പ്രശസ്ത സിനിമാ പിന്നണി ഗായിക രാധിക തിലക് അര്‍ബുദരോഗ ബാധയെ തുടര്‍ന്ന് അന്തരിച്ചു

പ്രശസ്ത സിനിമാ പിന്നണി ഗായിക രാധിക തിലക് (45) അന്തരിച്ചു. ഞായറാഴ്ച രാത്രി എട്ടു മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദരോഗ ബാധയെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. പനി ബാധിച്ച് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി എട്ടു മണിയോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
എഴുപതിലേറെ ചലച്ചിത്രഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സ്‌റ്റേജ് ഷോകളിലും സജീവ സാന്നിദ്ധ്യമായിരുന്നു. ലളിതഗാന രംഗത്തു നിന്നാണ് രാധിക സിനിമാ രംഗത്തേക്കെത്തുന്നത്.
ആകാശവാണിയിലൂടെയായിരുന്നു തുടക്കം. എം.ജി. ശ്രീകുമാര്‍, യേശുദാസ്, വേണുഗോപാല്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി സ്‌റ്റേജ് ഷോകളിലും പങ്കെടുത്തിട്ടുണ്ട്. ബന്ധു കൂടിയായ ജി. വേണുഗോപാലിനൊപ്പം \'ഒറ്റയാള്‍ പട്ടാളം\' എന്ന ചിത്രത്തില്‍ ആലപിച്ച \'മായാമഞ്ചലില്‍...\' എന്ന ഗാനത്തോടെയാണ് രാധിക സിനിമാ രംഗത്ത് ശ്രദ്ധേയയായത്. തുടര്‍ന്ന് ഗുരുവിലെ \'ദേവസംഗീതം നീയല്ലേ....\', കന്മദത്തിലെ \'മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ\' തുടങ്ങിയ ഗാനങ്ങള്‍ ഏറെ ഹിറ്റായി.
നിരവധി ഭക്തിഗാനങ്ങളും ആലപിച്ചിട്ടുണ്ട്. സംഗീത പാരമ്പര്യമുള്ള എറണാകുളം രവിപുരത്തെ ശ്രീകണ്ഠത്ത് കുടുംബത്തില്‍ ജനിച്ച രാധിക എറണാകുളം ചിന്മയ വിദ്യാലയം, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നിരവധി സ്‌റ്റേജ് ഷോകളിലൂടെയും കാെസറ്റുകളിലൂടെയും രാധികയുടെ സ്വരമാധുരി മലയാളിയുടെ മനസ്സില്‍ ഇടംപിടിച്ചു.
അഞ്ച് വര്‍ഷക്കാലത്തെ ദുബായ് ജീവിതത്തിനിടെ ഗള്‍ഫില്‍ നടന്ന യേശുദാസിന്റെയും ദക്ഷിണാമൂര്‍ത്തി, ജോണ്‍സണ്‍, രവീന്ദ്രന്‍ മാഷ് തുടങ്ങിയവരുടെയെല്ലാം സംഗീത സന്ധ്യകളിലും രാധിക തിലക് സജീവ സാന്നിദ്ധ്യമായിരുന്നു. ദുബായില്‍ താമസിക്കവേ വോയ്‌സ് ഓഫ് അറേബ്യ എന്ന ടെലിവിഷന്‍ ഷോയും അവതരിപ്പിച്ചിരുന്നു. രോഗബാധയെ തുടര്‍ന്ന് കുറച്ചുകാലമായി സംഗീതരംഗത്തു നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
ശ്രീകണ്ഠത്ത് പി.ജെ. തിലകന്റെയും പരേതയായ ഗിരിജാ ദേവിയുടെയും മകളാണ്. ബിസിനസ്സുകാരനായ സുരേഷ് കൃഷ്ണയാണ് രാധികയുടെ ഭര്‍ത്താവ്. മകള്‍ ദേവിക (എല്‍.എല്‍.ബി. വിദ്യാര്‍ത്ഥിനി, കളമശ്ശേരി ന്യുവാല്‍സ്). മൃതദേഹം രാത്രി പത്തുമണിയോടെ കൊച്ചി പനമ്പിള്ളി നഗറിലെ ആര്‍വിന്‍ റോസ് ഡെയ്ല്‍ അപ്പാര്‍ട്ട്‌മെന്റിലേക്ക് കൊണ്ടുപോയി. പൊതുദര്‍ശനത്തിനു ശേഷം ശവസംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 4 ന് രവിപുരം ശ്മശാനത്തില്‍ നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























