അമ്മയുടെ വിളിയോട് പ്രതികരിച്ച് സിദ്ധാര്‍ഥ് ഭരതന്‍, ആശ്വാസത്തോടെ ആരാധകര്‍

കാറപകടത്തില്‍ ഗുരു പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്ന നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു. ഇന്നലെ അമ്മയും നടിയുമായ കെപിഎസി ലളിതയുടെ വിളിക്ക് സിദ്ധാര്‍ഥ് പ്രതികരിച്ചുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത് നല്ലമാറ്റമാണന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മാത്രമല്ല വെന്റിലേറ്ററില്ലാതെ തനിയെ ശ്വസിക്കാന്‍ തുടങ്ങുകയും ചെയ്തു. പൂര്‍ണമായി വെന്റിലേറ്റര്‍ ഒഴിവാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.
ശരീരം മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥിന്റെ അവസ്ഥ കുറേ കൂടി മെച്ചപ്പെട്ടതിന് ശേഷമേ കാലിലേറ്റ പരിക്കിന് ശസ്ത്രക്രിയ നടത്താനാകൂ. തുടയെല്ലിന് മൂന്ന് പൊട്ടലുകളാണുള്ളത്. കൈയിലെ ആഴത്തിലുള്ള മുറിവിനും ശസ്ത്രക്രിയ വേണ്ടിവരും. തലയോട്ടിക്ക് പൊട്ടലുണ്ട്. അത് മരുന്നിലൂടെ തന്നെ ഭേദമാക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അടുത്ത 24 മണിക്കൂര്‍ കൂടി ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
തലയ്ക്കുള്ളിലെ പരിക്കിനെ തുടര്‍ന്ന് വീണ്ടും രക്തസ്രാവം ഉണ്ടാവുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് സിടി സ്‌കാനില്‍ വ്യക്തമായിരുന്നു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ന്യൂറോ സര്‍ജന്‍ ഡോ. സുധീഷ് കരുണാകരന്റെ മേല്‍നോട്ടത്തിലാണ് ചികിത്സ. അമ്മ കെപിഎസി ലളിതയും സഹോദരി ശ്രീക്കുട്ടിയും സിദ്ധാര്‍ത്ഥിന്റെ അടുത്ത സുഹൃത്തുക്കളും ആശുപത്രിയിലുണ്ട്. കഴിഞ്ഞ ദിവസം മമ്മൂട്ടി, ദിലീപ്, സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, ആഷിക് അബു തുടങ്ങിയവര്‍ സിദ്ധാര്‍ത്ഥിനെ സന്ദര്‍ശിച്ചിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെയാണ് കൊച്ചി വൈറ്റിലയ്ക്കു സമീപം തൈക്കൂടത്ത് സിദ്ധാര്‍ഥ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു കയറി അപകടമുണ്ടായത്. സംവിധായകനും നിര്‍മ്മാതാവുമായ അന്‍വര്‍ റഷീദിനൊപ്പം കൊച്ചിയിലെ ഫ്‌ലാറ്റില്‍ രാത്രി വൈകുംവരെ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം തൃപ്പൂണിത്തുറ പേട്ടയിലെ ഫ്‌ലാറ്റിലേക്കു മടങ്ങുമ്പോഴാണ് സിദ്ധാര്‍ഥിന്റെ കാര്‍ അപകടത്തില്‍പ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























