ഐഎന്‍ടിയുസി നേതാവ് എ.കെ.മണി രാജിവച്ചു

പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും മുന്‍ എംഎല്‍എയുമായ എ.കെ.മണി സൗത്ത് ഇന്ത്യന്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐഎന്‍ടിയുസി) പ്രസിഡന്റ് സ്ഥാനം രാജിവച്ചു. മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ സ്ത്രീകള്‍ പൊരുതി നേടിയ സമര വിജയം വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്കു കളമൊരുക്കുന്നു. മണിയുടെ രാജി ഇതിന്റെ തുടക്കമാണെന്നാണു സൂചന. മണി രാജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉദുമല്‍പ്പേട്ട ഐഎന്‍ടി യുസി ഓഫീസിനു മുന്നില്‍ ധര്‍ണയാരംഭിച്ചു.
മൂന്നാറിലെ പ്രബലമായ മൂന്നു ട്രേഡ് യൂണിയനുകളായിരുന്നു ഇതുവരെയും തൊഴിലാളി പ്രശ്‌നങ്ങളില്‍ നേതൃത്വം വഹിച്ചിരുന്നത്. വലതുപക്ഷ പ്രസ്ഥാനമായ ഐഎന്‍ടിയുസി, ഇടതുപക്ഷ ട്രേഡ് യൂണിനുകളായ എഐടിയുസി, സിഐടിയു എന്നീ യൂണിയനുകള്‍ക്കു മാത്രമാണു കമ്പനിയുടെ മുമ്പില്‍ അംഗീകാരമുണ്ടായിരുന്നത്. നിലവിലെ തൊഴിലാളി യൂണിയനുകളിലുള്ള നേതൃത്വം പരിപൂര്‍ണമായും ഒഴിയാതെ ഈ പ്രസ്ഥാനങ്ങളുമായി യാതൊരുവിധ സഹകരണത്തിനുമില്ല എന്ന നിലപാട് തൊഴിലാളികളില്‍ വലിയൊരു വിഭാഗം തീരുമാനിച്ചു കഴിഞ്ഞു.
കഴിഞ്ഞ ഒമ്പതു ദിവസങ്ങളായി നടന്ന സമരത്തില്‍ ട്രേഡ് യൂണിയനും നേതാക്കളും നോക്കുകുത്തികളായി മാറിയതു രാഷ്ട്രീയ നേതൃത്വത്തിനു കുറച്ചൊന്നുമല്ല അങ്കലാപ്പ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ എന്തു സംഭവിക്കുമെന്നത് ഇടതു-വലതു പക്ഷ പ്രസ്ഥാനങ്ങളെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. കമ്പനിയുടെ ഇടനിലക്കാരായി നിന്നു കൊഴുത്ത നേതാക്കളെ ജനം തിരിച്ചറിഞ്ഞു വെളിച്ചത്തു കൊണ്ടുവന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ട്രേഡ് യൂണിയനുകള്‍ക്കും പിടിച്ചു നില്‍ക്കണമെങ്കില്‍ വന്‍ അഴിച്ചുപണിയും സമൂലം മാറ്റവും വരുത്തേണ്ട നിര്‍ബന്ധിത സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. തൊഴിലാളികളുടെ മനോധര്‍മ്മം ദേവികുളം നിയോജക മണ്ഡലത്തിന്റെ ഭാഗധേയം നിര്‍ണയിക്കുമെന്നതിനാല്‍ എല്ലാ മുന്നണികള്‍ക്കും ഇനിയുള്ള നാളുകള്‍ അതീവ പ്രാധാന്യം നിറഞ്ഞതായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























