കിഴക്കമ്ബലം ദീപു വധക്കേസ്... നാലു പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു

കുന്നത്തുനാട് എംഎല്‍എയ്‌ക്കെതിരെ നടത്തിയ വിളക്കണയ്ക്കല്‍ പ്രതിഷേധ സമരത്തിനിടെ കിഴക്കമ്ബലത്തെ ട്വന്റി20 പ്രാദേശിക നേതാവ് സി.െക.ദീപുവിനെ (38) മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ നാലു പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയാണു അന്വേഷണ ഉദ്യോഗസ്ഥനായ എഎസ്പി അനൂജ് പലിവാല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
സിപിഎം കാവുങ്ങപ്പറമ്ബ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് വീയൂട്ട് അബ്ദുല്‍ റഹ്മാന്‍ (36), സിപിഎം പ്രവര്‍ത്തകരും ചേലക്കുളം സ്വദേശികളുമായ പറാട്ട് സൈനുദ്ദീന്‍ (27), നെടുങ്ങാടന്‍ വീട്ടില്‍ ബഷീര്‍ (27), കാവുങ്ങപ്പറമ്ബ് വലിയ പറമ്ബില്‍ അസീസ് (42) എന്നിവര്‍ക്കെതിരെയാണു കുറ്റപത്രം.
കിഴക്കമ്പലത്ത് വഴിവിളക്കുകള്‍ തെളിക്കുന്നതിനായി നടപ്പാക്കിയ സ്ട്രീറ്റ് ലൈറ്റ് ചാലഞ്ചിനെതിരെ സ്ഥലം എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ട്വന്റി ട്വന്റിയുടെ നേതൃത്വത്തില്‍ വിളക്കണയ്ക്കല്‍ സമരം നടത്തിയത്. 12ന് വൈകിട്ട് 7 മുതല്‍ 7.15 വരെയായിരുന്നു സമരം. സ്വന്തം വീട്ടില്‍ വിളക്കണച്ച ശേഷം അടുത്ത വീട്ടിലേയ്ക്കു പോകുമ്പോള്‍ കാത്തു നിന്ന സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റു ഭയന്ന ദീപു തലയിലും വയറിനും ഗുരുതരമായി പരുക്കേറ്റെങ്കിലും വിവരം പുറത്തു പറഞ്ഞിരുന്നില്ല. ആശുപത്രിയില്‍ പോയാല്‍ കൊന്നു കളയുമെന്നായിരുന്നു ഭീഷണി. ചികിത്സ തേടിയാല്‍ ആശുപത്രിക്കാര്‍ അറിയിച്ച് പൊലീസ് വിവരം അറിയുമെന്നതിനാലായിരുന്നു ഭീഷണി. ഭയന്ന വീട്ടുകാരും ഇക്കാര്യം പുറത്തു പറഞ്ഞില്ല. അക്രമികളാകട്ടെ വീടിനു മുന്നില്‍ തമ്പടിക്കുകയും ചെയ്തു.
ഇതിനിടെ ദീപുവിന്റെ ആരോഗ്യനില മോശമായതോടെയാണ് ദീപുവിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. ഈ സമയം തലച്ചോറിലേക്ക് രക്തസ്രാവമുണ്ടാകുകയും ഛര്‍ദി രൂക്ഷമാകുകയും ചെയ്തിരുന്നു. പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
തലയ്‌ക്കേറ്റ ക്ഷതമാണ് യുവാവിന്റെ മരണത്തിനിടയാക്കിയതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ദീപുവിന്റെ മരണകാരണം കരള്‍ രോഗമാണെന്ന വാദവുമായി സിപിഎം ജില്ലാ സെക്രട്ടറിയും കുന്നത്തുനാട് എംഎല്‍എയും രംഗത്തെത്തിയത് വിവാദമായിരുന്നു.
https://www.facebook.com/Malayalivartha



























