വി.എസ് ഇപ്പോഴും വേലിക്ക് പുറത്തുതന്നെ; സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടന്ന് ഔദ്യോഗിക പക്ഷം

കേന്ദ്ര കമ്മറ്റി ക്ഷണിച്ചാദരിച്ചിട്ടും സി.പി.എം സംസ്ഥാന രാഷ്ട്രീയത്തില്‍ വി.എസ് അച്യുതാനന്ദന്റെ ശനിദശ തുടരുന്നു. ഇന്നലെ തലസ്ഥാനത്ത് സമാപിച്ച സംസ്ഥാന കമ്മറ്റിയില്‍ രണ്ടു ദിവസവും പങ്കെടുത്ത് നല്ല കുട്ടി ചമഞ്ഞിട്ടും വി.എസ് അച്യുതാനന്ദനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് ഔദ്യോഗിക പക്ഷം തീരുമാനിച്ചു. വി.എസിനെ പാര്‍ട്ടി കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റി ഇപ്പോള്‍ ചര്‍ച്ചക്കുപോലും പ്രസക്തി ഇല്ലെന്നാണ് ഔദ്യോഗിക പക്ഷം സ്വീകരിച്ച നിലപാട്. പിണറായി വിജയന്റെ ഈ നിലപാടിനെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അംഗീകരിച്ചു. ഇതോടെ കമ്മറ്റിയില്‍ പങ്കെടുത്ത കേന്ദ്ര നേതാക്കള്‍ക്കും നിലപാട് സ്വീകരിക്കാന്‍ കഴിയാതെയായി.
രണ്ടുമാസങ്ങള്‍ക്ക് മുന്ന് നടന്ന കേന്ദ്ര കമ്മറ്റിയില്‍ ഘടകം വേണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ നേരില്‍ കണ്ട് വി.എസ് അച്യുതാനന്ദന്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര കമ്മറ്റിയും, നേതാക്കളും വി.എസിന്റെ നിലപാടിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുകയും നേരത്തെ സംസ്ഥാന സമ്മേളനം ഒഴിച്ചിട്ടിരുന്ന സംസ്ഥാന സമിതിയിലെ ഒഴിവ് വി.എസിനെ ഉള്‍പ്പെടുത്തി നികത്തണമെന്നും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. നിലവില്‍ കേന്ദ്രകമ്മറ്റിയിലെ ക്ഷണിതാവായിരുന്ന വി.എസിനെ കേന്ദ്ര നേതൃത്വം നേരിട്ട് വിളിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംസ്ഥാന സമിതിയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നേരത്തെ ഏറ്റിരുന്ന പരിപാടി റദ്ദാക്കി രണ്ടു ദിവസവും സംസ്ഥാന സമിതിയോഗത്തില്‍ വി.എസ് പങ്കെടുക്കുകയും ചെയ്തു. ഗുരുനിന്ദ വിഷയത്തിലും, മൂന്നാര്‍ സമരത്തിലും അടിത്തറ തകര്‍ന്നു നില്‍ക്കുന്ന സംസ്ഥാനത്തെ സി.പി.എമ്മിന് തദ്ദേശ തെരഞ്ഞെടുപ്പില്‍ വി.എസ് നേതൃത്വം നല്‍കണമെന്ന കണക്കൂകൂട്ടലിലായിരുന്നു നേതൃത്വത്തിന്റെ ഈ നീക്കം. മൂന്നാര്‍ സമരത്തിലടക്കം പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും വി.എസിന് ജനപിന്തുണ കിട്ടി എന്നായിരുന്നു കേന്ദ്രക്കമ്മറ്റിയുടെ വിലയിരുത്തല്‍. കേന്ദ്ര കമ്മറ്റിയുടെ പൂര്‍ണ്ണ പിന്തുണയോടെ സംസ്ഥാന സമിതിയില്‍ എത്താമെന്ന് വി.എസും മോഹിച്ചിരുന്നു.
എന്നാല്‍ സംസ്ഥാന നേതൃത്വത്തിലേക്കുള്ള വി.എസിന്റെ വരവ് ഇപ്പോള്‍ അടഞ്ഞ അധ്യായം തന്നെയെന്നാണ് ഔദ്യോഗിക പക്ഷം വിലയിരുത്തിയത്. സംസ്ഥാന കമ്മറ്റിയിലെ ഒഴിവ് നികത്താമെന്ന് സീതാറാം യെച്ചുരി നേരിട്ടാവശ്യപ്പെട്ടപ്പോള്‍ ഇപ്പോള്‍ അതിനുള്ള സമയമായിട്ടില്ല എന്നായിരുന്നു മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിച്ചത്. വി.എസിനെ നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കോടിയേരി ബാലകൃഷ്ണനും വാദിച്ചു. മൂന്നാര്‍ വിഷയത്തില്‍ അച്യുതാനന്ദന്‍ പാര്‍ട്ടിയെ പൊതുസമൂഹത്തിനുമുന്നില്‍ അപഹാസ്യമാക്കിയതായാണ് ഔദ്യോഗിക പക്ഷം വിലയിരുത്തിയത്. സംസ്ഥാന സമ്മേളനത്തിന് മുന്നേ പാര്‍ട്ടി വിരുദ്ധന്‍ എന്ന് വി.എസിനെ സംബോധന നടത്തിയ സാഹചര്യം ഇന്നും നിലനില്‍ക്കുന്നതായും സംസ്ഥാന സമിതിയില്‍ പിണറായി പക്ഷനേതാക്കള്‍ വാദിച്ചു. ഇതോടെ വി.എസിനെ കമ്മറ്റിയില്‍ എടുക്കേണ്ട സാഹചര്യമില്ലെന്ന വിലയിരുത്തലിലേക്ക് സംസ്ഥാന സമിതി എത്തിയതോടെ ജനറല്‍ സെക്രട്ടറി അടക്കമുള്ള കേന്ദ്ര നേതാക്കള്‍ കാഴ്ചക്കാര്‍ മാത്രമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























