ഇനി തീക്കളി മാത്രം... സൈന്യവും കൈവിട്ടതോടെ അവസാന കളിയുമായി ഇമ്രാന്‍ഖാന്‍; പ്രധാനമന്ത്രി പദവി വെറുതെ രാജിവച്ചൊഴിയില്ലെന്ന് വ്യക്തമാക്കി ഇമ്രാന്‍ ഖാന്‍; പ്രതിപക്ഷത്തിന്റെ തന്ത്രങ്ങളെ ഭയക്കുന്നില്ല; അവര്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയവും പരാജയപ്പെടും

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നാളുകള്‍ എണ്ണപ്പെട്ടതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. സൈന്യവും കൈവിട്ടെങ്കിലും ഇമ്രാന്‍ ഖാന്‍ തോല്‍വി സമ്മതിക്കുന്നില്ല. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പദവി വെറുതെ രാജിവച്ചൊഴിയില്ലെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇമ്രാന്‍ പദവിയില്‍ തുടരുവാന്‍ ശ്രമിക്കുമെന്നറിയിച്ചത്. എന്നെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷം എല്ലാ കാര്‍ഡുകളും പുറത്തെടുക്കും എന്നറിയാം. എനിക്കെതിരെ അവര്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയവും പരാജയപ്പെടും എന്നും ഇമ്രാന്‍ പറഞ്ഞു.
ഞാന്‍ എന്തിന് രാജി വയ്ക്കണം? കള്ളന്മാരുടെ താല്‍പ്പര്യത്തിന് വഴങ്ങിയാണോ ഞാന്‍ പാക്ക് നേതാവായത്? ഒരിക്കലുമല്ല, വീട്ടില്‍ പണിയൊന്നുമില്ലാതെ ഞാന്‍ ചടങ്ങിക്കൂടുമെന്ന പ്രതിപക്ഷത്തിന്റെ ആശ അസ്ഥാനത്താണ് എന്നും ഇമ്രാന്‍ പറഞ്ഞു. സൈന്യവും കൈവിട്ടതോടെ സര്‍ക്കാരിനെ രക്ഷിക്കാന്‍ അവസാനശ്രമം എന്ന നിലയില്‍, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റവും പണപ്പെരുപ്പവും അഭിമുഖീകരിക്കുന്ന പാക്കിസ്ഥാനില്‍ ഭരണപ്രതിസന്ധി രൂക്ഷമാണ്. പ്രതിപക്ഷകക്ഷിയായ പിഎംഎല്‍ നവാസ് വിഭാഗം, പിപിപി എന്നിവയിലെ നൂറോളം എംപിമാരാണ് അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നത്.
പാകിസ്ഥാനില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പ് ആസന്നമായിരിക്കെ, മൂന്ന് പ്രമുഖ സഖ്യകക്ഷികള്‍ പ്രതിപക്ഷമുന്നണിയില്‍ ചേരാന്‍ തീരുമാനിച്ചത് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വന്‍ തിരിച്ചടിയായി.
മുത്തഹിദ ഖ്വാമി മൂവ്‌മെന്റ് പാകിസ്ഥാന്‍ ( ഏഴ് എംപിമാര്‍ ), പാകിസ്ഥാന്‍ മുസ്ലീം ലീഗ് ഖ്വയിദ് ( അഞ്ച് എം. പിമാര്‍ ), ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി (അഞ്ച് എം. പിമാര്‍) എന്നീ കക്ഷികളാണ് ഇമ്രാനെ കൈവിട്ടത്. അവിശ്വാസ പ്രമേയം പരിഗണിക്കാന്‍ പാക് പാര്‍ലമെന്റ് നാളെ സമ്മേളിക്കാനിരിക്കെ മൂന്ന് കക്ഷികളും പ്രതിപക്ഷമുന്നണിയില്‍ ചേരുന്ന പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് കക്ഷികള്‍ക്കും കൂടി 17 എം. പിമാരാണുള്ളത്. ഇമ്രാന്റെ സ്വന്തം പാര്‍ട്ടിയായ പി.ടി. ഐയിലെ 24 വിമതര്‍ക്കൊപ്പം അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാനാണ് ഇവരുടെ തീരുമാനം.
ഇസ്ലാമബാദില്‍ നടക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനം കഴിഞ്ഞാലുടന്‍ രാജിവയ്ക്കണമമെന്നാണ് ഇമ്രാന് സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ ഉള്‍പ്പെടെ നാല് സീനിയര്‍ ജനറല്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. സമ്മേളനം ഇന്നലെ സമാപിച്ചിരിക്കെ, ഇമ്രാന്‍ രാജി വയ്ക്കുമോ എന്ന് വ്യക്തമായിട്ടില്ല. അവിശ്വാസ പ്രമേയ വോട്ടെടുപ്പിനു മുമ്പ് രാജിവയ്ക്കണമെന്ന് സൈന്യം വീണ്ടും ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്.കൂറുമാറ്റക്കാര്‍ക്ക് അയോഗ്യത കല്‍പ്പിക്കുന്നതു സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥയില്‍ വ്യക്തത തേടി ഇമ്രാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. അതു മാത്രമാണ് ശേഷിക്കുന്ന പിടിവള്ളി.
സൈന്യവും കൈവിട്ടതോടെ സര്‍ക്കാരിനെ രക്ഷിക്കാന്‍ അവസാനശ്രമം എന്ന നിലയില്‍, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സുപ്രീം കോടതിയെ സമീപിച്ചു. അവിശ്വാസപ്രമേയത്തെ അനുകൂലിക്കുന്ന പാര്‍ട്ടിയിലെ വിമത എംപിമാരെ ആജീവനാന്തം അയോഗ്യരാക്കുന്നതു സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥയില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
സഭയില്‍ അവര്‍ ചെയ്യുന്ന വോട്ട് അസാധുവാക്കാനുള്ള സാധ്യതയും ആരാഞ്ഞു. അറ്റോര്‍ണി ജനറല്‍ ഖാലിദ് ജാവേദ് ഖാന്‍ ആണ് ഹര്‍ജി നല്‍കിയത്. പാര്‍ട്ടിക്കെതിരെ വോട്ടു ചെയ്യുന്നവരെ അയോഗ്യരാക്കാമെന്ന് ഭരണഘടനയില്‍ പറയുന്നുണ്ടെങ്കിലും കാലാവധിയെപ്പറ്റി പറയുന്നില്ല. അതിനാലാണ് കോടതിയെ സമീപിച്ചത്. ആജീവനാന്ത വിലക്ക് ഭയന്ന് വിമതര്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.
"
https://www.facebook.com/Malayalivartha