ഡയസ്നോണിന് പുല്ലുവില! കോടതിയല്ല ആര് പറഞ്ഞാലും കേൾക്കില്ലെന്ന് ജീവനക്കാർ... സെക്രട്ടേറിയറ്റിൽ എത്തിയത് 176 ജീവനക്കാർ! നടപടിയുണ്ടാകില്ല...

ദേശീയ പണിമുടക്കിന്‍റെ രണ്ടാംദിനത്തില്‍ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടും സർക്കാർ ഓഫീസുകളിൽ ജീവനക്കാർ കുറവ്. 4824 ജീവനക്കാരിൽ 176 പേർ മാത്രമെ സെക്രട്ടേറിയറ്റിൽ ഹാജരായിട്ടുള്ളു. ഡയസ്നോൺ വകവെക്കുന്നില്ലെന്ന് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി അശോക് കുമാർ പറഞ്ഞു.
സെക്രട്ടേറിയറ്റിൽ പണിമുടക്ക് പൂർണമാണ്. ഡയസ്നോൺ മുമ്പും നേരിട്ടിട്ടുണ്ടെന്നും അശോക് കുമാർ പറഞ്ഞു. ദേശീയ പണിമുടക്കിന്റെ ഒന്നാം ദിവസമായ ഇന്നലെ 32 ജീവനക്കാരാണ് സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയിരുന്നത്. മറ്റു സർക്കാർ സ്ഥാപനങ്ങളിലും ഹാജർ നില തീരെ കുറവാണ്.
ഹൈക്കോടതി നിര്‍ദേശപ്രകാരം, പണിമുടക്കിൽ പങ്കെടുക്കുന്നത് തടഞ്ഞ് സർക്കാർ ഉത്തരവിറക്കിയത് ജീവനക്കാരുടെ സംഘടനകൾ മുഖവിലയ്ക്കെടുത്തില്ലെന്നാണ് ഇന്നത്തെ ഹാജർനില വ്യക്തമാക്കുന്നത്. അനിവാര്യ കാരണമില്ലാതെ അവധി അനുവദിക്കില്ലെന്നും, അനധികൃതമായി ഹാജരാകാതിരുന്നാൽ ശമ്പളം നഷ്ടപ്പെടുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നെങ്കിലും ജോലിക്കു ഹാജരാകേണ്ടെന്ന നിർദേശമാണ് സർവീസ് സംഘടനകൾ നൽകിയത്.
ഇന്നും പണിമുടക്കുമെന്ന് എന്‍ജിഒ യൂണിയൻ അറിയിച്ചിരുന്നു. കോടതിക്കെതിരായ ഒരു വെല്ലുവിളായായി തന്നെയാണ് ഇപ്പോഴത്തെ ഈ പണിമുടക്കിനെ വിശേഷിപ്പിക്കാനാവൂ. ജോലിക്കെത്താത്തവർ അവധി അപേക്ഷിക്കുന്നതിനാൽ നടപടിയെടുക്കാൻ സർക്കാരിനു സാധിക്കില്ല. അനിവാര്യമായ കാരണമാണെന്ന് ചൂണ്ടിക്കാട്ടിയാൽ അവധി അനുവദിക്കുമെന്ന് സർവീസ് സംഘടനകളും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. സർക്കാർ പിന്തുണയുള്ള സമരമായതിനാൽ അവധി അപേക്ഷകളിൽ കാര്യമായ പരിശോധന ഉണ്ടാകില്ല.
വാഹന സൗകര്യം ഇല്ലാത്ത കാരണമടക്കം ജീവനക്കാർക്ക് ചൂണ്ടിക്കാട്ടാനാകും. പണിമുടക്ക് ആയതിനാൽ പലരും 27ന് തന്നെ നാട്ടിലേക്കു പോയിരുന്നു. സർക്കാർ ജീവനക്കാർക്ക് ഓഫിസിലെത്താൻ കലക്ടർമാരും കെഎസ്ആർടിസി എംഡിയും വാഹന സൗകര്യം ഏർപ്പെടുത്തണമെന്ന് സർക്കാർ ഉത്തരവില്‍ നിർദേശിച്ചെങ്കിലും കെഎസ്ആർടിസി സർവീസ് മുടക്കി. കെഎസ്ആർടിസിയിലെ ഭരണാനുകൂല സംഘനകൾ സർവീസ് നടത്തേണ്ടെന്ന നിലപാടിലാണ്. ബുധനാഴ്ച രാവിലെ 6 മണിവരെയാണ് പണിമുടക്കുള്ളത്.
അതേസമയം, ജീവനക്കാർക്ക് വേണ്ട സുരക്ഷ ഉറപ്പാക്കാൻ തിരുവനന്തപുരം കലക്ടർ നിർദേശം നൽകിയിരുന്നു. അധിക സർവീസുകൾ നടത്തണമെന്ന് കെ.എസ്.ആർ.ടി.സി എം.ഡിയും നിർദേശം നല്‍കിയിരുന്നു. തിരുവനന്തപുരം തമ്പാനൂരിൽ പൊലീസ് സംരക്ഷണത്തിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തി. എന്നാല്‍, അടിയന്തര മെഡിക്കൽ ആവശ്യത്തിനുള്ള ബസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ എന്നാണ് സമരക്കാരുടെ നിലപാട്.
ചൊവ്വാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. കര്‍ഷകസംഘടനകള്‍, കര്‍ഷകതൊഴിലാളി സംഘടനകൾ, കേന്ദ്ര-സംസ്ഥാന സര്‍വീസ് സംഘടനകൾ, അധ്യാപക സംഘടനകൾ, ബിഎസ്എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ തുടങ്ങിയവർ പണിമുടക്കില്‍ പങ്ക് ചേരുന്നുണ്ട്.
സംസ്ഥാനത്ത് പലയിടത്തും സ്ഥാപനങ്ങളും കടകളും തുറന്നത് നേരിയ സംഘർഷത്തിന് ഇടയാക്കി. തിരുവനന്തപുരം ലുലു മാൾ തുറക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധിച്ച സി.ഐ.ടി.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ആറ്റിങ്ങലിൽ കടകൾ അടപ്പിച്ചു. കൊല്ലം ഹൈസ്കൂൾ ജംങ്ഷനിൽ സമര അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട സംഭവവുമുണ്ടായി.
https://www.facebook.com/Malayalivartha