നെറ്റിന് തലസ്ഥാനത്ത് മിന്നല്‍വേഗം; ഇന്നു മുതല്‍ 4ജി

തിരുവനന്തപുരത്ത് ആദ്യമായി, ഇന്നു മുതല്‍ 4ജിയുടെ മിന്നല്‍ വേഗം. കൊച്ചിക്കും കോഴിക്കോടിനും പിന്നാലെ അതിവേഗ മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യവുമായി എത്തുന്നത് ഭാരതി എയര്‍ടെല്‍. തടസ്സങ്ങളില്ലാതെ ഹൈ ഡെഫിനിഷന്‍ വിഡിയോ സ്ട്രീമിങ്, അതിവേഗ അപ്‌ലോഡിങ്, സിനിമ, മ്യൂസിക്, ഇമേജ് എന്നിവയുടെ ഡൗണ്‍ലോഡിങ് തുടങ്ങിയവ 4ജിയിലൂടെ നടത്താം.
3ജിയെക്കാള്‍ പതിന്മടങ്ങു വേഗത്തിലാണ് 4ജിയിലൂടെയുള്ള ഡാറ്റ കൈമാറ്റം. എയര്‍ടെല്ലിനു പിന്നാലെ റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍ എന്നിവയും 4ജി എത്തിക്കാനുള്ള തയാറെടുപ്പുകളുടെ അവസാനഘട്ടത്തിലെത്തിക്കഴിഞ്ഞു. അടുത്ത മാസം ഒന്നു മുതല്‍ ബിഎസ്എന്‍എല്‍ തങ്ങളുടെ ബ്രോഡ്ബാന്‍ഡിന്റെ കുറഞ്ഞ വേഗം സെക്കന്‍ഡില്‍ രണ്ട് എംബിയാക്കി (ഇപ്പോഴുള്ളതിന്റെ നാലിരട്ടി) ഉയര്‍ത്തുന്നുമുണ്ട്. ഡാറ്റാ വേഗത്തില്‍ വിപ്ലവകരമായ മാറ്റങ്ങളുടെ കാലമാണ് ഇനി.
തിരുവനന്തപുരത്തെ നഗര പ്രദേശങ്ങളെ പരമാവധി പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് എയര്‍ടെല്ലിന്റെ 4ജി കവറേജ്. വടക്ക് കഴക്കൂട്ടം, ചന്തവിള വരെയും തെക്ക് കോവളം വരെയും കിഴക്ക് കൊടുങ്ങാനൂര്‍, വലിയവിള, ശാന്തിവിള എന്നിവിടങ്ങള്‍ വരെയും 4ജിയുടെ വേഗം ആസ്വദിക്കാം. അതു കഴിഞ്ഞാല്‍ സിം കാര്‍ഡ് 3ജിയിലേക്കു മാറും.
ഇന്റര്‍നെറ്റ് ഡാറ്റാ ഉപഭോക്താക്കളുടെ താവളമായ ടെക്‌നോപാര്‍ക്കിന്റെ മുക്കും മൂലയും 4ജിയുടെ പരിധിയില്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച ബ്ലോഗര്‍മാരെക്കൊണ്ട് വേഗവും കാര്യക്ഷമതയും വിലയിരുത്തിച്ച ശേഷമാണ് ഇന്നു മുതല്‍ എയര്‍ടെല്‍ 4ജി ജനങ്ങളിലെത്തുന്നത്. നിലവിലെ 2ജി, 3ജി ഉപഭോക്താക്കാള്‍ക്കു യാതൊരു ചെലവുമില്ലാതെ 4ജിലേക്കു മാറാം. 145 രൂപയാണു കുറഞ്ഞ 4ജി നിരക്ക്. എയര്‍ടെല്‍ സ്‌റ്റോറുകളില്‍ നിന്നു സിം കാര്‍ഡ് മാറ്റി വാങ്ങി 4ജി സൗകര്യമുള്ള മൊബൈല്‍ ഫോണില്‍ നിക്ഷേപിച്ച് ഉപയോഗിക്കാം.
3ജി പ്ലാനുകളുടെ നിരക്കു തന്നെയാണു 4ജിക്കും. എയര്‍ടെല്ലിന്റെ വെബ്‌സൈറ്റില്‍ സിംകാര്‍ഡ് മാറ്റുന്നതിനും പുതിയ സിം കാര്‍ഡ് വാങ്ങുന്നതിന് ഓര്‍ഡര്‍ ചെയ്താല്‍ വീട്ടിലെത്തിക്കുന്ന പദ്ധതിയുമുണ്ട്. 3ജി ഉയോഗിക്കുന്നവര്‍ 4ജിലിയേക്കു മാറുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്തെന്നാല്‍, മിന്നല്‍ വേഗത്തില്‍ ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമ്പോള്‍ അതേ വേഗത്തില്‍ നിങ്ങളുടെ പ്ലാനിലെ ഡാറ്റാപരിധിയും കഴിഞ്ഞുപോകാം. വേഗം കൂടുന്നുവെന്നു കരുതി കണ്ടതെല്ലാം വാരിവലിച്ചു ഡൗണ്‍ലോഡ് ചെയ്യരുത്, പണികിട്ടും. ആക്രാന്തം കാട്ടിയാല്‍ റീചാര്‍ജ് ചെയ്തു മുടിയുമെന്നു ചുരുക്കം.
രാജ്യത്തു മറ്റു പല സംസ്ഥാനങ്ങളിലും നടപ്പാക്കിയതിനെക്കാള്‍ മെച്ചപ്പെട്ട 4ജി സൗകര്യമാണു എയര്‍ടെല്‍ കേരളത്തില്‍ നല്‍കുന്നത്. അവിടങ്ങളില്‍ 1800 ബാന്‍ഡില്‍ മാത്രമാണു സേവനമെങ്കില്‍ ഇവിടെ 1800ലും 2300ലും 4ജി കിട്ടും. ഇവയില്‍ ഏതെങ്കിലും ഒരു ബാന്‍ഡ് മാത്രം കിട്ടുന്ന ഹാന്‍ഡ്‌സെറ്റ് ഉള്ളവര്‍ക്കും 4ജി വേഗം ആസ്വദിക്കാമെന്നു സാരം. ഒരു കാര്യം കൂടി, 4ജി ഉപയോഗിക്കാന്‍ 4ജി സൗകര്യമുള്ള മൊബൈല്‍ ഫോണ്‍ കൂടി വേണം. അതു മറക്കണ്ട.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























