2015ലെ അഭയാർത്‌ഥികളെ സഹിക്കവയ്യാതെ അതിർത്തികൾ അടച്ച പാശ്‌ചാത്യ രാജ്യങ്ങൾ ഇപ്പോൾ യൂറോപ്യൻ യൂണിയനിലോ നാറ്റോയിലോ അംഗമല്ലാത്ത യുക്രൈനിലെ ജനങ്ങൾക്ക് സ്വാഗതഗാനം പാടുന്നത് അവർ കണ്ണാടി നോക്കുന്നത് കൊണ്ടാവാം.... ഡോ ഷിംനാ അസീസ് കുറിക്കുന്നു

റഷ്യ-യുക്രൈൻ യുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ നിർണായക കാഴ്ചകളിലൂടെയാണ് ഏവരും കടന്നുപോകുന്നത്. ഈ സമയത്തും ചാനൽ ചർച്ചകളിൽ വിടുവായത്തം പറയുന്നവർ ഏറെയാണ്. സത്യാവസ്ഥ എന്തെന്ന് പോലും അറിയാതെ പരസ്പരം ഞ്യായം പറയുന്നവർ. ഇവർക്കെതിരെ തുറന്നടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംനാ അസീസ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴും വർഗീയതയും വംശീയതയും പച്ചക്ക് തുറന്ന് പറയുകയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലെ തലതൊട്ടപ്പൻമാർ. റഷ്യ- യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട വാർത്തകൾക്കായി യൂറ്റ്യുബിൽ പിൻ ചെയ്ത വച്ച നല്ല ചാനലുകളിലൊന്നാണ് wion. മാധ്യമങ്ങളുടെ വംശീയത എണ്ണിയെണ്ണിക്കാണിക്കുന്ന ബൈറ്റുകൾ കഴിഞ്ഞ ദിവസം അവിടെ വന്ന റിപ്പോർട്ടിൽ കണ്ടു, ലിങ്ക് കമന്റിലുണ്ട്. മനുഷ്യർ ജീവൻ കൈയിൽ പിടിച്ച് പായുന്നേരവും ചിലരുടെ ചോരയിലോടുന്ന മനുഷ്യത്വവിരുദ്ധതയും വെറുപ്പും ഞെട്ടിക്കുന്നതാണ്.
ബിബിസിയിൽ ചർച്ചക്കായി വന്നിരിക്കുന്ന അതിഥിക്ക് ഇപ്പോൾ യുക്രൈനിലുള്ള സ്‌ഥിതി അതീവവൈകാരികമായി തോന്നുന്നത് അവർ തങ്ങളെപ്പോലെ സ്വർണത്തലമുടിയും നീലക്കണ്ണുകളും ഉള്ളവരായത് കൊണ്ടാണത്രേ! അമേരിക്കൻ ചാനലായ എൻബിസി ന്യൂസിൽ 'ഇവർ സിറിയക്കാരല്ല, നമ്മളെപ്പോലെ ക്രിസ്‌ത്യാനികളാണ്' എന്നാണ് പറയുന്നത്. എന്ന് വെച്ചാൽ സിറിയക്കാരും മുസ്‌ലിങ്ങളുമാണെങ്കിൽ ഇതൊക്കെ സ്വാഭാവികം മാത്രമാണെന്ന്. യു.എസിന്റെ തന്നെ ന്യൂസ് ചാനലായ സിബിഎസ് ന്യൂസിൽ പറയുന്നത് 'ഇറാഖും അഫ്‌ഗാനിസ്‌ഥാനുമായി താരതമ്യം ചെയ്‌താൽ യുക്രൈൻ സാംസ്‌കാരികമായി മെച്ചപ്പെട്ട യൂറോപ്യൻ രാഷ്‌ട്രമാണ്' എന്നാണ്. ഇറാഖിനെയും അഫ്‌ഗാനെയും തവിട് കൊടുത്ത് വാങ്ങിയതാണെന്നാണോ?
ഇത് പടിഞ്ഞാറൻ മാധ്യമങ്ങളുടെ കഥയാണെങ്കിൽ, ഖത്തറിലെ അൽജസീറ പറയുന്നത് 'മിഡിൽ ഈസ്‌റ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരല്ല ഇവർ, ഇവർ മധ്യവർഗക്കാരായ യൂറോപ്യൻമാരാണ്' എന്നാണ്. ആരും മോശമില്ല! 2015ലെ അഭയാർത്‌ഥികളെ സഹിക്കവയ്യാതെ അതിർത്തികൾ അടച്ച പാശ്‌ചാത്യ രാജ്യങ്ങൾ ഇപ്പോൾ യൂറോപ്യൻ യൂണിയനിലോ നാറ്റോയിലോ അംഗമല്ലാത്ത യുക്രൈനിലെ ജനങ്ങൾക്ക് സ്വാഗതഗാനം പാടുന്നത് അവർ കണ്ണാടി നോക്കുന്നത് കൊണ്ടാവാം. കിരീടത്തിലെ ഏറ്റവും വിലപിടിപ്പുള്ള തൂവലെന്നോണം ബൾഗേരിയയുടെ പ്രസിഡന്റ് മൊഴിഞ്ഞത് കൂടി പറഞ്ഞ് നിർത്താം - "ഈ വരുന്ന മനുഷ്യർ വിവരവും വിദ്യാഭ്യാസമുള്ളവരാണ്.
അല്ലാതെ മുൻകാലത്തെക്കുറിച്ച് യാതൊന്നുമറിയാത്ത, ഐഡൻറിറ്റിയറിയാത്ത, തീവ്രവാദികളാണോ എന്ന് പോലുമറിയാത്തവരല്ല." എങ്ങനെയുണ്ട്? എല്ലാ മനുഷ്യരും അവർക്കൊരു ആപത്ത് വരുമ്പോൾ അഭയവും സഹായങ്ങളും അർഹിക്കുന്നവരാണ്, കരുതലും ശ്രദ്ധയും അർഹിക്കുന്നവരാണ്. യുക്രൈനും അഫ്‌ഗാനും ഇറാഖും സിറിയയും എത്യോപ്യയും എന്നാല്ല ലോകത്തെ എഴുനൂറ്റിച്ചില്ല്വാനം കോടി മനുഷ്യരിൽ ഒരാൾ പോലും അതിൽ വ്യത്യസ്‌തരല്ല. അവിടെയും വിഷമൊഴിക്കുന്ന മനുഷ്യരെ കണ്ടാൽ കാണാത്ത മട്ടിൽ പോകുന്നതെങ്ങനെയാണ് !
- Shimna Azeez
https://www.facebook.com/Malayalivartha























