കുറിച്ചി പഞ്ചായത്ത് ഓഫിസിലെ കോൺഫറൻസ് ഹാളിൽ 'പൊട്ടിത്തെറി'; വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് ടൈലുകൾ; പ്രതിഭാസം എന്തെന്നറിയാതെ ഞെട്ടിത്തെറിച്ച് ജീവനക്കാരും പഞ്ചായത്ത് അംഗങ്ങളും

കുറിച്ചി: പഞ്ചായത്ത് ഓഫിസിലെ കോൺഫറൻസ് ഹാളിൽ 'പൊട്ടിത്തെറി'! വൻ ശബ്ദത്തോടെ പഞ്ചായത്ത് ഓഫിസിലെ കോൺഫറൻസ് ഹാളിലെ ടൈലുകൾ പൊട്ടിത്തെറിച്ചത്. സംഭവത്തിൽ നടുങ്ങിയ ജീവനക്കാരും പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരും എത്തിയപ്പോൾ കണ്ടത് പൊട്ടിക്കിടക്കുന്ന ഇരുപത്താറോളം ടൈലുകളാണ്.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അത്ഭുത പ്രതിഭാസം ഇവിടെ ഉണ്ടായത്. ഹാളിനു സമീപത്തിരുന്ന് ജീവനക്കാർ ഭക്ഷണം കഴിക്കുകയായിരുന്നു. ഇവിടെ നിന്നും അൽപം മാറിയാണ് പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലയും, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രീത കുമാരിയും നിന്നിരുന്നത്. ഈ സമയത്താണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. ഇതോടെ കോൺഫറൻസ് ഹാളിനുള്ളിൽ എത്തി ഇവർ നടത്തിയ പരിശോധനയിലാണ് പൊട്ടിത്തെറിച്ച് കിടക്കുന്ന ടൈലുകൾ കണ്ടത്.
തുടർന്ന്, ജീവനക്കാർ ചേർന്ന് വിവരം എൻജിനീയറിംങ് വിഭാഗത്തെ അടക്കം അറിയിച്ചു. വിവരം അറിഞ്ഞ് ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷൻ അംഗം പി.കെ വൈശാഖ് സ്ഥലത്ത് എത്തി. കുറിച്ചി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ്, പഞ്ചായത്തംഗം ഷാജി എന്നിവരും സ്ഥലത്ത് എത്തിയിരുന്നു. തുടർന്നു, സ്ഥിതി ഗതികൾ അന്വേഷിച്ചിട്ടുണ്ട്. എന്നാൽ, അപ്രതീക്ഷിതമായി ടൈലുകൾ പൊട്ടിയതിന്റെ കാരണം എന്താണെന്ന ആശങ്കയിലാണ് ഇപ്പോൾ അധികൃതർ.
https://www.facebook.com/Malayalivartha

























