കൊല്ലം കടയ്‌ക്കൽ ചിതറ ഹയർ സെക്കൻഡറി സ്‌കൂളിൽ പണിമുടക്ക് ദിനത്തിൽ ജോലിക്കെത്തിയ അദ്ധ്യാപകരെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് സമരക്കാർ! കൂടാതെ അസഭ്യവർഷം നടത്തിയും പുറത്തിറങ്ങുമ്പോൾ കാണിച്ചു തരാമെന്ന ഭീഷണിയും; കൊല്ലത്ത് നാട്ടുകാരെ ഉൾപ്പെടെ മുൾമുനയിൽ നിർത്തി സമരക്കാർ...

ട്രേഡ് യൂണിയനുകൾ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് കേരളത്തിൽ അക്ഷരാർത്ഥത്തിൽ ഹർത്താലായി മാറിയിരിക്കുകയാണ്. വിവിധ ആവശ്യങ്ങൾക്കായി വാഹനങ്ങളിൽ നിരത്തിലിറങ്ങിയവരെ സമരക്കാർ തടഞ്ഞത് ഏറെ പ്രതിഷേധത്തിന് കാരണമായി. ഇപ്പോഴിതാ കൊല്ലത്ത് പണിമുടക്ക് ദിനത്തിൽ ജോലിക്കെത്തിയ അദ്ധ്യാപകരെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് സിപിഎം പ്രവർത്തകർ. കടയ്‌ക്കൽ ചിതറ ഹയർ സെക്കൻഡറി സ്‌കൂളിൽ ജോലിക്കെത്തിയ 15 അദ്ധ്യാപകരെയാണ് പൂട്ടിയിട്ടത്. അദ്ധ്യാപകരെ അസഭ്യ വർഷം നടത്തിയതായും വൈകിട്ട് പുറത്തിറങ്ങുമ്പോൾ കാണിച്ചു തരാമെന്ന ഭീഷണി സമരക്കാർ ഉയർത്തിയതായും പരാതിയുണ്ട്. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടും ഒരു നടപടിയും എടുത്തില്ലെന്നും അദ്ധ്യാപകർ കുറ്റപ്പെടുത്തി. പിടിഎ പ്രസിഡന്റും സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി അംഗവും ചിതറ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ എസ് ഷിബുലാലിന്റെ നേതൃത്വത്തിലായിരുന്നു അദ്ധ്യാപകരെ പൂട്ടിയിട്ടതെന്നാണ് ആരോപണം. ഇപ്പോഴും ക്ലാസ് മുറിയ്‌ക്കുള്ളിലാണ് അദ്ധ്യാപകർ.
https://www.facebook.com/Malayalivartha