെയാണ് ഇക്കുറിയും രംഗത്ത്. കൊച്ചി മെട്രോ മാതൃകയില്‍ പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പറയുന്നത് ധനസമാഹരണ മാര്‍ഗവുമായി ബന്ധപ്പെട്ടാണെന്നാണ് അവരുടെ വാദം. കൊച്ചി മെട്രോയില്‍ 60 ശതമാനം വായ്പയും 40 ശതമാനം കേന്ദ്രസംസ്ഥാന വിഹിതവുമാണ്. ഈ മാതൃക ലൈറ്റ് മെട്രോയ്ക്കും സ്വീകരിക്കുന്നതിനാണ് നീക്കം.
ഡി.എം.ആര്‍.സി.യും പണം ശേഖരിക്കാന്‍ ഈ മാര്‍ഗമാണ് നിര്‍ദേശിക്കുന്നത്. എന്നാല്‍, സാമ്പത്തികപ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പും ആസൂത്രണബോര്‍ഡും എതിര്‍ക്കുന്നതിനാലാണ് 85 ശതമാനം വായ്പ ലഭിക്കുന്ന ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സി(ജൈക്ക)യെ സമീപിക്കാന്‍ ശ്രീധരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് കേന്ദ്രസംസ്ഥാന വിഹിതം പദ്ധതിയുടെ 15 ശതമാനമേ വരൂ. വായ്പ ലഭിക്കുമെന്ന ഘട്ടത്തിലാണ് വീണ്ടും 60 ശതമാനം വായ്പയും 40 ശതമാനം കേന്ദ്രസംസ്ഥാന വിഹിതവുമുള്ള കൊച്ചി മെട്രോ മാതൃക മതിയെന്ന നിലപാട് ഉദ്യോഗസ്ഥര്‍ എടുക്കുന്നത്. പദ്ധതിയുടെ അനിവാര്യത ചൂണ്ടിക്കാട്ടാതെയുള്ള കത്താണ് ആദ്യം കേന്ദ്രത്തിന് സംസ്ഥാനസര്‍ക്കാര്‍ നല്കിയത്. സര്‍ക്കാരിന്റെ താല്പര്യമില്ലായ്മ വ്യക്തമാകുന്ന കത്തിനെതിരെ വ്യാപക വിമര്‍ശമുയര്‍ന്നപ്പോഴാണ് പുതിയ കത്ത് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍, പദ്ധതിക്ക് ഭരണാനുമതി നല്‍കിക്കൊണ്ടുള്ള തീരുമാനം മാത്രമാണ് ഈ കത്തില്‍ ഉള്‍ക്കൊള്ളിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























