ആലുവയില്‍ വാഹനമിടിച്ച് മരിച്ച വൃദ്ധയുടെ സ്വര്‍ണമാല കവര്‍ന്നയാളും ഇടിച്ച വാഹനത്തിന്റെ ഡ്രൈവറും അറസ്റ്റില്‍

ആലുവയില്‍ വാഹനമിടിച്ച് മരിച്ച വൃദ്ധയുടെ സ്വര്‍ണമാല കവര്‍ന്നയാളും ഇടിച്ച വാഹനത്തിന്റെ ഡ്രൈവറും അറസ്റ്റില്‍. മാലമോഷ്ടിച്ച ആലുവ അമ്പാട്ടുകാവ് മാങ്കായിപ്പറമ്പ് വീട്ടില്‍ അനില്‍കുമാര്‍ (46), ഡ്രൈവര്‍ പൊയ്ക്കാട്ടുശേരി ചുണ്ടംതുരുത്തില്‍ അഭിരാം (22) എന്നിവരാണ് ആലുവ പോലീസിന്റെ കസ്റ്റഡിയിലായത്.
കഴിഞ്ഞ 30ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അമ്പാട്ടുകാവില്‍ വച്ച് പത്തനംതിട്ട കൈപ്പട്ടൂര്‍ ചങ്ങിയേത്ത് വീട്ടില്‍ വിശ്വനാഥ ചെട്ടിയാരുടെ ഭാര്യ തുളസിഅമ്മാള്‍ (65) വാഹനമിടിച്ച് മരണമടഞ്ഞത്.
അതിവേഗതയില്‍ വന്നിടിച്ച വാഹനം നിറുത്താതെ പോയി. അമ്പാട്ടുകാവിന് അടുത്ത് താമസിക്കുന്ന സഹോദരി മഹേഷ്ഭവനില്‍ സരസമ്മാളിന്റെ വസതിയിലേക്ക് തുളസി അമ്മാള്‍ വരവേയായിരുന്നു സംഭവം .
ബസില്‍ നിന്ന് ഇറങ്ങിയശേഷം നടക്കുന്നതിനിടെയാണ് പിന്നില്‍ നിന്നുവന്ന വാഹനം ഇടിച്ചത്. നിലത്തു വീണ് ഗുരുതരമായി പരിക്കേറ്റ വൃദ്ധയെ ആശുപത്രിയിലെത്തിക്കാനായി അനില്‍കുമാര്‍ മുന്നോട്ടുവരികയും അതുവഴി വന്ന കാറില്‍ ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ വഴി മദ്ധ്യേ വൃദ്ധ മരണമടഞ്ഞു. മരണാനന്തര ചടങ്ങുകള്‍ക്കിടയിലാണ് മാല കാണാതായ വിവരം ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്.
അതേ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയതോടെ പ്രത്യേക പൊലീസ് ടീം അന്വേഷണം നടത്തി.
പരിക്കേറ്റ് കിടക്കുമ്പോള്‍ വൃദ്ധയുടെ കഴുത്തില്‍ മാലയുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിയപ്പോള്‍ മാല ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിക്കാന്‍ രംഗത്തുവന്ന ആളിലേക്ക് അന്വേഷണം നീണ്ടത്. അങ്ങനെ പ്രതി പിടിയിലായി. യാത്രാമദ്ധ്യേ ഇയാള്‍ വൃദ്ധയുടെ മാല ഊരിയെടുത്തിരുന്നു.
മാത്രവുമല്ല ഇടിച്ച എയ്ഷര്‍ വാഹനവുമായി ഡ്രൈവര്‍ രക്ഷപ്പെട്ടെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഡ്രൈവറേയും വാഹനവും കസ്റ്റഡിയിലെടുത്തു. പ്രത്യേക പോലീസ് ടീമിന്റെ അന്വേഷണമാണ് സംഭവത്തിന് വഴിത്തിരിവായത്.
https://www.facebook.com/Malayalivartha



























