നടിയെ ആക്രമിച്ച കേസ്; നടന്‍ ദിലീപിനെ രണ്ടാം ദിവസം ചോദ്യം ചെയ്യുന്നതിനിടെ ബാലചന്ദ്രകുമാറിനെയും വിളിച്ചുവരുത്തി; ഇരുവരേയും ഒരുമിച്ചിരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിനെ രണ്ടാം ദിവസം ചോദ്യം ചെയ്യുന്നതിനിടെ ബാലചന്ദ്രകുമാറിനെയും വിളിച്ചുവരുത്തി. ഇരുവരേയും ഒരുമിച്ചിരുത്തിയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ബാലചന്ദ്രകുമാറിനെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയത്. ദിലീപിനെ ചോദ്യംചെയ്തുകൊണ്ടിരിക്കുന്നതിന് ഇടയിലായിരുന്നു അന്വേഷണ സംഘത്തിന്‍റെ നിര്‍ണായക നീക്കം. വ്യവസായി ശരത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.
നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ തന്‍റെ കൈവശമില്ലെന്ന് ദിലീപ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത് അന്വേഷണ സംഘം വിശ്വസിക്കുന്നില്ല. ദൃശ്യത്തിന്റെ വിശദാംശങ്ങള്‍ തേടി തന്നെയാണ് ചോദ്യം ചെയ്യല്‍. ദിലീപിനെതിരെ ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതി അറിയാനാണ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് ഇന്നലെ നടത്തിയ ചോദ്യംചെയ്യലില്‍ ദിലീപ് ആരോപണങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരെയും ഒപ്പമിരുത്തി ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
നടി കേസിലെ തുടരന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്‍റെ നേതൃത്തിലാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും ദിലീപിനെ ചോദ്യം ചെയ്യുന്നത്. ഇന്നലെ ദിലീപിനെ 7 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം 2018 നവംബര്‍ 15ന് ആലുവയിലെ വീട്ടില്‍ വെച്ച് ദിലീപിനൊപ്പം കണ്ടെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി.
https://www.facebook.com/Malayalivartha


























