സ്ലീപ്പര്‍ ടിക്കറ്റില്‍ കേരളം രണ്ടു തട്ടില്‍; നടപടി ഉടന്‍ പിന്‍വലിക്കണമെന്നു റയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്

ട്രെയിന്‍ യാത്രക്കാരെ ദുരിതത്തിലാക്കുന്ന സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് നിയന്ത്രണത്തില്‍ കേരളത്തിലെ രണ്ടു റയില്‍വേ ഡിവിഷനുകളും രണ്ടു തട്ടില്‍. തല്‍സമയ ടിക്കറ്റ് കൗണ്ടറുകള്‍ വഴി സ്ലീപ്പര്‍, എസി ക്ലാസ് ടിക്കറ്റുകള്‍ നല്‍കുന്നതു നിര്‍ത്തലാക്കണമെന്ന റയില്‍വേ നിര്‍ദേശം തിരുവനന്തപുരം ഡിവിഷനില്‍ നടപ്പാക്കിയില്ല. ഇതിലെ ആശയക്കുഴപ്പവും പ്രായോഗിക ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി ഡിവിഷന്‍ അധികൃതര്‍ ദക്ഷിണ റയില്‍വേയ്ക്കു റിപ്പോര്‍ട്ട് നല്‍കി.
എന്നാല്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയ തീരുമാനം പാലക്കാട് ഡിവിഷനില്‍ നടപ്പാക്കിക്കഴിഞ്ഞു. അതോടെ, തിരുവനന്തപുരം ഡിവിഷന്റെ അതിര്‍ത്തിയായ വള്ളത്തോള്‍ നഗര്‍ വരെ ഒരു നിയമവും അതിനു വടക്കോട്ടു മറ്റൊരു നിയമവും എന്ന രീതിയായി. ആവശ്യത്തിനു ട്രെയിനുകളും ജനറല്‍ കോച്ചുകളും ഇല്ലാതിരിക്കെ നടപ്പാക്കുന്ന പരിഷ്‌കരണം യാത്രക്കാരുടെ മുഴുവന്‍ പ്രതിഷേധത്തിനും ഇടയാക്കി.
തിരുവനന്തപുരം ഡിവിഷന്‍ അധികൃതര്‍ക്കു റയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം 18-നാണ് ലഭിച്ചത്. എസി ക്ലാസില്‍ മാത്രം തല്‍സമയ ടിക്കറ്റെടുത്ത് അഞ്ഞൂറോളം പേര്‍ യാത്ര ചെയ്യുന്നുണ്ട്. ദിവസേന എണ്ണായിരത്തോളം പേര്‍ സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റെടുക്കുന്ന ഇവിടെ ഇത്രയും പേര്‍ക്കു ടിക്കറ്റ് പരിശോധകര്‍ വഴി ടിക്കറ്റ് വിതരണം ചെയ്യുന്നതു പ്രായോഗികമല്ലെന്ന് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കി.
തിരുവനന്തപുരം ഒഴികെയുള്ള സ്‌റ്റേഷനുകളില്‍ രണ്ടും മൂന്നും മിനിറ്റ് ട്രെയിന്‍ നിര്‍ത്തുമ്പോള്‍ നൂറുകണക്കിനു യാത്രക്കാര്‍ക്കു ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്യുന്നതു പ്രായോഗികമല്ല. ടിടിഇ വഴി മാറ്റിയെടുക്കുന്ന ടിക്കറ്റിനു മുതിര്‍ന്ന പൗരന്മാരുടേത് ഉള്‍പ്പെടെ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്ന പ്രശ്‌നവുമുണ്ട്.
സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരില്‍നിന്നു പിഴ ഈടാക്കണമെന്ന നിര്‍ദേശത്തിലെ അവ്യക്തതയും ചൂണ്ടിക്കാട്ടിയാണു റിപ്പോര്‍ട്ട് നല്‍കിയത്. മുന്‍കൂട്ടി അറിയിക്കാതെ പെട്ടെന്ന് ഇത്തരം പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതു വ്യാപക എതിര്‍പ്പുകള്‍ക്കിടയാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ദക്ഷിണ റയില്‍വേ അധികൃതരുടെ വിശദീകരണം കിട്ടിയിട്ടു മതി തുടര്‍നടപടി എന്നാണു തീരുമാനം.
അതേസമയം, പാലക്കാട് ഡിവിഷനില്‍ ഇന്നലെയും തല്‍സമയ ടിക്കറ്റ് കൗണ്ടറുകള്‍ വഴി സ്ലീപ്പര്‍, എസി ക്ലാസ് ടിക്കറ്റുകള്‍ വിതരണം ചെയ്തില്ല. ശനിയാഴ്ച വൈകിട്ടു മുതലാണ് അവിടെ ഉത്തരവു നടപ്പാക്കിയത്. ഇതറിയാതെ എത്തിയവര്‍ ടിക്കറ്റ് കൗണ്ടറുകളിലെ ജീവനക്കാരോടു പ്രതിഷേധിച്ചു. റിസര്‍വ് ചെയ്തു യാത്ര ചെയ്യുന്നവരുടെ സൗകര്യാര്‍ഥമെന്ന പേരിലാണു പുതിയ നിര്‍ദേശം വന്നത്. ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെയെല്ലാം ആവശ്യം പരിഗണിക്കാന്‍ സ്ലീപ്പര്‍ കോച്ചുകളുടെ ചുമതലയുള്ള രണ്ടു ടിടിഇമാരെക്കൊണ്ടു സാധിക്കില്ലെന്നത് അധികൃതരെയും വലയ്ക്കുന്നു. ടിടിഇമാരുടെ എണ്ണം കുറവാണെന്നും അധികജോലി ചെയ്യേണ്ടി വരുമെന്നുമുള്ള പരാതി ജീവനക്കാര്‍ക്കുമുണ്ട്.
നടപടി ഉടന്‍ പിന്‍വലിക്കണമെന്നു റയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്നു സര്‍ക്കാരിന്റെ പ്രതിഷേധം കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിനെ നേരിട്ടറിയിക്കുമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. തീരുമാനം റദ്ദാക്കണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനും കേന്ദ്ര റയില്‍വേ മന്ത്രിക്കു സന്ദേശമയച്ചു. നാളെ കേന്ദ്രമന്ത്രിയെ ഡല്‍ഹിയില്‍ നേരിട്ടുകണ്ടു നിവേദനം നല്‍കുമെന്നു മുരളീധരന്‍ അറിയിച്ചു. നടപടി തിരുത്തണമെന്നു ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എം.ബി. രാജേഷ് എംപി റയില്‍വേ ബോര്‍ഡ് ചെയര്‍മാനു കത്തയച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് എന്നിവരും നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ടു.
ദീര്‍ഘദൂര സ്ഥലങ്ങളില്‍നിന്നു കേരളത്തിലേക്കു വരുന്ന ട്രെയിനുകളില്‍ പലതിലും കേരളത്തിനുള്ളിലെ യാത്രയ്ക്കു റിസര്‍വേഷന്‍ ലഭ്യമല്ലെന്നിരിക്കെ പുതിയ നിര്‍ദേശം റയില്‍വേയ്ക്കു ഭീമമായ നഷ്ടമുണ്ടാക്കുമെന്നു തൃശൂര്‍ റയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി പി. ക!ൃഷ്ണകുമാര്‍ പറഞ്ഞു. ഹ്രസ്വദൂര യാത്രക്കാര്‍ക്കു ബദല്‍ യാത്രാസൗകര്യം ഒരുക്കാതെയും ഡീറിസര്‍വ്ഡ് കോച്ചുകളുടെ എണ്ണം കൂട്ടാതെയും പുതിയ നിര്‍ദേശം നടപ്പാക്കരുതെന്ന് ഓള്‍ കേരള റയില്‍വേ യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പോള്‍ മാന്‍വെട്ടം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























