ഐഎഫ്എഫ്‌കെ വേദിയില്‍ സര്‍പ്രൈസ് അതിഥിയായി ഭാവന... 26-ാം രാജ്യാന്തര ചലച്ചിത്രോത്സവം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിത അതിഥിയായി ഭാവന. 26-ാം രാജ്യാന്തര ചലച്ചിത്രോത്സവം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിന്റെ നേരത്തെ പുറത്തിറക്കിയ അതിഥികളുടെ ലിസ്റ്റില്‍ ഭാവന ഉണ്ടായിരുന്നില്ല. ഐഎസ് ആക്രമണത്തില്‍ ഇരു കാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന്‍, മേളയുടെ ഉദ്ഘാടന ചിത്രമായ 'രഹാന'യിലെ അഭിനയത്തിന് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച അഭിനേത്രിയായി തിരഞ്ഞെടുക്കപ്പെട്ട ബംഗ്ലാദേശ് നടി അസ്മരി ഹഖ്, പ്രമുഖ സംവിധായകന്‍ അനുരാഗ് കശ്യപ് എന്നിവര്‍ക്കൊപ്പം അതിഥിയായാണ് ഭാവന ചടങ്ങിന് എത്തിയത്.
മേഖയിലെ വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിച്ചത്. വന്‍ കരഘോഷത്തോടെയാണ് വേദിയിലേക്കുള്ള ഭാവനയുടെ വരവിനെ നിശാഗന്ധിയില്‍ തിങ്ങി നിറഞ്ഞ ഡെലിഗേറ്റുകള്‍ സ്വീകരിച്ചത്.
'എന്നെ ക്ഷണിച്ച രഞ്ജിത് സാറിനും ബീനച്ചേച്ചിയ്ക്കും പ്രത്യേകം നന്ദി പറയുന്നു. നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും നല്ല സിനിമകള്‍ ആസ്വദിക്കുന്നവര്‍ക്കും ലിസയേ പോലെ പ്രതികൂല സാഹചര്യങ്ങളില്‍ പോരാടുന്ന സ്ത്രീകള്‍ക്കും എന്റെ എല്ലാവിധ ആശംസകളും നേരുന്നു' ചടങ്ങില്‍ സംസാരിക്കവേ ഭാവന പറഞ്ഞു.
കേരളത്തിന്റെ 26ാം രാജ്യാന്തര ചലച്ചിത്രോത്സവം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ലിസ ചലാനെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നല്‍കി മുഖ്യമന്ത്രി ആദരിച്ചു. ഇതുവരെ സൃഷ്ടിക്കപ്പെട്ട മനുഷ്യ കലകളില്‍ ഏറ്റവും ജനകീയമാണ് സിനിമകളെന്നു മുഖ്യമന്ത്രി പറഞ്ഞു. നിശാഗന്ധി തിയറ്ററില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.
ബംഗ്ലദേശ്, സിംഗപ്പുര്‍, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമായ 'രഹാന'യാണ് ഉദ്ഘാടന ചിത്രം. മാര്‍ച്ച് 25 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 173 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
https://www.facebook.com/Malayalivartha


























