വരുമാനം ആ വഴിയേയും... വലിയ പടക്കോപ്പെന്ന് അഹങ്കരിച്ച റഷ്യന്‍ സൈന്യത്തിന്റെ യുദ്ധ ടാങ്കുകള്‍ തെരുവുകളില്‍ കളിക്കോപ്പുകളായി മാറുന്നു; ഇന്ധനം തീര്‍ന്നതും കേടായതുമായ ടാങ്കറുകള്‍ റഷ്യന്‍ സൈന്യം ഉപേക്ഷിച്ച് പോയതോടെ നാട്ടുകാര്‍ക്ക് ഉത്സവമായി

യുദ്ധം യുക്രെയ്‌ന് മേലുണ്ടാക്കിയ ആഘാതം ചെറുതല്ല. ജനങ്ങള്‍ ഇപ്പോഴും അതില്‍ നിന്നും മുക്തരല്ല. അതിനിടയില്‍ റഷ്യയെ നാണം കെടുത്തുകയാണ് യുക്രെയിന്‌ലെ സാധാരണ ജനങ്ങള്‍. റഷ്യന്‍ സൈന്യം ഉപേക്ഷിച്ചുപോയ യുദ്ധ ടാങ്കുകള്‍ തെരുവുകളില്‍ കളിക്കോപ്പുകളായി മാറിയതോടെ അതുകൊണ്ട് വേറിട്ട ഉപയോഗം കണ്ടെത്തുകയാണ് യുക്രെയ്ന്‍കാര്‍.
ഇത്തരം ടാങ്കുകള്‍ കര്‍ഷകര്‍ ട്രാക്ടറില്‍ കെട്ടിവലിച്ചുകൊണ്ടുപോകുന്ന കാഴ്ച പതിവായി. ടാങ്കിനുള്ളിലെ കാഴ്ചകളും ഉപയോഗങ്ങളുമൊക്കെ വിവരിച്ച് വിഡിയോകള്‍ ചിത്രീകരിച്ച് ടിക്‌ടോക്കില്‍ വ്‌ലോഗര്‍മാര്‍ സജീവമായി. അതിനിടെ വഴിയില്‍ നിന്ന് കിട്ടിയ ടി 72 ടാങ്കുകളിലൊന്ന് ആരോ ഓണ്‍ലൈന്‍ വിപണിയായ ഇബേയില്‍ ലേലത്തിനിട്ടു. 50,000 യുഎസ് ഡോളര്‍ വിലയിട്ട് ലേലത്തിനു വച്ച ടാങ്കിന്റെ പരസ്യം മണിക്കൂറുകള്‍ക്കുള്ളില്‍ ഇബേയ് തന്നെ നീക്കി. 10 ലക്ഷം ഡോളര്‍ വിലയുള്ള ടാങ്കാണ് നിസാര വിലയ്ക്ക് ലേലത്തിനു വച്ചത്.
റഷ്യന്‍ ടാങ്കുകളും കവചിത വാഹനങ്ങളും പിടിച്ചെടുക്കുന്നവര്‍ക്കു യുക്രെയ്ന്‍ അഴിമതിവിരുദ്ധ ഏജന്‍സി കഴിഞ്ഞ ദിവസം ആദായനികുതി ഇളവു പ്രഖ്യാപിച്ചതോടെയാണ് ഇവ വിറ്റു കാശാക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമായത്.
യുക്രെയ്‌നിലെ മൂന്നാമത്തെ വലിയ നഗരമായ ഒഡേസ ലക്ഷ്യമാക്കി ക്രൈമിയയ്ക്കു സമീപം കരിങ്കടലില്‍ റഷ്യയുടെ കപ്പല്‍വ്യൂഹം പടയൊരുക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. സൈനികരെ ഒഡേസയില്‍ ആക്രമണത്തിനെത്തിക്കുന്നതിനായി റഷ്യന്‍ യുദ്ധക്കപ്പലുകള്‍ കാത്തുകിടക്കുന്നതായി യുക്രെയ്ന്‍ സൈന്യം പറഞ്ഞു. ദക്ഷിണ യുക്രെയ്‌നിലെ പ്രധാന നഗരമായ ഖേഴ്‌സന്‍ പിടിച്ചതോടെ തലസ്ഥാനനഗരമായ കീവും കരിങ്കടലുമായുള്ള ബന്ധം വിഛേദിച്ച റഷ്യയ്ക്ക് ഒഡേസ പിടിച്ചെടുക്കുക എളുപ്പമായിരിക്കും. ഇതുവഴി 2 ദിവസത്തിനുള്ളില്‍ യുക്രെയ്‌നിന്റെ കരിങ്കടല്‍ തീരമാകെ നിയന്ത്രണത്തിലാകുമെന്നാണ് റഷ്യയുടെ പ്രതീക്ഷ.
അതേസമയം, എന്തു സംഭവിച്ചാലും ലക്ഷ്യം കാണാതെ പിന്മാറില്ലെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പറഞ്ഞതായി അദ്ദേഹവുമായുള്ള ഫോണ്‍ സംഭാഷണത്തിനു ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ വെളിപ്പെടുത്തി. യുക്രെയ്‌ന്റെ നിരായുധീകരണമാണ് ലക്ഷ്യമെന്നും പുടിന്‍, മക്രോ ചര്‍ച്ചയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
യുക്രെയ്‌നിലെ റഷ്യയുടെ 'പ്രത്യേക സൈനികനടപടി' ലക്ഷ്യമിട്ടതുപോലെ തന്നെ മുന്നേറുന്നുണ്ടെന്നും കീവില്‍ റഷ്യ ബോംബാക്രമണം നടത്തുകയാണെന്നതു റഷ്യവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാണെന്നും പുട്ടിന്‍ ആരോപിച്ചു. ചര്‍ച്ച വൈകുന്നതനുസരിച്ച് റഷ്യയുടെ ആവശ്യങ്ങളും വര്‍ധിക്കുമെന്നും പുട്ടിന്‍ മുന്നറിയിപ്പു നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
യുക്രെയ്‌നിനു വേണ്ടി യുദ്ധം ചെയ്യുന്നതിനായുള്ള സന്നദ്ധസേനയില്‍ 16,000 വിദേശികള്‍ ചേര്‍ന്നതായി പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞു. യുദ്ധാനന്തര പുനര്‍നിര്‍മാണത്തിനുള്ള തുക റഷ്യയില്‍ നിന്നു തന്നെ ഈടാക്കുമെന്നും സെലെന്‍സ്‌കി പറഞ്ഞു.
അതേസമയം പോളണ്ടിലെ വില്‍നിയസ് നഗരത്തില്‍ റഷ്യന്‍ എംബസിയോടു ചേര്‍ന്നുള്ള റോഡിന്റെ പേര് യുക്രെയ്ന്‍ ഹീറോസ് സ്ട്രീറ്റ് എന്നു മാറ്റി. റഷ്യന്‍ എംബസിയുടെ വിലാസം ഇനി യുക്രെയ്ന്‍ യുദ്ധനായകന്മാരുടെ പേരിലായിരിക്കും അറിയപ്പെടുക.
"
https://www.facebook.com/Malayalivartha

























