ജഡ്ജിയമ്മാവൻ നടയിൽ രാഹുൽ ഒരൊറ്റ പ്രാർത്ഥന മാത്രം..! കണ്ണ് നിറഞ്ഞ് തൊഴു കൈകളോടെ വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന മൂർത്തി

നിയമനടപടികള്‍ നേരിടുന്നതിനിടെ, കോണ്‍ഗ്രസ് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രശസ്തമായ ജഡ്ജിയമ്മാവന്‍ കോവിലില്‍ എത്തി പ്രാര്‍ത്ഥന നടത്തി. കേസ് സംബന്ധമായ കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കാന്‍ പ്രാര്‍ത്ഥിച്ചാല്‍ ഫലമുണ്ടാകുമെന്ന വിശ്വാസമാണ് രാഹുലിനെ പൊന്‍കുന്നം ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഈ കോവിലില്‍ എത്തിച്ചത്.
കോടതി നടപടികള്‍ കാത്തിരിക്കുന്നവരാണ് പൊതുവെ ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താറുള്ളത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപും നേരത്തെ ഈ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥന നടത്തിയിരുന്നു. ഇന്ന് രാവിലെ പത്തനംതിട്ടയിലെ അടൂരില്‍ വീടിന് സമീപത്തെ ക്ഷേത്രത്തിലും രാഹുല്‍ സ്‌ക്കൂട്ടറില്‍ എത്തി പ്രാര്‍ത്ഥന നടത്തിയിരുന്നു. രാഹുലിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് പോലീസും അദ്ദേഹത്തിന് പിന്നാലെയുണ്ടായിരുന്നു. അടൂര്‍ നെല്ലിമുകളിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീടും പോലീസ് നിരീക്ഷണത്തിലാണ്.
ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ 18-ലേക്ക് മാറ്റിയിട്ടുണ്ട്. അതുവരെ രാഹുലിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവും കോടതി നീട്ടിയിട്ടുണ്ട്. രണ്ടാമത്തെ ബലാത്സംഗ കേസില്‍ തിരുവനന്തപുരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് രണ്ടാഴ്ചയോളം നീണ്ട ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തുവന്നത്. തുടര്‍ന്ന് അദ്ദേഹം കുന്നത്തൂര്‍മേട് എത്തി വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
നടി ആക്രമിക്കപ്പെട്ട കസില്‍ പ്രതിയായതിന് ശേഷം ദിലീപ് മൂന്ന് തവണയാണ് ഇവിടെ എത്തി വഴിപാട് നടത്തിയത്. ജഡ്ജിയമ്മാവന്‍ കോവിലില്‍ നിറകണ്ണുകളോടെയാണ് ദിലീപ് എത്തി വഴിപാടുകള്‍ നടത്തിയത്. കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ച ദിവസം സഹോദരന്‍ അനൂപ് ജഡ്ജിയമ്മാവന്‍ കോവിലിലെത്തി വഴിപാടുകള്‍ നടത്തിയിരുന്നു. ജാമ്യം ലഭിച്ച ശേഷമാണ് ദിലീപും ഇവിടെയെത്തി വഴിപാട് നടത്തിയത്.
കേസുകളിലും കോടതി വ്യവഹാരങ്ങളില്‍പ്പെട്ടവര്‍ക്കും ആശ്രയമാണ് നീതിമാനായ ജഡ്ജിയമ്മാവന്‍ എന്നാണ് വിശ്വാസം. ക്ഷേത്രത്തിലെത്തി ജഡ്ജിയമ്മാവന് പ്രത്യേക വഴിപാട് നടത്തണം. എന്നാല്‍ വഴിപാട് നടത്തി പ്രാര്‍ത്ഥിക്കുന്നവരുടെ ഭാഗത്തായിരിക്കണം നീതി. പ്രശസ്തരായ നിരവധിയാളുകളാണ് ജഡ്ജിയമ്മാവന് വഴിപാട് നടത്താനെത്തുന്നത്. ശ്രീശാന്ത്, ഐ. ജി. ശ്രീജിത്ത് എന്നിവര്‍ ഇവിടെയെത്തി വഴിപാട് നടത്തിയിട്ടുണ്ട്. നടന്‍ സിദ്ദിഖ് ആണ് ഒടുവിലെത്തിയ താരമെന്ന് സൂചന. ജയിലിലായ അണ്ണാ ഡിംഎം കെ നേതാവ് ശശികല നടരാജനു വേണ്ടി ജഡ്ജിയമ്മാവന് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വഴിപാട് നടത്തിയിട്ടുണ്ട്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അനുകൂല നിലപാടിനു വേണ്ടി പ്രയാര്‍ ഗോപാലകൃഷ്ണനും ഇവിടെയെത്തി വാര്‍ത്താപ്രധാന്യം സൃഷ്ടിച്ചിരുന്നു. മുന്‍മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ ആര്‍.ബാലകൃഷ്ണപിള്ളയും ജഡ്ജിയമ്മാവന് മുന്നില്‍ വഴിപാട് നടത്തിയ പ്രമുഖനാണ്.
ജാതിമത വ്യത്യാസമില്ലാതെയാണ് ഇവിടെയത്തി ആളുകള്‍ പ്രാര്‍ത്ഥിക്കുന്നത്. അതിനാല്‍ എത്തുന്നവരുടെ വിവരം അതീവ രഹസ്യമായി അധികൃതര്‍ സൂക്ഷിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലെ ഉപദേവത പ്രതിഷ്ടയാണ് ജഡ്ജിയമ്മാവന്‍. പണ്ട് കാലത്ത് ജഡ്ജിയമ്മാവന്‍ എന്നയാള്‍ ഇവിടെ ജീവിച്ചിരുന്നുവത്രേ. അദ്ദേഹത്തിന്റെ കാലശേഷം ബന്ധുക്കളാണ് ക്ഷേത്രത്തില്‍ കുടിയിരുത്തിയത്. പിന്നീട് കോവില്‍ പണിത് പൂജ നടത്തി വരികയായിരുന്നു. കേസുകളിലും കോടതി വ്യവഹാരങ്ങളിലും പെട്ടവര്‍ ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ അനുകൂലമായ ഫലം ഉണ്ടാകുമെന്നാണ് വിശ്വാസം. എന്നാല്‍ എത്തുന്നയാളുടെ ഭാഗത്തായിരിക്കണം ന്യായം. ഇപ്പോള്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കേസില്‍ വെറുതെ വിട്ടപ്പോള്‍ ജഡ്ജിയമ്മാവന്‍ കോവില്‍ കൂടി ചര്‍ച്ചയാകുകയാണ്.
https://www.facebook.com/Malayalivartha



























