വരൂ, മക്കളെ കൂട്ടിക്കൊണ്ടു പോകൂ... കീഴടങ്ങുന്ന റഷ്യൻ സൈനികരുടെ അമ്മമാരോട് കീവിലെത്തിയാൽ മക്കളെ വിട്ടുനൽകാമെന്നു യുക്രെയ്ൻ; കീഴടങ്ങുന്ന റഷ്യൻ സൈനികരെ കാത്തിരിക്കുന്നത് മർദനവും ജയിലുമല്ല, ചായയും കടിയും വീട്ടിലേക്കൊരു വിഡിയോ കോളുമാണ്

റഷ്യൻ പ്രസിഡൻറ് വ്ളാഡ്മിൻ പുട്ടിന്റെ ഉറക്കം കെടുത്തുകയാണ് യുക്രെയ്‌ൻ പ്രസിഡൻറ് സ്റ്റലിൻസ്കി. കീഴടങ്ങിയ റഷ്യൻ സൈനികരുടെ ബഹുമാനം പോലും പിടിച്ചു പറ്റുകയാണ്.
കീഴടങ്ങുന്ന റഷ്യൻ സൈനികരുടെ അമ്മമാരോട് കീവിലെത്തിയാൽ മക്കളെ വിട്ടുനൽകാമെന്നു യുക്രെയ്ൻ പ്രതിരോധമന്ത്രാലയം. റഷ്യൻ ജനതയുടെ പിന്തുണ നേടുന്നതിനും പുട്ടിനെ സമ്മർദത്തിലാക്കുന്നതിനുമാണ് ഈ പ്രഖ്യാപനമെന്നു കരുതുന്നു. അമ്മമാർ വരണമെന്നാണു പറയുന്നതെങ്കിലും രക്ഷിതാക്കൾ ആരെങ്കിലുമെത്തിയാൽ പിടിക്കപ്പെട്ട സൈനികരെ വിട്ടയയ്ക്കുമെന്നാണ് വാഗ്ദാനം.
കീഴടങ്ങുന്ന റഷ്യൻ സൈനികരെ കാത്തിരിക്കുന്നത് മർദനവും ജയിലുമല്ല, ചായയും കടിയും വീട്ടിലേക്കൊരു വിഡിയോ കോളുമാണ്. പിടിക്കപ്പെട്ട റഷ്യൻ സൈനികർക്കു യുക്രെയ്നിലെ ജനകീയസേന ഭക്ഷണം നൽകുന്നതും ആശ്വസിപ്പിക്കുന്നതും അവർ മാതാപിതാക്കളോട് വിഡിയോകോളിൽ സംസാരിക്കുന്നതുമെല്ലാം പ്രചരിപ്പിക്കുന്നുണ്ട്.
കൗമാരം കഴിഞ്ഞ സൈനികർ വിഡിയോകോളിൽ രക്ഷിതാക്കളെ കാണുമ്പോൾ പൊട്ടിക്കരയുന്ന നൂറുകണക്കിനു വിഡിയോകളാണ് പ്രചരിക്കുന്നത്. മകൻ ജീവനോടെയുണ്ടെന്നറിയുന്ന രക്ഷിതാക്കളുടെ ആനന്ദക്കണ്ണീരിനെത്തുടർന്ന് അവർ സുരക്ഷിതരായിരിക്കുമെന്ന് യുക്രെയ്ൻ സേനാംഗങ്ങൾ ഉറപ്പു നൽകുന്നതും കാണാം.
ഇന്ധനവും ഭക്ഷണവുമില്ലാതെ റഷ്യൻ സൈനികർ വഴിയിൽ കുടുങ്ങിയ സാഹചര്യത്തിൽ കൂടുതൽ പേരെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്നതിനു കൂടിയാണ് ഈ നീക്കം. സൈനികമേധാവികൾ തെറ്റിദ്ധരിപ്പിച്ചെന്നു റഷ്യൻ സൈനികർ പറയുന്ന വിഡിയോകളും യുക്രെയ്ൻ പ്രചരിപ്പിക്കുന്നുണ്ട്.
ആക്രമണത്തിനു വന്ന റഷ്യൻ സൈനികരുടെ വിവരങ്ങൾ അറിയാനാഗ്രഹിക്കുന്ന കുടുംബാംഗങ്ങൾക്കായി ഹോട്ട്‍ലൈൻ സ്ഥാപിച്ച യുക്രെയ്ൻ പിടിയിലാകുന്നവരുടെയും വധിക്കപ്പെടുന്നവരുടെയും വിശദാംശങ്ങൾ ഉൾപ്പെടുത്തി പ്രത്യേക വെബ്സൈറ്റും തുടങ്ങിയിരുന്നു. കൊല്ലപ്പെടുന്ന സൈനികരുടെ മൃതദേഹം റഷ്യയിലേക്കു കൊണ്ടുപോകാതെ മൊബൈൽ ശ്മശാനത്തിൽ സംസ്കരിക്കുകയാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സൈറ്റ് തുടങ്ങിയത്.
അതേസമയം യുക്രെയ്നിനു നേരെയുള്ള സേനാ നടപടി 5 ദിവസം പിന്നിടുമ്പോൾ, പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ റഷ്യയ്ക്കു സാധിച്ചില്ലെന്നു വിലയിരുത്തൽ. മിന്നൽ വേഗത്തിൽ യുക്രെയ്ൻ പിടിച്ചെടുക്കാമെന്ന റഷ്യയുടെ കണക്കുകൂട്ടൽ പാളിയതോടെ, വ്ലാഡിമിർ പുട്ടിന്റെ സേനയെ പ്രതിരോധിക്കാനാവുമെന്ന ആത്മവിശ്വാസം യുക്രെയ്ൻ ജനതയ്ക്കിടയിലും വളരുന്നു.
ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ ചങ്കൂറ്റമാണ് നാടിനു വേണ്ടി ആയുധമെടുക്കാൻ അവരെ പ്രേരിപ്പിച്ചത്. വരും ദിവസങ്ങളിൽ സേനയുടെ സർവകരുത്തും ഉപയോഗിക്കാൻ റഷ്യ തീരുമാനിച്ചാൽ പിടിച്ചുനിൽക്കുക യുക്രെയ്നിന് എളുപ്പമാവില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ ചെറുത്തുനിൽപ്പിലൂടെ ലോകം കണ്ട വീറുറ്റ പോരാട്ടങ്ങളുടെ പട്ടികയിൽ യുക്രെയ്ൻ പേര് എഴുതിച്ചേർത്തിരിക്കുന്നു. യുക്രെയ്നിലെ സാമുഹ്യമാധ്യമങ്ങൾ പറയുന്നതുപോലെ, ‘നാറ്റോയിൽ യുക്രെയ്നല്ല, യുക്രെയ്നിൽ നാറ്റോ ആണ് അംഗത്വമെടുക്കേണ്ടത്’.
"https://www.facebook.com/Malayalivartha

























