ആവശ്യസമയത്ത് സഹായിച്ചില്ല... ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുന്നത് വരെ ജപ്തി നീട്ടാന്‍ സമയം ചോദിച്ചു; ഇനി ആരുടെയും സഹായം വേണ്ടെന്ന് ജപ്തി ചെയ്ത വീടിന്റെ ഗൃഹനാഥനായ അജേഷ്; തെറ്റ് മറയ്ക്കാനാണ് ഇവരിപ്പോള്‍ രംഗത്ത് വന്നത്

മൂവാറ്റുപുഴയില്‍ മൂന്ന് പെണ്‍കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. വീട്ടില്‍ മുതിര്‍ന്നവര്‍ ആരും തന്നെ ഇല്ലായിരുന്നു സംഭവം നടക്കുമ്പോള്‍. ഗുരുതരമായ ഹൃദ്രോഗിയായ അജേഷ് ആശുപത്രയില്‍ അഡ്മിറ്റായിരുന്നപ്പോഴാണ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് വീട് ജപ്തി ചെയ്തത്. അജേഷ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുന്നത് വരെ ജപ്തി നീട്ടാന്‍ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ലായെന്ന് അജേഷ് പറയുന്നു.
സംഭവം സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിച്ചതോടെ വായ്പ തിരിച്ചടച്ചിരിക്കുകയാണ് ബാങ്കിലെ ഇടത് ജീവനക്കാരുടെ സംഘടന. എന്നാല്‍ സിപിഎമ്മുകാരും ജീവനക്കാരും തന്നെ അപമാനിച്ചു, ഇവരുടെ സഹായം വേണ്ടായെന്നു പറഞ്ഞ് ഇടത് ജീവനക്കാരുടെ സഹായം ഗൃഹനാഥന്‍ നിരസിച്ചു. തെറ്റ് മറയ്ക്കാനാണ് ഇവരിപ്പോള്‍ രംഗത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ അംഗങ്ങളായ ജീവനക്കാരാണ് വായ്പ തിരിച്ചടത്. സാമൂഹ്യ മാദ്ധ്യമത്തിലൂടെ ബാങ്ക് ചെയര്‍മാനായ ഗോപി കോട്ടമുറിക്കലാണ് വിവരം അറിയിച്ചത്. വീട് പണയം വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി.
കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല എന്നാണ് ബാങ്ക് ജീവനക്കാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ജപ്തി ചെയ്ത വീടിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറെന്ന് കാണിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബാങ്കിന് കത്ത് നല്‍കിയിരുന്നു. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന് അജേഷ് കൊടുക്കാനുള്ള 175000 രൂപ താന്‍ അടച്ചു കൊള്ളാം എന്ന് അറിയിച്ചുള്ള കത്താണ് കുഴല്‍നാടന്‍ നല്‍കിയത്.
https://www.facebook.com/Malayalivartha



























