കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ വിചാരണ കോടതി സമയം നീട്ടി ചോദിച്ച് അപേക്ഷ സമര്‍പ്പിച്ചു... വിചാരണയ്ക്ക് ആറ് മാസം കൂടി സമയം വേണമെന്നാണ് വിചാരണ കോടതിയുടെ ആവശ്യം..

കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ വിചാരണ കോടതി സമയം നീട്ടി ചോദിച്ച് അപേക്ഷ സമര്‍പ്പിച്ചു. വിചാരണയ്ക്ക് ആറ് മാസം കൂടി സമയം വേണമെന്നാണ് വിചാരണ കോടതിയുടെ ആവശ്യം. നേരത്തെ സുപ്രീംകോടതി അനുവദിച്ച സമയം ഫെബ്രുവരി പകുതിയോടെ അവസാനിച്ചിരുന്നു. ഈ വേളയില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളുകയാണ് ചെയ്തത്. വിചാരണയ്ക്ക് ആറ് മാസം കൂടി സമയം നീട്ടി നല്‍കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം ഉന്നയിക്കേണ്ടത് സര്‍ക്കാരല്ല, വിചാരണ കോടതിയാണ് എന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിചാരണയ്ക്ക് കൂടുതല്‍ സമയം വേണമെങ്കില്‍ വിചാരണ കോടതി ചോദിക്കട്ടെ, അപ്പോള്‍ തീരുമാനം എടുക്കാമെന്നും സുപ്രീംകോടതി നിലപാടെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വിചാരണ കോടതിയും സമാനമായ ആവശ്യം ഉന്നയിക്കുകയാണ്.
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണയ്ക്ക് ഇതുവരെ നാല് തവണ സുപ്രീംകോടതി സമയം നീട്ടി നല്‍കിയിരുന്നു. ഇനിയും നീട്ടി നല്‍കരുതെന്നും വേഗത്തില്‍ വിചാരണ തീര്‍ത്ത് വിധി പ്രസ്താവിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. വിചാരണ കോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ സുപ്രീംകോടതി മറിച്ചൊരു നിലപാട് എടുക്കാന്‍ സാധ്യത കുറവാണ്. കോടതിയുടെ ആവശ്യം പരിഗണിച്ചാല്‍ ആറ് മാസം കൂടി വിചാരണയ്ക്ക് സമയം ലഭിക്കും. ഇതോടെ കേസ് ആഗസ്റ്റ് വരെ നീളും. തുടരന്വേഷണം നടത്താന്‍ അന്വേഷണ സംഘത്തിന് ആവശ്യമായ സമയം ലഭിക്കും. എന്നാല്‍ തുടരന്വേഷണം എന്ന പേരില്‍ പുനരന്വേഷണമാണ് നടക്കുന്നത് എന്നാണ് ദിലീപിന്റെ വാദം. ഇത് അംഗീകരിക്കരുതെന്നും റദ്ദാക്കണമെന്നും ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ആക്രമിക്കപ്പെട്ട നടി ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
അന്വേഷണ സംഘത്തിനെതിരേ ദിലീപ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്, ചില സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചിട്ടുണ്ട്. തുടരന്വേഷണം നടക്കണമെന്ന ആവശ്യവുമുണ്ട്.... ഇക്കാര്യങ്ങളെല്ലാം വളരെ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സാധിക്കുന്നതല്ല. ഇതെല്ലാം പരിഗണിച്ചാണ് കൂടുതല്‍ സമയം വിചാരണ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ 210 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. 600ഓളം രേഖകള്‍ പരിശോധിച്ചു, 84 തൊണ്ടിസാധനങ്ങളുടെ പരിശോധന പൂര്‍ത്തിയായി. എങ്കിലും പല നടപടികള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. അതേസമയം തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇന്ന് സമർപ്പിച്ചേക്കും. വിചാരണ നടക്കുന്ന എറണാകുളം പ്രത്യേക സിബിഐ കോടതിയിലാണ് റിപ്പോർട്ട് സമർപ്പിക്കുക. മാർച്ച് ഒന്ന് വരെയാണ് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ക്രൈംബ്രാഞ്ചിന് വിചാരണാ കോടതി സമയം അനുവദിച്ചത്. എന്നാൽ അന്തിമ റിപ്പോർട്ട് വൈകാനാണ് സാധ്യത. ജനുവരി ആദ്യത്തിലാണ് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. ഫെബ്രുവരി 20 വരെ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ സമയം അനുവദിച്ചിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തിന് മൂന്ന് മാസം സമയം വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. മാര്‍ച്ച് ഒന്നിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം ഇന്ന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha

























