ആരോടും ഭീതിയോ പ്രീതിയോ കൂടാതെ, ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്യുക എന്നത് അമിക്കസ് ക്യൂറിയുടെ ഉത്തരവാദിത്തം ആണ്. കോടതി ആവശ്യപ്പെടുന്നത് വരെ അതിനിയും ചെയ്യും. എന്റെ തൊഴിലിനോട് ആർക്കെങ്കിലും അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അതവരുടെ പ്രശ്നമാണ്, എന്റെയല്ല... ഹരീഷ് വാസുദേവൻ കുറിക്കുന്നു

ഈ മൂന്നര വർഷവും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുമതിയില്ലാതെ പൊതുസ്ഥലത്ത് രാഷ്ട്രീയ പാർട്ടികൾ, മതസംഘടനകൾ, മറ്റുള്ളവർ ഒക്കെ നിയമം ലംഘിക്കുന്നതിനെപ്പറ്റി അപ്പപ്പോൾ കോടതിക്ക് ഫോട്ടോ സഹിതം റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. അതെല്ലാം നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. നീക്കിയിട്ടുമുണ്ട്. യൂസഫലി മുതലാളിയുടെ ഹോർഡിങ് വെച്ച ഏജൻസിക്ക് എതിരെ നടപടി ഉത്തരവിട്ടത് അത്തരമൊരു റിപ്പോർട്ടിലാണ് എന്ന് കുറിക്കുകയാണ് അഡ്വ. ഹരീഷ് വാസുദേവൻ കുറിക്കുന്നു. ആരോടും ഭീതിയോ പ്രീതിയോ കൂടാതെ, ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്യുക എന്നത് അമിക്കസ് ക്യൂറിയുടെ ഉത്തരവാദിത്തം ആണ്. കോടതി ആവശ്യപ്പെടുന്നത് വരെ അതിനിയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
അമിക്കസ് ക്യൂറിയുടെ ജോലി.
പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിക്കുന്ന ഫ്‌ളക്‌സ് ബോർഡ്, ഹോർഡിങ്, കൊടികൾ മറ്റു installations എന്നിവ നീക്കം ചെയ്യാൻ ബഹു ഹൈക്കോടതി ഉത്തരവിട്ട കേസിൽ എന്നെ അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടു മൂന്നര വർഷമാകുന്നു. കോടതിയെ സഹായിക്കുക എന്നതാണ് അമിക്കസ് ക്യൂറിയുടെ ജോലി. കോടതിയുടെ സുഹൃത്ത് എന്ന അർത്ഥമാണ് അമിക്കസ് ക്യൂറിക്ക്. നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടുക, വിവിധ നിയമങ്ങളുടെ സാധ്യതകൾ പറയുക, പ്രായോഗിക നിർദ്ദേശങ്ങൾ വെയ്ക്കുക തുടങ്ങി പല കാര്യങ്ങൾക്കും ഈ കേസിൽ അമിക്കസ് ക്യൂറി കോടതിക്ക് റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. കേസ് പരിഗണിക്കുമ്പോൾ വാക്കാൽ സബ്മിഷനുകൾ ഉന്നയിക്കാറുമുണ്ട്. 2018 മുതലിന്ന് വരെ ആ ഉത്തരവാദിത്തം സൗജന്യമായി നിറവേറ്റി വരുന്നു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളല്ല, വസ്തുതയും നിയമവുമാണ് റിപ്പോർട്ടുകളിൽ ഉൾക്കൊള്ളിക്കാറ്.
ഈ മൂന്നര വർഷവും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുമതിയില്ലാതെ പൊതുസ്ഥലത്ത് രാഷ്ട്രീയ പാർട്ടികൾ, മതസംഘടനകൾ, മറ്റുള്ളവർ ഒക്കെ നിയമം ലംഘിക്കുന്നതിനെപ്പറ്റി അപ്പപ്പോൾ കോടതിക്ക് ഫോട്ടോ സഹിതം റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. അതെല്ലാം നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. നീക്കിയിട്ടുമുണ്ട്. യൂസഫലി മുതലാളിയുടെ ഹോർഡിങ് വെച്ച ഏജൻസിക്ക് എതിരെ നടപടി ഉത്തരവിട്ടത് അത്തരമൊരു റിപ്പോർട്ടിലാണ്.
ഫെബ്രുവരി 28 നു കോടതി ഈ കേസ് പരിഗണിച്ചപ്പോൾ, 19.01.2022 ന്റെ ഇടക്കാല വിധി കൊച്ചി നഗരസഭ നടപ്പാക്കിയോ എന്ന കോടതിയുടെ ചോദ്യത്തിന് നടപ്പാക്കി വരുന്നു എന്ന മറുപടിയാണ് കൊച്ചി നഗരസഭ പറഞ്ഞത്. അതാണോ ശരി എന്ന് എന്നോട് കോടതി ചോദിച്ചു. CPIM സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ ബോർഡുകളും കൊടികളും വെച്ചിട്ടുണ്ടെന്നും പലതും നേരത്തെയുള്ള ഉത്തരവിന് വിരുദ്ധമായി ആണെന്നും ഞാൻ കോടതിയെ അറിയിച്ചു. റോഡ് സേഫ്റ്റി കമ്മീഷണറുടെ ഉത്തരവിന്റെ ലംഘനം അല്ലാതെ, റോഡിനോട് ചേർന്ന സ്വകാര്യ ഭൂമികളിൽ നേരത്തെ ഉണ്ടായിരുന്ന installations / ഹോർഡിങ്‌സ്/ കൊടികൾ എന്നിവ ചിലയിടങ്ങളിൽ നടപ്പാതയിലേക്ക് ഇറക്കി വെച്ചതാണ് പ്രശ്നമെന്നും ഞാൻ പറഞ്ഞു. നേരത്തേ ഒരു MLA മരിച്ചപ്പോഴും ഹോർഡിങ്ങുകൾ വന്നെന്നും അപ്പപ്പോൾ നീക്കം ചെയ്യുക പ്രായോഗികമായി നടക്കുന്നില്ലെന്നും കോർപ്പറേഷൻ അറിയിച്ചു.
പൗരന്മാർക്ക് ബാധകമായ വിധി രാഷ്ട്രീയ പാർട്ടികൾക്കും ബാധകമാണെന്നും അനധികൃതമായി വെച്ചവ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് മടി എന്താണെന്നും കോടതി ആരാഞ്ഞു. റോഡ് സുരക്ഷയുടെ ഭാഗമായി റോഡ് സേഫ്റ്റി കമ്മീഷണർ ഇട്ട ഉത്തരവ് ലംഘിച്ച് കൈവരിയിൽ കെട്ടുന്ന installation കൊണ്ട് ആർക്കെങ്കിലും അപകടമുണ്ടായാൽ ആരു സമാധാനം പറയുമെന്നും കോടതി ചോദിച്ചു. നിയമവ്യവസ്ഥയെ ബഹുമാനിച്ചുകൊണ്ടു സമ്മേളനങ്ങളും പരിപാടികളും നടത്തിക്കൂടെ എന്ന് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ ചോദിച്ചു.
നിയമം ആരു ലംഘിച്ചാലും നടപടി ഉണ്ടാകുമെന്ന അഡീഷണൽ അഡ്വ ജനറൽ കോടതിയെ അറിയിച്ചു. പാർട്ടി സമ്മേളനം കഴിഞ്ഞാൽ കൊടി, ബാനറുകൾ, ബോർഡുകൾ എന്നിവ വെച്ചവരുടെ ചെലവിൽ അവർ തന്നെ നീക്കം ചെയ്യാമെന്ന് കൊച്ചി നഗരസഭയ്ക്ക് രേഖാമൂലം സംഘാടകർ ഉറപ്പ് നൽകിയിട്ടുണ്ട് എന്ന് നഗരസഭാ സ്റ്റാൻഡിങ് കോണ്സൽ അറിയിച്ചു. എന്നാണ് സമ്മേളനം തീരുക എന്നു കോടതി ചോദിച്ചപ്പോൾ 4 നു എന്നു ഉത്തരം പറഞ്ഞു. ശരി, മാർച്ച് 7 നകം ആയവ നീക്കം ചെയ്ത് മാർച്ച് 8 നു ഇക്കാര്യം റിപ്പോർട്ട് ചെയ്യണമെന്നു കോടതി ഉത്തരവിട്ടു. കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യം നടപ്പാക്കിയോ എന്ന കാര്യം വസ്തുതാപരമായി കോടതിയെ അറിയിക്കേണ്ട ബാധ്യത അമിക്കസ് ക്യൂറിക്ക് ഉണ്ട്. ആരോടും ഭീതിയോ പ്രീതിയോ കൂടാതെ, ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്യുക എന്നത് അമിക്കസ് ക്യൂറിയുടെ ഉത്തരവാദിത്തം ആണ്. കോടതി ആവശ്യപ്പെടുന്നത് വരെ അതിനിയും ചെയ്യും. എന്റെ തൊഴിലിനോട് ആർക്കെങ്കിലും അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അതവരുടെ പ്രശ്നമാണ്, എന്റെയല്ല.
https://www.facebook.com/Malayalivartha























