ഭാഗ്യദേവത തുണച്ചു.... പച്ചമരുന്ന് വില്‍പ്പനശാലയിലെ ജീവനക്കാരനായ അയ്യപ്പന്‍ പിള്ളയെ തേടി എത്തിയത് 7 കോടി

ആറ്റിങ്ങല്‍ സ്വദേശി അയ്യപ്പന്‍ പിള്ളയെ ദൈവം കൈവിട്ടില്ല. ഭാഗ്യവും ദൈവത്തിന്റെ അനുഗ്രഹവും എപ്പോഴും അയപ്പന്‍പിള്ളയോടൊപ്പം ഉണ്ടായിരുന്നു. കേരള സര്‍ക്കാരിന്റെ ഓണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഏഴു കോടി രൂപയാണ് അയ്യപ്പന്‍പിള്ളയെ തേടി എത്തിയത്. ആറ്റിങ്ങല്‍ കീഴാറ്റിങ്ങല്‍ സ്വദേശിയാണ് അയ്യപ്പന്‍ പിള്ള. ആറ്റിങ്ങലില്‍ നിന്നും അയ്യപ്പന്‍പിള്ള വാങ്ങിയ 513282 എന്ന ടിക്കറ്റാണു ഭാഗ്യം കൊണ്ടുവന്നത്. ആറ്റിങ്ങലിലെ പച്ചമരുന്ന് വില്‍പ്പനശാലയിലെ ജീവനക്കാരനാണ് അയ്യപ്പന്‍പിള്ള.
എല്ലാം ദൈവത്തിന്റെ അനുഗ്രഹമെന്ന് അയ്യപ്പന്‍പിള്ള പറയുന്നു. കേരള സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ ഏഴുകോടി ആറ്റിങ്ങലിലെത്തിച്ചത് ആറ്റിങ്ങല്‍ ഭഗവതി ലോട്ടറി ഏജന്‍സിയാണ്. ഭഗവതിയില്‍നിന്നും ചില്ലറക്കച്ചവടക്കാരനായ ആലംകോട് പെരുംകുളം മുട്ടുക്കോണം ചരുവിള പുത്തന്‍വീട്ടില്‍ ശ്രീധരന്‍ എടുത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് ഫലം ഓണ്‍ ലൈനില്‍ പ്രസിദ്ധീകരിച്ചത്. അപ്പോള്‍ത്തന്നെ ഓണം ബമ്പര്‍ ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സിയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണെന്ന് ഉറപ്പായി.
അയ്യപ്പന്‍പിള്ള വര്‍ഷങ്ങളായി ലോട്ടറി ടിക്കറ്റുകള്‍ എടുത്തിരുന്നു. ഇതുവരെ ഒരു സമ്മാനവും അടിച്ചിരുന്നില്ല. ജീവിത പ്രാരാബ്ധങ്ങളില്‍ കഷ്ടപ്പെടുമ്പോഴും ലോട്ടറി ടിക്കറ്റ് എടുക്കുന്നത് മുടക്കിയില്ല. കിട്ടുന്ന വരുമാനത്തില്‍ ചെറിയൊരു പങ്ക് ലോട്ടറി ടിക്കറ്റെടുക്കാനായി മാറ്റിവച്ചു. എന്നെങ്കിലും ഭാഗ്യദേവത തന്റെ വീട്ടിലേക്ക് പടികടന്നെത്തുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഒടുവില്‍, ഭാഗ്യദേവത കടാക്ഷിച്ചു. സംസ്ഥാന ലോട്ടറി ബമ്പറിന്റെ ഏറ്റവും വലിയസമ്മാനത്തുക തന്നെ അദ്ദേഹത്തിന് സമ്മാനിച്ചാണ് ഭാഗ്യദേവതയുടെ അനുഗ്രഹം.
ആറ്റിങ്ങല്‍ മാര്‍ക്കറ്റ് റോഡിന് സമീപത്തെ പച്ചമരുന്ന് കടയിലെ കണക്കെഴുത്തുകാരനാണ്. തുച്ഛമായ ശമ്പളം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപാട്. നാല് മക്കള്‍. രണ്ട് പെണ്ണും രണ്ടാണും.ഭാര്യ അമ്പിളി. പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയച്ചു. 18 സെന്റില്‍ ഒരു ചെറിയ വീട്. അതിന്റെ അറ്റകുറ്റപ്പണിപോലും നടത്താന്‍ കഷ്ടപ്പാട്. ആണ്‍മക്കള്‍ ജോലിക്കുപോയി കിട്ടുന്ന വരുമാനവും അയ്യപ്പന്‍ പിള്ളയുടെ വരുമാനവുംകൊണ്ടാണ് ഒരുവിധം കഴിഞ്ഞുപോയിരുന്നത്. ഒരിക്കലും അയ്യപ്പന്‍പിള്ള വിശ്വസിച്ചിരുന്നില്ല തനിക്ക് ബമ്പറടിക്കുമെന്ന്.
ചെറിയ തുകകളുടെ സമ്മാനം മോഹിച്ചാണ് ലോട്ടറി ടിക്കറ്റുകള്‍ എടുത്തിരുന്നത്. ഒന്നും കിട്ടാതെ വന്നപ്പോഴും നിരാശനായില്ല. തുടര്‍ന്നും ടിക്കറ്റുകള്‍ എടുത്തുകൊണ്ടേയിരുന്നു.. ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സിയുടെ ടിക്കറ്റാണ് എടുത്തത്. ഒടുവില്‍ ഭാഗ്യദേവത ആ കൊച്ചുവിട്ടിലേക്ക് പടികടന്നെത്തി. അയ്യപ്പന്‍പിള്ളയെ കോടീശ്വരനാക്കാന്‍. വിവാഹം കഴിപ്പിച്ചയച്ച മക്കള്‍ക്കടക്കം ആവുന്നത്ര സഹായം ചെയ്യണം.
ഏഴുകോടിയുടെ ലോട്ടറി ടിക്കറ്റ് കൈയില്‍വച്ച് അയ്യപ്പന്‍പിള്ള തന്റെ കൊച്ചുമോഹങ്ങള്‍ പങ്കുവച്ചു. സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് അയ്യപ്പന്‍പിള്ള നോക്കിയതിലുമുണ്ടൊരു സസ്‌പെന്‍സ്. എടുക്കുന്ന ലോട്ടറി വീട്ടില്‍വച്ചശേഷം അതിലെ നമ്പര്‍ കുറിച്ചെടുത്ത് അടുത്തുള്ള കടയില്‍കൊണ്ടുപോയി നോക്കുകയാണ് അയ്യപ്പന്‍പിള്ളയുടെ പതിവ്. എന്നാല്‍, ഇക്കുറി അത് തെറ്റി. ലോട്ടറിയുടെ നമ്പര്‍ കുറിച്ചെടുക്കാന്‍ സമയം കിട്ടിയില്ല.
അതിനിടെതന്നെ സമ്മാനം ആറ്റിങ്ങലാണെന്ന് ആരോ പറഞ്ഞറിഞ്ഞു. നമ്പര്‍ ഒത്തുനോക്കി. ഒന്നാം സമ്മാനം.. അയ്യപ്പന്‍പിള്ള അന്ധാളിച്ചുപോയി. അപ്പോഴേക്കും വീട്ടിലേക്ക് ആളുകളുടെ ഒഴുക്ക്. ആറ്റിങ്ങല്‍ മാര്‍ക്കറ്റ് റോഡിലെ ലോട്ടറി വില്‍പ്പനക്കാരനായ ആലംകോട് പെരുംകുളം മുട്ടുകോണം ചരുവിള പുത്തന്‍വീട്ടില്‍ വി. ശ്രീധരനാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്. ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തെഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്ന് വാങ്ങിയ 40 ടിക്കറ്റുകളിലൊന്നിനാണ് ഒന്നാം സമ്മാനമടിച്ചത്.
ചിറയിന്‍കീഴ് താമരക്കുളം മഠത്തില്‍വീട്ടില്‍ തങ്കരാജിന്റേതാണ് ഭഗവതി ഏജന്‍സി. ഒന്നാം സമ്മാനത്തിന്റെ കമ്മിഷനായി 70 ലക്ഷം രൂപ ഏജന്‍സിക്ക് ലഭിക്കും. അത് ശ്രീധരന് നല്‍കുമെന്ന് ഇന്നലെ തങ്കരാജ് പറഞ്ഞിരുന്നത്. മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയായിരുന്ന ശ്രീധരന്‍ അസുഖത്തെത്തുടര്‍ന്നാണ് ലോട്ടറി വില്‍പ്പനക്കാരനായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























