നവീന്‍ വലിയ നൊമ്പരം... തട്ടിമാറുമായിരുന്ന മരണത്തെ വരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ വലിയ വേദനയാകുന്നു; തിങ്കളാഴ്ച ഹര്‍കീവ് വിടാന്‍ വഴിയൊരുങ്ങിയതാണെങ്കിലും നവീന്‍ ആ അവസരം ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കു വിട്ടുകൊടുത്തു; കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പാഞ്ഞടുത്ത് മിസൈല്‍

ഇന്ത്യക്കാരുടെ നൊമ്പരമായി കര്‍ണാടക സ്വദേശി നവീന്‍ മാറി. യുക്രെയ്ന്‍ റഷ്യ യുദ്ധത്തില്‍ നവീന്‍ രക്തസാക്ഷിയായി. തിങ്കളാഴ്ച ഹര്‍കീവ് വിടാന്‍ വഴിയൊരുങ്ങിയതാണെങ്കിലും നവീന്‍ ആ അവസരം ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കു വിട്ടുകൊടുത്തു. പകരം ബുധനാഴ്ച പോകാമെന്ന കണക്കുകൂട്ടലിലായിരുന്നു. എന്നാല്‍ അതിനുമുന്‍പേ മരണം തട്ടിയെടുക്കുകയും ചെയ്തു.
നവീന്റെ മരണം മറ്റ് വിദ്യാര്‍ത്ഥികളെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഹര്‍കീവില്‍നിന്നു യുക്രെയ്‌നിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി വഴി ഹംഗറിയിലെത്തുക ദുഷ്‌കരമാണെങ്കിലും ഒരുവിഭാഗം വിദ്യാര്‍ഥികള്‍ ആ വെല്ലുവിളി ഏറ്റെടുത്തിരുന്നു. സ്ഥലത്തു പരിചയം കുറവുള്ള ജൂനിയര്‍ വിദ്യാര്‍ഥികള്‍ ആദ്യം മടങ്ങട്ടെയെന്ന തീരുമാനത്തിലാണ് തിങ്കളാഴ്ചത്തെ സംഘത്തില്‍നിന്നു നവീന്‍ മാറിനിന്നതെന്നു സുഹൃത്തും നാട്ടുകാരനുമായ അമിത് പറയുന്നു. ആക്രമണം തുടങ്ങിയതുമുതല്‍ ഇവര്‍ ബങ്കറില്‍ കഴിയുകയാണ്. കര്‍ഫ്യുവില്‍ ഇളവുള്ളപ്പോള്‍ മാത്രം പുറത്തിറങ്ങും.
ബുധനാഴ്ചത്തെ യാത്രയ്ക്കു മുന്നോടിയായി ഭക്ഷണസാധനങ്ങള്‍ വാങ്ങാനും കറന്‍സി മാറ്റാനുമായി നവീന്‍ ഇന്നലെ രാവിലെ ആറിനുശേഷമാണു ബങ്കറില്‍നിന്നു പുറത്തിറങ്ങിയത്. എട്ടു മണിയോടെ സുഹൃത്തുക്കളിലൊരാളെ വിളിച്ച് കുറച്ചുപണം കൂടി ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറഞ്ഞിരുന്നു. 10 മിനിറ്റിനുശേഷം അതേ ഫോണില്‍നിന്നു വിളിച്ച അപരിചിതന്‍ വിദ്യാര്‍ഥികളെ അറിയിച്ചത് നവീന്റെ മരണവിവരമാണ്.
ഇന്ത്യന്‍ എംബസിയുടെ സഹായമൊന്നും കിട്ടുന്നില്ലെന്നു മകന്‍ പറഞ്ഞിരുന്നതായി നവീന്റെ അച്ഛന്‍ ശേഖര ഗൗഡ പറയുന്നു. കഴിഞ്ഞദിവസം നവീന്‍ അച്ഛനുമായി വിഡിയോകോളില്‍ സംസാരിച്ചിരുന്നു. ശേഖര ഗൗഡയും നവീന്റെ അമ്മ വിജയലക്ഷ്മിയും സഹോദരന്‍ ഹരീഷുമാണ് കര്‍ണാടക ഹാവേരിയിലെ വീട്ടിലുള്ളത്.
ഇവരെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും അനുശോചനം അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുക്രെയ്‌നും ഇന്ത്യയെ അനുശോചനം അറിയിച്ചു.
റഷ്യയോടു ചേര്‍ന്ന കിഴക്കന്‍ യുക്രെയ്‌നിലെ ഹര്‍കീവ്, സുമി നഗരങ്ങളില്‍ മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണു കുടുങ്ങിക്കിടക്കുന്നത്. ഇവരെ റഷ്യന്‍ അതിര്‍ത്തി വഴി പുറത്തെത്തിക്കാനുള്ള സാധ്യത ഇന്ത്യയിലെ റഷ്യ, യുക്രെയ്ന്‍ സ്ഥാനപതിമാരുമായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്‌വര്‍ധന്‍ ശൃംഗ്ല ചര്‍ച്ച ചെയ്തു.
മോസ്‌കോയില്‍നിന്നുള്ള ഇന്ത്യന്‍ എംബസി സംഘം യുക്രെയ്ന്‍ അതിര്‍ത്തിയില്‍നിന്ന് 70 കിലോമീറ്ററകലെ റഷ്യയിലെ ബെല്‍ഗ്രോദില്‍ എത്തിയിട്ടുണ്ടെങ്കിലും ശക്തമായ ആക്രമണം മൂലം കൂടുതല്‍ മുന്നോട്ടു പോകാനാകുന്നില്ലെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഇതിനിടെ, തലസ്ഥാനമായ കീവില്‍ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരും അവിടെ നിന്നു പുറത്തുകടന്നതായി ഹര്‍ഷ്‌വര്‍ധന്‍ ശൃംഗ്ല ഇന്നലെ രാത്രി അറിയിച്ചു.
അതേസമയം യുക്രെയ്‌നില്‍നിന്ന് 53 മലയാളി വിദ്യാര്‍ഥികള്‍കൂടി മടങ്ങിയെത്തി. ഡല്‍ഹി വഴി 47 പേരും മുംബൈ വഴി 6 പേരുമാണെത്തിയത്. ഇതുവരെ മൊത്തം 184 മലയാളി വിദ്യാര്‍ഥികള്‍ മടങ്ങിയെത്തി.
ബുക്കാറസ്റ്റില്‍നിന്നും ബുഡാപെസ്റ്റില്‍നിന്നുമുള്ള 2 ഇന്‍ഡിഗോ വിമാനങ്ങളിലാണ് 47 മലയാളി വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ എത്തിയത്. ഇതില്‍ 11 പേരെ കണ്ണൂര്‍ വിമാനത്താവളം വഴിയും 20 പേരെ കൊച്ചി വിമാനത്താവളം വഴിയും 16 പേരെ തിരുവനന്തപുരം വിമാനത്താവളം വഴിയും നാട്ടിലെത്തിച്ചു. മുംബൈയിലെത്തിയ 6 പേരില്‍ ഒരാള്‍ അവിടെ സ്ഥിരതാമസമാണ്. മറ്റ് 5 പേരില്‍ 2 പേര്‍ കൊച്ചി വഴിയും 3 പേര്‍ തിരുവനന്തപുരം വഴിയും വീടുകളിലെത്തി. രാത്രി 9.20നു ബുക്കാറസ്റ്റില്‍നിന്നു ഡല്‍ഹിയിലെത്തിയ വിമാനത്തിലും മലയാളി വിദ്യാര്‍ഥികളുണ്ട്.
"
https://www.facebook.com/Malayalivartha
























