ആശങ്കകള്‍ ബാക്കി..... മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ട സമിതിക്ക് ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ നിയമപരമായ എല്ലാ അധികാരങ്ങളും താത്ക്കാലികമായി കൈമാറാന്‍ സുപ്രീം കോടതി , സാങ്കേതിക വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി മേല്‍നോട്ടസമിതി ശക്തിപ്പെടുത്താനും നിര്‍ദ്ദേശം

ആശങ്കകള്‍ ബാക്കി..... മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ട സമിതിക്ക് ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ നിയമപരമായ എല്ലാ അധികാരങ്ങളും താത്ക്കാലികമായി കൈമാറാന്‍ സുപ്രീം കോടതി , സാങ്കേതിക വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി മേല്‍നോട്ടസമിതി ശക്തിപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്.
സുപ്രീംകോടതിയുടെ ഈ തീരുമാനം കേരളത്തിന് പ്രതീക്ഷ നല്‍കുന്നതാണെങ്കിലും ആശങ്കകള്‍ ബാക്കിയാവുകയാണ്. മേല്‍നോട്ട സമിതിയെ ശക്തിപ്പെടുത്തണമെന്ന് കേരളവും ഹര്‍ജിക്കാരനായ ഡോ. ജോ ജോസഫും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കേരളവും തമിഴ്‌നാടും ഓരോ സാങ്കേതിക വിദഗ്ദ്ധരെക്കൂടി ഉള്‍പ്പെടുത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശവും സുപ്രീം കോടതി അംഗീകരിക്കുകയുണ്ടായി.
ഡാം സുരക്ഷാ നിയമപ്രകാരം രൂപീകൃതമായ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് മുല്ലപ്പെരിയാര്‍ വിഷയങ്ങള്‍ കൈമാറണമെന്നാണ് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അത് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമല്ലെന്നും അതിന് ഒരു വര്‍ഷംകൂടി വേണ്ടിവരുമെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി ഇന്നലെ അറിയിക്കുകയുണ്ടായി.
ആയതിനാല്‍ അതുവരെ ഡാം അതോറിറ്റിയുടെ അധികാരം മേല്‍നോട്ട സമിതിക്ക് കൈമാറണമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് എ.എസ്. ഓക്ക, ജസ്റ്റിസ് സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിനെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഇതേ തുടര്‍ന്നാണ് അതോറിറ്റിയുടെ അധികാരങ്ങള്‍ താത്ക്കാലികമായി മേല്‍നോട്ട സമിതിക്ക് കൈമാറി ഉത്തരവിറക്കാന്‍ സുപ്രീം കോടതി തീരുമാനമായത്.
മേല്‍നോട്ട സമിതിയില്‍ നിലവില്‍ മൂന്ന് അംഗങ്ങളാണ് ഉള്ളത്. ചീഫ് എന്‍ജിനിയര്‍ (ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്‍, സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍) ചെയര്‍മാനും അഡിഷണല്‍ ചീഫ് സെക്രട്ടറി (വാട്ടര്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് - കേരള), പ്രിന്‍സിപ്പല്‍ സെക്രട്ടറി (പി.ഡബ്ല്യു.ഡി - തമിഴ്‌നാട്) എന്നിവരാണ് അംഗങ്ങള്‍. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വിദഗ്ദ്ധരെക്കൂടി ഉള്‍പ്പെടുത്തുന്നതോടെ അത് അഞ്ച് ആകും. അതുകൊണ്ട് കേരളത്തിന് പ്രത്യേകിച്ച് പ്രയോജനം ഉണ്ടാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
മേല്‍നോട്ട സമിതിക്ക് നിയമ പ്രകാരമുള്ള സകല ചുമതലകളും നിര്‍വ്വഹിക്കാന്‍ കഴിയുന്ന തരത്തില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മിനിട്‌സ് തയ്യാറാക്കാന്‍ കേരളത്തിന്റെ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയോടും തമിഴ്‌നാടിന്റെ അഭിഭാഷകന്‍ ശേഖര്‍ നഫാഡയോടും ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ നിര്‍ദ്ദേശിച്ചു.ഇരു സംസ്ഥാനങ്ങളും തീരുമാനം നടപ്പിലാക്കണം.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍, സുരക്ഷ, പരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ മേല്‍നോട്ട സമിതിക്ക് ഉറച്ച തീരുമാനമെടുക്കാന്‍ കഴിയും. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കേരളത്തിനും തമിഴ്‌നാടിനും നിയമപരമായി ബാദ്ധ്യതയുണ്ടാകും.
മേല്‍നോട്ട സമിതിയെ അധികാരങ്ങളില്ലാത്ത സമിതിയെന്നായിരുന്നു സംസ്ഥാനങ്ങള്‍ കോടതിയില്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഡാം സുരക്ഷാ അതോറിറ്റിയില്‍ നിക്ഷിപ്തമായ നിയമപരമായ എല്ലാ അധികാരങ്ങളും ലഭിക്കുന്നതോടെ താത്ക്കാലികമായെങ്കിലും സമിതി കൂടുതല്‍ ശക്തമായേക്കും,
അതേസമയം മേല്‍നോട്ടസമിതിയുടെ നിലവിലുള്ള സമീപനങ്ങളെ ചെറുക്കാനും പുതിയ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനായും കേരളത്തിന്റെ വിദഗ്ദ്ധ പ്രതിനിധിക്ക് കഴിയുമോ എന്ന കാര്യത്തില്‍ ഡാം സുരക്ഷയുമായി ബന്ധപ്പെട്ട പ്രഗത്ഭര്‍ക്ക് ആശങ്കയേറെയുണ്ട് .
"
https://www.facebook.com/Malayalivartha


























