പൊട്ടിച്ചിരിച്ച് തരൂര്‍... കോണ്‍ഗ്രസിനെ വെട്ടിച്ച് സിപിഎം സെമിനാറില്‍ കെ.വി. തോമസ് പങ്കെടുക്കും; ഹൈക്കമാന്‍ഡ് അനുമതി നല്‍കിയില്ലെങ്കിലും സോണിയാഗാന്ധിയ്ക്ക് കത്തെഴുതിയ ശേഷം സെമിനാറില്‍ പങ്കെടുക്കാനുള്ള നീക്കം നടത്തി കെ.വി. തോമസ്; കോണ്‍ഗ്രസില്‍ നിന്നും അച്ചടക്ക നടപടിയുണ്ടായാല്‍ കളിക്കാനൊരുങ്ങി തോമസ് മാഷ്

ശശി തരൂര്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമോയെന്നാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പേടിച്ചത്. തരൂര്‍ പങ്കെടുത്താല്‍ അച്ചടക്ക നടപടി സ്വീകരിച്ചാല്‍ അത് കോണ്‍ഗ്രസിന്റെ നാശത്തിന് വഴിവച്ചേനെ. എന്നാല്‍ തരൂര്‍ പിന്‍മാറിയിട്ടും കട്ടയ്ക്ക് നില്‍ക്കുകയാണ് തോമസ് മാഷെന്ന കെവി തോമസ്.
ഈ വയസാന്‍ കാലത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണിക്ക് മുമ്പില്‍ പുല്ലുവില നല്‍കി കെവി തോമസ് സെമിനാറില്‍ പങ്കെടുക്കുമെന്നാണ് പറയുന്നത്. ഇക്കാര്യം സിപിഎം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സെമിനാറില്‍ കെ.വി. തോമസിന്റെ പേരു വീണ്ടും ഉള്‍പ്പെടുത്തി. കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ പേര് ഒഴിവാക്കി. തരൂര്‍ പങ്കെടുക്കേണ്ട സെമിനാറിലാണ് കെ.വി. തോമസിന്റെ പേര് ഉള്‍പ്പെടുത്തിയത്.
സിപിഎം സെമിനാറില്‍ പങ്കെടുക്കരുതെന്ന് ശശി തരൂരിനും കെ.വി.തോമസിനും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പങ്കെടുക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ടെന്ന നിലപാടിലാണ് കെ.വി.തോമസ്. അതോടെ ആകാംക്ഷ നിലനിന്നിരുന്നു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ 9 നു വൈകിട്ട് 5 മണിക്കാന് 'കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍' എന്ന സെമിനാര്‍ നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനാവും.
അതേസമയം സെമിനാറില്‍ പങ്കെടുക്കില്ലെന്ന് കെവി തോമസ് പറയുന്നില്ല. സി.പി.എം സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതി ചോദിച്ചെന്ന് കെ.വി തോമസ് പറഞ്ഞു. ഒന്‍പതാംതീയതി വരെ സമയമുണ്ട്. ഹൈക്കമാന്‍ഡ് നിലപാട് അറിഞ്ഞശേഷം തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കെ.സി വേണുഗോപാല്‍ വിളിച്ച് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. കാര്യങ്ങള്‍ മുഖ്യമന്ത്രിയെയും കോടിയേരിയും അറിയിച്ചിട്ടുണ്ട്. കെ.പി.സി.സിയുടെ അനുമതിയാണോ വേണ്ടതെന്ന് എ.ഐ.സി.സിയാണ് പറയേണ്ടത്. കെ.പി.സി.സി പ്രസിഡന്റ് പറയുന്നതിനെല്ലാം മറുപടി പറയാനില്ലെന്നും കെ.വി തോമസ്പറഞ്ഞു.
കോണ്‍ഗ്രസിനെതിരെ ഒളിയമ്പും എയ്യുന്നുണ്ട്. 2024 ല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേത്യത്വം കൊടുക്കുന്ന സഖ്യം കേന്ദ്രത്തില്‍ ഉണ്ടാകേണ്ടതുണ്ട്. അതിന് സി പി എം പിന്തുണയും അനിവാര്യമാണ്. കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറിലേക്കാണ് തന്നെ വിളിച്ചിരിക്കുന്നത്. പാര്‍ട്ടി നോക്കിയാണ് തന്നെ ക്ഷണിച്ചതെന്ന് കരുതുന്നില്ല. വിഷയത്തെപറ്റി അറിവുള്ളയാള്‍ എന്ന നിലയില്‍ കൂടിയാണ് വിളിച്ചത് എന്നും കെ വി തോമസ് പറഞ്ഞു.
അതേസമയം കെവി തോമസ് പോകാതിരിക്കാന്‍ കെ സുധാകരനും രംഗത്തുണ്ട്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന് കെ വി തോമസിനോട് ഹൈക്കമാന്‍ഡ് ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിലക്ക് ലംഘിച്ച് കെവി തോമസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് സിപിഎം നേതൃത്വം വിശദീകരിച്ചതിന് പിറകെയാണ് ഹൈക്കമാന്‍ഡ് തീരുമാനം വ്യക്തമാക്കിയത്. രണ്ടാം തവണയും അനുവാദം തേടി കത്ത് അയച്ച കെ വി തോമസിന്റെ നടപടിയില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു.
അതേസമയം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായ സെമിനാറിലേക്ക് കെ വി തോമസിനെ ക്ഷണിച്ച വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന് ഒപ്പമാണെന്ന സന്ദേശമാണ് ഹൈക്കമാന്‍ഡ് നല്‍കുന്നത്. ഇക്കാര്യത്തില്‍ ഇനി പ്രത്യേകിച്ച് നിര്‍ദ്ദേശം നല്‍കില്ലന്നും സെമിനാറില്‍ പങ്കെടുക്കേണ്ടെന്നും എഐസിസി വ്യക്തമാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് കെവി തോമസ് സെമിനാറില്‍ എത്തുമെന്ന, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാന്റെ പ്രതികരണത്തോടെയാണ് വീണ്ടും വിഷയം സജീവമായത്. അനുമതി തേടി സോണിയാഗാന്ധിയ്ക്ക് വീണ്ടും കത്തയച്ചിട്ടുണ്ടെന്ന് കെ വി തോമസ് പ്രതികരിച്ചതോടെ വിവാദം മുറുകി. കെ വി തോമസിന്റെ നടപടിയില്‍ കടുത്ത് എതിര്‍പ്പുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. എന്തായാലും ഒരു കൂട്ടയടി ഉറപ്പാണ്. കെവി തോമസിനും കോണ്‍ഗ്രസ് മടുത്തു. സിപിഎം സെമിനാറില്‍ പങ്കെടുത്ത് പുറത്ത് പോകുമ്പോള്‍ ഒരു രക്തസാക്ഷി പരിവേഷവും കിട്ടും.
" f
https://www.facebook.com/Malayalivartha


























