44 വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാല പൂട്ടും

കേരളത്തിലേതടക്കം രാജ്യത്തെ എല്ലാ സര്‍വകലാശാലകളുടെയും അധികാരപരിധിക്കു പുറത്തുള്ള വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഉടന്‍ പൂട്ടാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യുജിസി) നിര്‍ദേശം നല്‍കി. ഇതിന്‍പ്രകാരം 44 കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ കാലിക്കറ്റ് സര്‍വകലാശാല തീരുമാനിച്ചതായി യുജിസി അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. ഖാദര്‍ മങ്ങാട്, സിന്‍ഡിക്കറ്റ് അംഗങ്ങളായ ടി.എന്‍. പ്രതാപന്‍ എംഎല്‍എ, രാജീവന്‍ മല്ലിശേരി എന്നിവര്‍ അറിയിച്ചു.
കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി അക്കാര്യം യുജിസിയെ 15 ദിവസത്തിനകം അറിയിക്കണം. യുജിസി ചെയര്‍മാന്‍ വേദ്പ്രകാശ്, സെക്രട്ടറി ജസ്പാല്‍ സന്ധു എന്നിവരുമായാണു സര്‍വകലാശാലാ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. കണ്ണൂര്‍ സര്‍വകലാശാലാ വിസി ഖാദര്‍ മങ്ങാടാണു കാലിക്കറ്റിന്റെയും ചുമതല വഹിക്കുന്നത്. സംസ്ഥാനത്തിനുള്ളിലും (24 കേന്ദ്രങ്ങള്‍) ഗള്‍ഫ് രാജ്യങ്ങളിലും (16) ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലുമുള്ള കേന്ദ്രങ്ങളാണു പൂട്ടുക. തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള 190 കേന്ദ്രങ്ങള്‍ തുടര്‍ന്നും നടത്തുന്നതിനു തടസ്സമില്ല.
യുജിസി , സര്‍വകലാശാലകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കുന്ന കര്‍ശന നടപടികളുടെ ഭാഗമായാണു നടപടി. വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളോ അധ്യാപകരോ ഇല്ലാതെയാണു രാജ്യത്തെ സര്‍വകലാശാലകള്‍ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നടത്തുന്നതെന്ന് അവര്‍ കണ്ടെത്തിയിയതിനെത്തുടര്‍ന്ന് മുന്‍പും നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഗൗരവപൂര്‍വം നടപടിയെടുക്കാന്‍ സര്‍വകലാശാലകള്‍ മുതിരാതിരുന്നതോടെയാണു കര്‍ശന നിര്‍ദേശമുണ്ടായത്.
കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ 1,80,000 വിദ്യാര്‍ഥികള്‍ വിവിധ കോഴ്‌സുകള്‍ പഠിക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളെ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കും. ഈ വര്‍ഷം പുതുതായി റജിസ്റ്റര്‍ ചെയ്തവര്‍ക്കു പഠനം തുടരാനാവില്ല. റഗുലര്‍ സ്വഭാവമില്ലാത്ത എല്ലാ കോഴ്‌സുകളും നിര്‍ത്തലാക്കും. വേണ്ടത്ര അധ്യാപകരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത കോഴ്‌സുകളും തുടരില്ല. യുജിസി നിഷ്‌കര്‍ഷിക്കുന്ന സത്യവാങ്മൂലം, അടച്ചുപൂട്ടിയ കേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍, ഇതുമായി ബന്ധപ്പെട്ടു സ്വീകരിക്കാനുദ്ദേശിക്കുന്ന മേല്‍നടപടികള്‍ എന്നിവയാണു 15 ദിവസത്തിനകം അറിയിക്കേണ്ടത്.
എല്ലാ സര്‍വകലാശാലകളെയും ബാധിക്കുന്ന പ്രശ്‌നമെന്ന നിലയ്ക്ക് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇടപെടേണ്ടതാണെന്നു ടി.എന്‍. പ്രതാപന്‍ അഭിപ്രായപ്പെട്ടു. മാറിയ സാഹചര്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ നിയമം ഭേദഗതി ചെയ്യുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടെന്നു ഖാദര്‍ മങ്ങാട് അറിയിച്ചു.
ഇതിനിടെ, കേരളത്തിനു പുറത്തുനിന്നുള്ള സര്‍വകലാശാലകള്‍ പുതിയ കോഴ്‌സുകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ പത്രങ്ങളില്‍ പരസ്യം പ്രത്യക്ഷപ്പെട്ടതും സര്‍വകലാശാലാ പ്രതിനിധികള്‍ യുജിസിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ നടത്തി വിദ്യാര്‍ഥികളെ കബളിപ്പിക്കുന്ന സര്‍വകലാശാലകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നായിരുന്നു പ്രതികരണം.
വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍: മറ്റു സര്‍വകലാശാലകളില്‍
കേരള സര്‍വകലാശാല: യുജിസി നിര്‍ദേശം അനുസരിച്ചു ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ സെന്ററുകളും ഡിപ്പാര്‍ട്ട്‌മെന്റും ലേണര്‍ സപ്പോര്‍ട്ട് സെന്ററുകളും നേരത്തേ പൂട്ടി. എന്നാല്‍ ലേണര്‍ സപ്പോര്‍ട്ട് സെന്ററുകള്‍ നടത്തുന്ന ഫ്രാഞ്ചൈസികള്‍ ഹൈക്കോടതിയില്‍നിന്നു സ്‌റ്റേ വാങ്ങി. പക്ഷേ സര്‍വകലാശാലയില്‍ ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ വകുപ്പ് ഇല്ലാത്തതിനാല്‍ ഇവര്‍ക്കു പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യമാണ്.
എംജി സര്‍വകലാശാല: വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 60,000 വിദ്യാര്‍ഥികള്‍ ഈ കേന്ദ്രങ്ങളില്‍ പഠിക്കുന്നു. എംജിയുടെ കീഴിലുള്ള ഓഫ് ക്യാംപസ് സെന്ററുകളെല്ലാം പൂട്ടി യുജിസിക്കു റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കണ്ണൂര്‍ സര്‍വകലാശാല: അധികാരപരിധിക്കു പുറത്തു കണ്ണൂര്‍ സര്‍വകലാശാലയ്ക്കു വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളില്ല. സര്‍വകലാശാലയുടെ അഞ്ചു കേന്ദ്രങ്ങളും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലുമായാണു സ്ഥിതി ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























