കത്തിയമരും ദൈവമേ... ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ പാനല്‍ തിങ്കളാഴ്ച പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട് പ്രകാരം ലോകം 3 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടാകുമെന്ന് മുന്നറിയിപ്പ്

കാലാവസ്ഥാ മാറ്റത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുകയാണ് ലോകം. ഇപ്പോഴിതാ പര്‍വ്വതങ്ങളും ധ്രുവങ്ങളും വിയര്‍ത്തൊഴുകുന്നു. സമുദ്ര നിരപ്പ് കരകളെ ശ്വാസം മുട്ടിക്കുന്നു. ഭൗമകവചമായ ഓസോണ്‍ പാളി നശിക്കുന്നു. ശുദ്ധജലം ലഭിക്കാതായി, മഴയുടെ അളവ് കുറഞ്ഞു, ആഗോള താപനത്തില്‍ വെന്ത് നീറുകയാണ് ജീവജാലങ്ങള്‍.
പ്രകൃതിയോടു പടവെട്ടാതെ, മുറിവേല്‍പ്പിക്കാതെ, സമരസപെട്ട് സൗഹൃദമായി, മണ്ണിന്റെ മക്കളായി നാം മാറണം എന്ന ഓര്‍മ്മപ്പെടുത്തലുമായാണ് ലോക കാലാവസ്ഥാ ദിനം കടന്നുപോയത്.
ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചത് പോലെ എന്നതാണ് ഇപ്പോള്‍ ലോകത്തിന്റെ പോക്ക്. ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് അതായത് 2.7 ഡിഗ്രി ഫാരന്‍ഹീറ്റ് പരിമിതപ്പെടുത്താനുള്ള അന്താരാഷ്ട്ര ലക്ഷ്യങ്ങള്‍ക്ക് തിരിച്ചടി. ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ പാനല്‍ തിങ്കളാഴ്ച പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട് പ്രകാരം ലോകം 3 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടാകുമെന്ന് മുന്നറിയിപ്പ് നല്‍കി.
ദേശീയ ഗവണ്‍മെന്റുകള്‍, നഗരങ്ങള്‍, ബിസിനസുകള്‍, നിക്ഷേപകര്‍ എന്നിവരുടെ വര്‍ഷങ്ങളായി നെറ്റ്-സീറോ പ്രതിജ്ഞകള്‍ക്ക് ശേഷമാണ് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റര്‍ ഗവണ്‍മെന്റല്‍ പാനലില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് വരുന്നത്. 2021 ഓഗസ്റ്റിനു ശേഷം പുറത്തിറക്കിയ മൂന്നാമത്തെ റിപ്പോര്‍ട്ട് ആണിത്.
കാലാവസ്ഥാ വ്യതിയാനം നിത്യ സംഭവമായി മാറ്റിക്കഴിഞ്ഞു 2004 ലെ സുനാമിയും 2017 നവംബറിലെ ഓഖി കൊടുങ്കാറ്റും 2018 ആഗസ്തിലും 2019 ആഗസ്തിലും കേരളത്തില്‍ പെയ്ത അതിവൃഷ്ടിയും പ്രളയവുമെല്ലാം കാലാവസ്ഥാ മാറ്റത്തിന്റെ ദൃഷ്ടാന്തങ്ങളായി നില്‍ക്കുന്നു.
ഇന്ത്യയിലെ മണ്‍സൂണ്‍ പാറ്റേണില്‍ മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നതായാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. ഒരോവര്‍ഷവും വേനല്‍ക്കാലം വര്‍ധിച്ചു വരുന്ന വരള്‍ച്ചയുടെയും, അത്യുഷ്ണത്തിന്റെയും കാലമായി മാറുന്നു. മണ്‍സൂണ്‍ വൈകി എത്തുന്നു.
മണ്‍സൂണിന്റെ തുടക്കത്തില്‍ മഴക്കുറവ് അനുഭവപ്പെടുന്നു. പിന്നീട് അതി ശക്തിയായ മഴയും അതിന്റെ ഭാഗമായുള്ള കാലാവസ്ഥാക്കെടുതികളും ഉണ്ടാവുന്നു. ഇന്ത്യയില്‍ ഓരോ പത്തുവര്‍ഷം കൂടുമ്പോഴും 17 മീറ്റര്‍ വീതം കടല്‍ കരയിലേക്ക് കയറാമെന്നാണ് ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നത്.
ഇത് തീരദേശത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുക. കേരളത്തിലാണെങ്കില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയക്കെടുതികളും അതിനു മുമ്പുണ്ടായ ഓഖി കൊടുങ്കാറ്റുമെല്ലാം കാലാവസ്ഥയില്‍ വന്നു കൊണ്ടിരിക്കുന്ന മാറ്റത്തിന്റെ ഫലമാണ്. കേരളം അതീവഗൗരവത്തോടെ കാണേണ്ടതുണ്ട്.
https://www.facebook.com/Malayalivartha



























