ഇത്ര പ്രതീക്ഷിച്ചില്ല... വളരെ വേഗം യുക്രെയ്‌നെ കീഴടക്കാമെന്ന് കരുതിയ റഷ്യന്‍ സൈന്യത്തിന് തെറ്റി; തകര്‍ച്ചയിലും റഷ്യന്‍ സൈന്യം തിരിച്ചടിച്ചതോടെ പതറി റഷ്യ; കീവിലേക്കുള്ള പാതയില്‍ ദിവസങ്ങളായി കാത്തുകിടക്കുന്ന സൈനിക വ്യൂഹത്തിനു മുന്നോട്ടുനീങ്ങാന്‍ കഴിയാത്തത് വലിയ തിരിച്ചടി

യുദ്ധത്തിലേക്ക് എടുത്ത് ചാടിയ റഷ്യയ്ക്ക് ഒരിഞ്ച് മുന്നോട്ട് കുതിക്കാനാകുന്നില്ല. യുക്രെയ്ന്‍ തലസ്ഥാനത്തേക്കു മുന്നേറാന്‍ റഷ്യ ശ്രമം തുടരുന്നുവെങ്കിലും ശക്തമായ ആക്രമണമാണ് വരുന്നത്. കീവിലേക്കുള്ള പാതയില്‍ ദിവസങ്ങളായി കാത്തുകിടക്കുന്ന സൈനികവ്യൂഹത്തിനു മുന്നോട്ടുനീങ്ങാന്‍ കഴിയാത്തത് റഷ്യയ്ക്കു വലിയ വെല്ലുവിളിയായിട്ടുണ്ട്.
പാശ്ചാത്യ ഉപരോധവും റൂബിളിന്റെ തകര്‍ച്ചയും വ്യവസായികളുടെയും നിക്ഷേപകരുടെയും പലായനവും അവരെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്കു നയിക്കുകയാണ്. കീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ആക്രമണം നടക്കുമ്പോഴും റഷ്യന്‍ സൈന്യത്തിനു പൂര്‍ണമായി പിടിച്ചെടുക്കാനായത് തുറമുഖനഗരമായ ഖേഴ്‌സന്‍ മാത്രമാണ്. ഹര്‍കീവ്, ചെര്‍ണീവ്, മരിയുപോള്‍ എന്നീ നഗരങ്ങളില്‍ കനത്ത നാശമുണ്ടായെങ്കിലും നിയന്ത്രണം ഇപ്പോഴും യുക്രെയ്‌നു തന്നെയാണ്.
കരിങ്കടലില്‍നിന്നു കീവിലേക്കുള്ള പാത റഷ്യയുടെ പൂര്‍ണ നിയന്ത്രണത്തിലാണ്. ജനവാസമേഖയില്‍ റഷ്യ തുടരുന്ന ഷെല്ലിങ് മൂലം മരിയുപോള്‍ ഒറ്റപ്പെട്ടു. വൈദ്യുതിയും വെള്ളവും നിലച്ചു. ജനങ്ങളെ ഒഴിപ്പിക്കാനാകുന്നില്ല. യുക്രെയ്‌നിലെ റഷ്യന്‍ ആക്രമണത്തിനെതിരായ പരാതിയില്‍ രാജ്യാന്തര കോടതി അന്വേഷണം ആരംഭിച്ചു.
ചെറുത്തുനില്‍പ് തുടരുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. സഖ്യരാജ്യങ്ങളില്‍ നിന്ന് ദിവസേന ആയുധങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അവസാനം വരെ പോരാട്ടം തുടരുമെന്നും പ്രസിഡന്റ്.
സൈനികനടപടി തുടരുമെന്നും അണ്വായുധം ഉപയോഗിക്കുന്ന കാര്യം ചിന്തയിലില്ലെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ്. യുക്രെയ്‌നു പിന്നാലെ ജോര്‍ജിയയും യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ അപേക്ഷ നല്‍കി. മോള്‍ഡോവയും അപേക്ഷിക്കാനൊരുങ്ങുന്നു.
കീവ് തലസ്ഥാനം പിടിക്കാന്‍ വന്ന റഷ്യന്‍ സൈനികവ്യൂഹം നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ പ്രധാനപാതയില്‍ കുടുങ്ങിക്കിടക്കുകയാണ്. നഗരവാസികളുടെ അപ്രതീക്ഷിതവും അവിശ്വസനീയവുമായ പ്രതിരോധവും ഇന്ധന, ഭക്ഷ്യ ക്ഷാമവും ഗതാഗതക്കുരുക്കുമാണ് മുന്നേറ്റം അസാധ്യമാക്കിയത്. കഴിഞ്ഞ 3 ദിവസത്തിനിടെ ഈ സൈന്യത്തിന് അല്‍പം പോലും മുന്നോട്ടുനീങ്ങാന്‍ കഴിഞ്ഞിട്ടില്ല. സുമി, ഹര്‍കീവ് മേഖലകളില്‍ ടാങ്കുകളും വാഹനങ്ങളും ഉപേക്ഷിച്ച് സൈനികര്‍ രക്ഷപ്പെടുന്നതും റഷ്യയ്ക്കു തിരിച്ചടിയാകുന്നു.
റഷ്യന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മേജര്‍ ജനറല്‍ ആന്ദ്രെ സുഖൊവെത്‌സ്‌കി (47) യുക്രെയ്‌നില്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ സൈന്യം സ്ഥിരീകരിച്ചു. എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നു സൈന്യം വ്യക്തമാക്കിയിട്ടില്ല. യുക്രെയ്ന്‍ ആക്രമണത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന സുഖൊവെത്‌സ്‌കി റഷ്യയുടെ സിറിയന്‍ ദൗത്യത്തിലും പങ്കാളിയായിരുന്നു.
അതേസമയം റഷ്യയും യുക്രെയ്‌നും തമ്മില്‍ നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയില്‍ യുദ്ധമേഖലകളില്‍ നിന്നു സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനായി സുരക്ഷിതപാതയൊരുക്കാന്‍ ധാരണയായി. ഇവിടെ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതും പരിഗണിക്കും. മൂന്നാംഘട്ട ചര്‍ച്ച വൈകാതെ നടത്താനും തീരുമാനമായി. അതേസമയം, യുക്രെയ്‌നിലെ ഒലിവിയ തുറമുഖത്ത് ബംഗ്ലദേശ് ചരക്കുകപ്പലായ ബംഗ്ലാര്‍ സമൃദ്ധിയില്‍ മിസൈല്‍ വീണ് ഒരാള്‍ മരിച്ചു. ഒഡേസ തുറമുഖത്ത് എസ്‌ത്തോണിയന്‍ ചരക്കുകപ്പല്‍ മൈന്‍ സ്‌ഫോടനത്തെത്തുടര്‍ന്നു മുങ്ങി 4 പേരെ കാണാതായി.
റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് യുക്രെയ്‌നില്‍ നിന്നു പലായനം ചെയ്തവര്‍ 10 ലക്ഷം കഴിഞ്ഞെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഇതില്‍ പകുതിയിലേറെ പേര്‍ പോളണ്ടിലാണ് അഭയം തേടിയത്. ഹംഗറി, മോള്‍ഡോവ എന്നിവയാണ് അഭയാര്‍ഥികളെ സ്വീകരിച്ച രാജ്യങ്ങളില്‍ രണ്ടും മൂന്നും സ്ഥാനത്ത്. ഹര്‍കീവില്‍ നടക്കുന്ന മിസൈല്‍, ബോംബ് ആക്രമണങ്ങളാണ് കഴിഞ്ഞ 2 ദിവസത്തിനിടെ പലായനം വര്‍ധിപ്പിച്ചത്. യുക്രെയ്ന്‍ ജനസംഖ്യയുടെ 2% ഒരാഴ്ച കൊണ്ട് അയല്‍രാജ്യങ്ങളില്‍ അഭയം തേടി.
"
https://www.facebook.com/Malayalivartha

























