കണ്ണ് നിറഞ്ഞ് അതികായന്‍... ഇരുപതാമത് ഓണററി ഡോക്ടറേറ്റ് എന്ന അപൂര്‍വ നേട്ടം കൈവരിച്ച് മെട്രോമാന്‍ ഇ, ശ്രീധരന്‍; രാജ്യത്തിനു നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് ഐഐടി ഖരഗ്പൂര്‍ ഡോക്ടറേറ്റ് നല്‍കുന്നത്; ഘോരഘ്പൂര്‍ ഐഐടി ഡയറക്ടര്‍ പ്രൊഫ. വീരേന്ദ്ര കെ തിവാരി വീട്ടിലെത്തി ഡോക്ടറേറ്റ് സമ്മാനിക്കും

മലയാളികള്‍ ഏറെ സ്‌നേഹിക്കുകയും എന്നാല്‍ തെരഞ്ഞെടുപ്പോടെ തള്ളിക്കളയുകയും ചെയ്ത മെട്രോമാന്‍ ഇ ശ്രീധരന് അപൂര്‍വ നേട്ടം. ഐഐടി ഖരഗ്പൂരിന്റെ ഓണററി ഡോക്ടറേറ്റ് ഇ. ശ്രീധരന് നാളെ സമര്‍പ്പിക്കും. ഐഐടി ഡയറക്ടര്‍ പ്രൊഫ. വീരേന്ദ്ര കെ. തിവാരി പൊന്നാനിയില്‍ ശ്രീധരന്റെ വീട്ടിലെത്തി ബഹുമതി സമ്മാനിക്കും. ഉച്ചയ്ക്ക് 12.15നാണ് ചടങ്ങ്. ഇ. ശ്രീധരനെത്തേടിയെത്തുന്ന ഇരുപതാമത്തെ ഡോക്ടറേറ്റാണിത്.
രാജ്യത്തിനു നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് ഡോക്ടറേറ്റ് നല്‍കുന്നത്. സയന്‍സിലാണ് ഡോക്ടറേറ്റ്. രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ നിന്നും ഐഐടികളില്‍ നിന്നുമായി 20 ഓളം ഓണററി ഡോക്ടറേറ്റുകള്‍ ഇ ശ്രീധരന് ലഭിച്ചിട്ടുണ്ട്.
ഇന്ത്യയുടെ മെട്രോ മാന്‍ എന്നറിയപ്പെടുന്ന വ്യക്തിയാണ് ഇ.ശ്രീധരന്‍. ഇന്ത്യന്‍ പൊതുഗതാഗത സംവിധാനം ആധുനിക വത്ക്കരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തി കൂടിയാണ്. ഇന്ത്യയുടെ ഗതാഗത സംവിധാനങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിയ മെട്രോ റെയിലുകളുടെയും കൊങ്കണ്‍ റെയില്‍ പാതയുടെയും നിര്‍മാണത്തിലൂടെയാണ് ഡോ. ഏലാട്ടുവളപ്പില്‍ ശ്രീധരന്‍ എന്ന ഇ.ശ്രീധരന്‍ മെട്രോമാനായി മാറിയത്. പലതരത്തിലുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചായിരുന്നു ഇവയൊക്കയും അദ്ദേഹം യാഥാര്‍ഥ്യമാക്കിയത്.
1932 ജൂണ്‍ 12നു പാലക്കാട് ജില്ലയിലെ കറുകപുത്തൂരിലാണ് ഇ.ശ്രീധരന്‍ ജനിച്ചത്. 1954 ഡിസംബറില്‍ തെക്കന്‍ റെയില്‍വേയില്‍ പ്രൊബേഷണറി അസിസ്റ്റന്റ് എന്‍ജിനിയറായിട്ടായിരുന്നു ഇ. ശ്രീധരന്റെ ആദ്യ നിയമനം. തകര്‍ന്ന പാമ്പന്‍പാലത്തിന്റെ പുനര്‍നിര്‍മ്മാണം, കൊല്‍ക്കത്ത മെട്രൊ റെയില്‍വേ, കൊങ്കണ്‍ തീവണ്ടിപ്പാത, ഡെല്‍ഹി മെട്രോ തുടങ്ങിയ ശ്രദ്ധേയമായ പല ജോലികള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.
1964 ഡിസംബറില്‍ തകര്‍ന്ന പാമ്പന്‍പാലം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ റെയില്‍വേ തയ്യാറാക്കിയ ആറു മാസത്തെ പദ്ധതിയുടെ ചുമതലയും ഇ.ശ്രീധരനായിരുന്നു. അദ്ദേഹം വെറും 46 ദിവസം കൊണ്ട് ഈ പദ്ധതി പൂര്‍ത്തീകരിച്ചു. യുദ്ധകാലാടിസ്ഥാനത്തിലുള്ള ഈ നേട്ടത്തിനുള്ള അംഗീകാരമായി ഇന്ത്യന്‍ റെയില്‍വേ മന്ത്രി പ്രത്യേക പുരസ്‌കാരം നല്കി അദ്ദേഹത്തെ ആദരിച്ചു.
1970ല്‍ ഇന്ത്യയിലെ ആദ്യത്തെ മെട്രോ ട്രെയിന്‍ പദ്ധതി കൊല്‍ക്കത്തയില്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിനുള്ള ചുമതലയും ഇ ശ്രീധരനായിരുന്നു. ഈ ബൃഹത് പദ്ധതിയും അദ്ദേഹം സമയബന്ധിതമായി പൂര്‍ത്തീകരിക്കുക മാത്രമല്ല, ഇത് ആധുനിക ഇന്ത്യയുടെ അടിസ്ഥാന എഞ്ചിനിയറിംഗ് കാല്‍വെപ്പായി കണക്കാക്കുകയും ചെയ്തു. കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ നിന്നും ആദ്യ കപ്പലായ റാണി പത്മിനി നീറ്റിലിറങ്ങുന്നതിനു പിന്നിലും ഇദ്ദേഹത്തിന്റെ നേതൃത്വ പാടവം ആയിരുന്നു. ഡല്‍ഹി മെട്രോയുടെ അമരക്കാരനും ശ്രീധരന്‍ തന്നെ. കൊച്ചി മെട്രോ റെയിലിന്റെ മുഖ്യ ഉപദേഷ്ടാവും ശ്രീധരനായിരുന്നു.
ലോകത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കുന്ന മെട്രോ ആയി റെക്കോഡില്‍ ഇടം പിടിക്കാനുള്ള ലഖ്‌നൗ മെട്രോ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഇ.ശ്രീധരന്‍. 2001ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ച ഈ ഇതിഹാസപുരുഷന്‍ ദേശീയവും അന്തര്‍ദേശീയവുമായ ഒട്ടനവധി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനാണ്. അവസാനമായാണ് ശ്രീധരനെ ഐഐടി ഖരഗ്പൂരിന്റെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നത്.
എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തിയായിരുന്നു മെട്രോമാന്‍. എന്നാല്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ശ്രീധരന്‍ നിന്നതോടെ വലിയ രാഷ്ട്രീയ ആക്രമണമുണ്ടായി. ബിജെപിയുടെ വക്താവായി അദ്ദേഹത്തെ മാറ്റി. ഈ പ്രായത്തിലും അദ്ദേഹത്തിന്റെ ഊര്‍ജം എല്ലാവര്‍ക്കും പ്രചോദനമാണ്.
"
https://www.facebook.com/Malayalivartha