എല്ലാ ഉത്പന്ന വിൽപ്പനയും നിർത്തി വെച്ചു; റഷ്യയിലെ സെയിൽ ചാനലുകളിലേക്കുള്ള എല്ലാ കയറ്റുമതിയും നിർത്തി; യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിൽ ആശങ്ക; റഷ്യയ്ക്ക് തിരിച്ചടി നൽകി ആപ്പിൾ

റഷ്യ യുക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ റഷ്യക്കെതിരെ നിരവധി നീക്കങ്ങളാണ് നടക്കുന്നത്. റഷ്യക്കെതിരെ കാനഡ,തുർക്കി പോലുള്ള രാജ്യങ്ങൾ രംഗത്തുവന്നുകഴിഞ്ഞു. ഇപ്പോൾ ഇതാ റഷ്യയ്ക്ക് തിരിച്ചടിയായിരിക്കുന്നത് ആപ്പിളിന്റെ തീരുമാനമാണ്. റഷ്യയിൽ എല്ലാ ഉത്പന്ന വിൽപ്പനയും നിർത്തി വെച്ചതായി ആഗോള ടെക് ഭീമനായ ആപ്പിൾ പറഞ്ഞു . യുക്രെയ്‌നിൽ റഷ്യ നടത്തുന്ന അധിനിവേശത്തിന് മറുപടിയായിട്ടാണ് ഇത്തരമൊരു നടപടിയെന്ന് ആപ്പിൾ വ്യക്തമാക്കി.
റഷ്യയിലെ സെയിൽ ചാനലുകളിലേക്കുള്ള എല്ലാ കയറ്റുമതിയും നിർത്തിവെച്ചതായി കമ്പനി അറിയിച്ചിരിക്കുകയാണ് . ആപ്പിൾ പേയും മറ്റ് സേവനങ്ങളും പരിമിതപ്പെടുത്തിയതായി കമ്പനി വ്യക്തമാക്കി. യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിൽ ആശങ്കയുണ്ടെന്നും ആപ്പിൾ അറിയിച്ചു .അക്രമത്തിന്റെ ഫലമായി ദുരിതമനുഭവിക്കുന്ന എല്ലാ ആളുകൾക്കൊപ്പവും നിലകൊള്ളുന്നുവെന്ന് ആപ്പിൾ പ്രസ്താവനയിൽ പറഞ്ഞു.
ഞങ്ങൾ മാനുഷിക മൂല്യങ്ങളെ മൂല്യങ്ങളെ പരിഗണിക്കുന്നു. അഭയാർത്ഥി പ്രതിസന്ധിക്ക് സഹായം നൽകുമെന്നാണ് ആപ്പിളിന്റെ നിലപാട്. കഴിഞ്ഞ ദിവസം കാനഡയും റഷ്യക്കെതിരെ പരസ്യമായ നിലപാട് എടുത്തു ഉക്രൈനൊപ്പം ചേർന്നിരുന്നു.റഷ്യൻ സൈന്യത്തിനെതിരെ പോരാടാൻ യുക്രെയ്‌ന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് കാനഡ അറിയിച്ചു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വാർത്താ സമ്മേളനം നടത്തിയാണ് യുക്രെയ്‌ന് കൂടുതൽ പിന്തുണ പ്രഖ്യാപിച്ചത്.
റഷ്യൻ അധിനിവേശത്തിനെതിരെ പ്രതിരോധം തീർക്കുന്ന യുക്രെയ്‌ന് സൈന്യത്തിന് ആയുധ – സാമ്പത്തിക സഹായം നൽകുന്നത് പൂർവ്വാധികം ശക്തിയോടെ തുടരുമെന്ന് കനേഡിയൻ പ്രധാനമന്ത്രി തറപ്പിച്ചു പറഞ്ഞു . സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി റഷ്യയിൽ നിന്നുള്ള എണ്ണ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി പൂർണമായും നിർത്തുകയും ചെയ്യും.
228 മില്യൺ അമേരിക്കൻ ഡോളറിന്റെ എണ്ണ ഉൽപ്പന്നങ്ങളാണ് കഴിഞ്ഞ വർഷം റഷ്യയിൽ നിന്ന്് ഇറക്കുമതി ചെയ്തത് .മറ്റ് വ്യാപാര-വാണിജ്യ ബന്ധങ്ങളും അവസാനിപ്പിക്കുമെന്നും ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. അന്താരാഷ്‌ട്ര തലത്തിൽ പണം ഇടപാടുകൾ നടത്തുന്നതിനായി ബാങ്കുകൾ ഉപയോഗപ്പെടുത്തുന്ന സ്വിഫ്റ്റ് സംവിധാനത്തിൽ നിന്നും റഷ്യയെ അതിനോടകം തന്നെ കാനഡ നീക്കം ചെയ്തു. ഇതെല്ലാം റഷ്യയെ സംബന്ധിച്ച് തിരിച്ചടി തന്നെയാണ്.
അതേസമയം റഷ്യ-യുക്രെയ്ൻ രണ്ടാം വട്ട സമാധാന ചർച്ച ഇന്ന് നടക്കും. ആദ്യവട്ട ചർച്ചകളിൽ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ബെലാറസിലെ ഗോമലിൽ ആയിരുന്നു ആദ്യവട്ട ചർച്ച നടന്നത്. പ്രശ്ന പരിഹാരത്തിന് ചില ധാരണകൾ രൂപപ്പെട്ടെന്ന് ഇരുകൂട്ടരും വ്യക്താക്കി. സർക്കാരിന്റെ ഉന്നത വൃത്തങ്ങളുമായി ബന്ധപ്പെട്ട ശേഷം ഇതിൽ തീരുമാനം എടുക്കുമെന്നും ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ വ്യക്തമാക്കി.
യുക്രെയ്‌ന് അംഗത്വം നൽകാനുള്ള നടപടികൾ തുടങ്ങിയതായി യൂറോപ്യൻ യൂണിയൻ അറിയിച്ചിരിക്കുകയാണ്. യൂറോപ്യൻ പാർലമെന്റ് യുക്രെയ്‌ന്റെ അപേക്ഷ സ്വീകരിച്ചതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് പാർലമെന്റിൽ വോട്ടിങ് നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.
കഴിഞ്ഞ ദിവസം യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് യൂറോപ്യൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി നടത്തിയ പ്രസംഗം എഴുന്നേറ്റ് നിന്ന് കയ്യടിച്ചായിരുന്നു അംഗങ്ങൾ അംഗീകരിച്ചത് . തങ്ങളും യൂറോപ്യന്മാരാണെന്നും കരുത്തരാണെന്നും അവർ തെളിയിച്ചു. യൂറോപ്യൻ രാജ്യങ്ങൾ തങ്ങൾക്കൊപ്പമാണെന്ന് തെളിയിക്കണമെന്നും അദ്ദേഹം രാജ്യങ്ങളോട് അപേക്ഷിക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha
























