പോക്കറ്റടി സംഘത്തിന്റെ പുതിയ തന്ത്രം കേട്ട് അന്തംവിട്ട് പോലീസ്

ബസ്സില്‍ പോക്കറ്റടിക്കാന്‍ സംഘമായി കയറുന്നവര്‍ ബസില്‍ പോക്കറ്റടി നടന്നതായി യാത്രക്കാര്‍ മനസ്സിലാക്കിയെന്ന് തോന്നിയാല്‍ സംഘത്തിലൊരാള്‍ ഇറങ്ങി ഓടും. പോക്കറ്റടിച്ച് പണം കൈവശപ്പെടുത്തിയവന്‍ ബസില്‍ തന്നെ നില്‍ക്കും. ഓടിയവന്റെ പുറകെ യാത്രക്കാര്‍ ഓടും. കഴിഞ്ഞ ദിവസം ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്ത പോക്കറ്റടി സംഘത്തിന്റെ പുതിയ തന്ത്രം കേട്ട് പോലീസ് പോലും അന്തംവിട്ടു.
യാത്രക്കാരന്റെ 3500രൂപ പോക്കറ്റടിച്ചതിന് മാന്താനം പുതുപ്പറമ്പില്‍ ജോബിന്‍ (36), ചങ്ങനാശേരി പള്ളിപ്പറമ്പില്‍ മുഹമ്മദ് ഷാ (34), ചവിട്ടുവരി കണിയാംപറമ്പില്‍ ഷമീര്‍ (29) എന്നിവരാണ് പിടിയിലായത്. തിരക്കുള്ള ബസിലാണ് ഇവരുടെ പോക്കറ്റടി. കനമുള്ള പഴ്‌സുള്ളയാളുടെ അടുത്ത് മൂവരും നിലയുറപ്പിക്കും. എന്നിട്ട് ഒരു കൃത്രിമ തിരക്കുണ്ടാക്കും. രണ്ടുപേര്‍ മദ്യം കഴിച്ചവരെപ്പോലെ അല്‍പ്പം ആടിയാടി നില്‍ക്കും. ഇതിനിടെ മൂന്നാമന്‍ പഴ്‌സ് തട്ടിയെടുക്കും.
പോക്കറ്റടിച്ചുവെന്ന് മനസിലാക്കി യാത്രക്കാരന്‍ ബഹളമുണ്ടാക്കിയാല്‍ പഴ്‌സ് കൈവശമില്ലാത്തയാള്‍ പുറത്തിറങ്ങി ഓടി രക്ഷപ്പെടും. യാത്രക്കാരും മറ്റും ഓടുന്നയാളുടെ പിന്നാലെ പോകും. ഈ സമയം ബസിലിരിക്കുന്നവരുടെ കൈവശത്തായിരിക്കും പണം. അവര്‍ സുരക്ഷിതരായി അടുത്ത സ്‌റ്റോപ്പിലിറങ്ങി മുങ്ങും. ഇതാണ് പോക്കറ്റടിക്കാരുടെ പുതിയ തന്ത്രം. പഴ്‌സില്ലാത്തയാള്‍ ഓടി രക്ഷപ്പെടുന്നതോടെ ബസില്‍ പോലീസ് പരിശോധനയും ഉണ്ടാവില്ല. പോക്കറ്റടിച്ചയാള്‍ രക്ഷപ്പെട്ടു എന്നു കരുതും.
പക്ഷേ കഴിഞ്ഞ ദിവസം ഈ തന്ത്രങ്ങളെല്ലാം പാളി. മൂവര്‍ സംഘത്തിലെ ജോബിന്‍ ആണ് പോക്കറ്റടിച്ചത്. പോക്കറ്റടിച്ചെന്നു മനസിലാക്കി യാത്രക്കാരന്‍ ബഹളം വച്ചപ്പോള്‍ ബസ് നിര്‍ത്തി. ഉടനെ ഷമീര്‍ ബസില്‍ നിന്നിറങ്ങിയോടി. ഷമീറിനെ യാത്രക്കാരും മറ്റും ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പിച്ച് ബസ് യാത്ര തുടര്‍ന്നു. ഈ സമയം പോക്കറ്റടിച്ച പഴ്‌സുമായി ജോബിനും മുഹമ്മദ്ഷായും ബസിലുണ്ടായിരുന്നു. ഷമീറിനെ ഓടിക്കുന്നതും പിടിക്കുന്നതുമെല്ലാം ഇവര്‍ ബസിലിരുന്ന് കണ്ടു. പിന്നീട് ബസ് യാത്ര തുടര്‍ന്നപ്പോള്‍ കഞ്ഞിക്കുഴിയിലിറങ്ങി നേരേ ചങ്ങനാശേരിക്ക് പോയി.
പോലീസ് കസ്റ്റഡിയിലായ ഷമീറിനെ പരിശോധിച്ചപ്പോള്‍ കൈവശം പണമില്ല. ഇതോടെ പോലീസ് ആകെ കുഴഞ്ഞു. എന്നാല്‍ പണം നഷ്ടപ്പെട്ട യാത്രക്കാരന്‍ ഇയാളോടൊപ്പം മറ്റു ചിലര്‍കൂടിയുണ്ടെന്ന് സംശയം പ്രകടിപ്പിച്ചതോടെ കഥയ്ക്കു വഴിത്തിരിവായി. അങ്ങനെയാണ് പോക്കറ്റടി സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചത്. പിന്നീട് ഷമീറിനെ ഉപയോഗിച്ച് തന്ത്രപരമായി കൂട്ടുകാരെ വിളിച്ചുവരുത്തി വലയിലാക്കുകയായിരുന്നു. പോലീസ് ഈ തന്ത്രം പ്രയോഗിച്ചില്ലായിരുന്നുവെങ്കില്‍ മറ്റുള്ളവരെ കിട്ടുകയില്ലായിരുന്നു. പോക്കറ്റടിച്ച പണമോ പേഴ്‌സോ കൈയ്യിലില്ലാത്ത, ഇറങ്ങിയോടിയ ഷമീറിനെ കുറ്റവിമുക്തനാക്കുകയും ചെയ്യുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha

























