രണ്ടാമതും മുഖ്യമന്ത്രിയാകുമ്പോള്‍... യോഗി ആദിത്യനാഥ് വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യാനിരിക്കുമ്പോള്‍ വൈറലായി സഹോദരിയുടെ അഭ്യര്‍ത്ഥന; ഉത്തരാഖണ്ഡില്‍ ചായക്കട നടത്തുന്ന സഹോദരി ശശി സിംഗ് താരമായി

ഒരാള്‍ ഉന്നത പദവിയിലെത്തിയാല്‍ പിന്നെ അദ്ദേഹത്തിന്റെ കുടുംബക്കാര്‍ക്ക് വേണ്ടി പലതും ചെയ്തുകൊടുക്കുകയാണ് പതിവ്. എന്നാല്‍ യോഗി ആദിത്യനാഥ് വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യുമ്പോഴും സഹോദരി ഇപ്പോഴും ചായക്കട നടത്തുകയാണ്. അതില്‍ നിന്നും എല്ലാം വ്യക്തം.
ഉത്തരാഖണ്ഡില്‍ ചായക്കട നടത്തുന്ന സഹോദരി ശശി സിംഗ് യോഗിയോട് ഇപ്പോള്‍ ഒരഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ്. തീരെ ചെറിയ ഒരു മോഹമാണ് അവര്‍ സഹോദരനോട് പറയുന്നത്. ഒന്ന് അമ്മയെ വന്ന് കാണണം...
ഇവരുടെ കഷ്ടപ്പാടിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് കഥ. ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാളിലെ പഞ്ചൂര്‍ ഗ്രാമത്തില്‍ ജനിച്ച ആദിത്യനാഥ് 18ാം വയസ്സില്‍ വീടുവിട്ടിറങ്ങി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് പോകുമ്പോള്‍ സന്യാസിയാകണമെന്ന മോഹം ആ കൗമാരക്കാരനുണ്ടായിരുന്നു. വീടുവിട്ടിറങ്ങുമ്പോള്‍ അമ്മയോട് താന്‍ സന്യാസിയാകാന്‍ പോകുകയാണെന്ന് യോഗി അറിയിച്ചിരുന്നില്ലെന്നതാണ് സഹോദരിയുടെ ദുഖം. അതിനാല്‍ യോഗി ഉത്തരാഖണ്ഡ് വരെ പോയി അമ്മയെ ഒന്ന് കാണണം എന്നും സഹോദരി ശശി പറയുന്നു.
യോഗിയുടെ സഹോദരി ഉത്തരാഖണ്ഡില്‍ അവരുടെ സ്വന്തം ഗ്രാമത്തില്‍ ചെറിയ ചായക്കട നടത്തി ഉപജീവനമാര്‍ഗം കഴിക്കുന്നത് പലരേയും അത്ഭുതപ്പെടുത്തുന്നു. ഇത് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കാലത്ത് വലിയ വാര്‍ത്തയായിരുന്നു. പാവപ്പെട്ട തന്റെ സഹോദരിയുടെ സാധാരണ ജീവിതചിത്രം കണ്ട് തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ യോഗി വികാരഭരിതനായിപ്പോയിരുന്നു.
സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ സഹോദരി ഒരു കട നടത്തുന്നത് കാണുമ്പോള്‍ ആളുകളുടെ പ്രതികരണമെന്താണെന്ന ചോദ്യത്തിന്, തങ്ങള്‍ക്ക് കുടുംബ രാഷ്ട്രീയം ഇഷ്ടമല്ലെന്നായിരുന്നു അവരുടെ മറുപടി. മറ്റ് പാര്‍ട്ടികളില്‍ ഒരാള്‍ രാഷ്ട്രീയത്തില്‍ ആളായാല്‍ കുടുംബാംഗങ്ങളെല്ലാം രാഷ്ട്രീയത്തില്‍ ചേരും. ഈ പതിവ് ഞങ്ങളുടെ കുടുംബത്തിലില്ലെന്നും സഹോദരി പറഞ്ഞു.
യോഗിയുടെ പണ്ടത്തെ പേര് അജയ് സിങ്ങ് എന്നായിരുന്നു. യോഗിയും അച്ഛനും തമ്മില്‍ പണ്ട് നടന്ന ഒരു സംഭാഷണവും സഹോദരി ശശി ഇന്നലെ നടന്നതുപോലെ ഓര്‍മ്മിക്കുന്നു. യോഗി അന്ന് അച്ഛനോട് പറഞ്ഞത്, നമ്മള്‍ കുടുംബത്തിന്റെ കാര്യം മാത്രം നോക്കിയാല്‍ പോരാ. മറ്റുള്ളവര്‍ക്ക് വേണ്ടിയും എന്തെങ്കിലും ചെയ്യണം എന്നാണ്. അതിന് യോഗിയുടെ അച്ഛന്‍ പറഞ്ഞ മറുപടി ഇതാണ്: ഞാന്‍ 85 രൂപയാണ് സമ്പാദിക്കുന്നത്. അതുകൊണ്ട് എനിക്ക് മറ്റുള്ളവരെപ്പറ്റി ചിന്തിക്കാന്‍ കഴിയില്ല. ഇനി നീ എന്താണ് ചെയ്യുന്നതെന്ന് നോക്കാം. ഇപ്പോള്‍ സഹോദരന്‍ തനിക്ക് എന്ത് ചെയ്യാന്‍ പറ്റിയെന്ന് കാണിച്ച് കൊടുത്തുവെന്ന് സഹോദരി പറയുന്നു.
മുഖ്യമന്ത്രിയായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ഭരണം നേടി തുടര്‍ച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയാവുന്ന ആദ്യ വ്യക്തിയായി യോഗി യുപിയില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. മാര്‍ച്ച് 25ന് യോഗിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉള്‍പ്പെടെ വലിയൊരു നേതൃനിര പങ്കെടുക്കുന്നുണ്ട്.
യോഗിയുടെ വിജയം ബിജെപിയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. അഴിമതിയില്ലാത്ത സ്വജനപക്ഷമില്ലാത്ത ഭരണം കാഴ്ച വച്ചുവെന്നാണ് ബിജെപി കരുതുന്നത്. സ്വന്തം സഹോദരിക്ക് പോലും വഴിവിട്ട് ഒന്നും യോഗി ചെയ്തില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha