പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം

പുതുപ്പള്ളിയില്‍ 16 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 52,907 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ വീണ്ടും നിയമസഭയിലേക്ക് എത്തുന്നത്. മറ്റു സ്ഥാനാര്‍ത്ഥികള്‍ കോടികള്‍ പ്രചാരണത്തിനായി ചെലവഴിച്ചപ്പോള്‍, ചാണ്ടി ഉമ്മന്‍ തിരഞ്ഞെടുത്തത് തികച്ചും വ്യത്യസ്തമായ പാതയായിരുന്നു. ഫഌ്‌സുകളില്ല, കൊട്ടിക്കലാശമില്ല. പരിസ്ഥിതി സൗഹൃദമായ പ്രചാരണത്തിന് അദ്ദേഹം മുന്‍ഗണന നല്‍കി. സൈക്കിളില്‍ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്ന് വോട്ട് ചോദിച്ച രീതി ജനശ്രദ്ധയാകര്‍ഷിച്ചു. പ്രചാരണത്തിനായി മാറ്റിവച്ച തുക പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനായി ഉപയോഗിക്കുമെന്ന പ്രഖ്യാപനം വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തി.
ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് നടന്ന കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ 37,719 വോട്ടിനായിരുന്നു ചാണ്ടി ഉമ്മന്‍ ആദ്യമായി ജയിച്ചത്. 53 വര്‍ഷം പുതുപ്പള്ളി ഉമ്മന്‍ ചാണ്ടിക്കൊപ്പം നിന്ന ചരിത്രമുണ്ട്. എന്നാല്‍ ഇത്തവണ തന്റെ പിതാവിന്റെ റെക്കോര്‍ഡുകളെല്ലാം മറികടന്ന് ഭൂരിപക്ഷം അരലക്ഷം കടത്തി എന്നത് ചാണ്ടി ഉമ്മന്റെ വ്യക്തിപരമായ വിജയമായും വിലയിരുത്തപ്പെടുന്നു.
അഭിഭാഷക വൃത്തിയും പഠനവും കേരളത്തിന് പുറത്തായിരുന്നതിനാല്‍ തുടക്കത്തില്‍ മണ്ഡലത്തില്‍ അത്ര സുപരിചിതനായിരുന്നില്ല ചാണ്ടി. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം മണ്ഡലത്തിലെ ഓരോ മുക്കിലും മൂലയിലും നിറസാന്നിധ്യമായി മാറി ചാണ്ടി ഉമ്മന്‍.
https://www.facebook.com/Malayalivartha























