ഇത് അതുക്കും മേലെ... യോദ്ധ സിനിമ പോലെ റഷ്യ യുക്രെയിന്‍ യുദ്ധത്തിലെ സ്‌കെലന്‍സ്‌കിയെ പോലെ കെഎസ്ഇബി ചെയര്‍മാന്‍ ബി. അശോക് നേതാവിനെതിരെ ചെക്ക് വിളിച്ചു; എംഎം മണിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന അസോസിയേഷന്‍ നേതാവിന്റെ ചീട്ട് തെറിച്ചു; അശോകിനെ തൊടാന്‍ മടിച്ച് വൈദ്യുതി മന്ത്രി കൈമലര്‍ത്തി

മുന്‍ വൈദ്യുതി മന്ത്രി എംഎം മണിയുടെ പേഴ്‌സണല്‍ മുന്‍ സ്റ്റാഫംഗവും സിപിഎം അസോസിയേഷന്‍ നേതാവുമായ എംജി സുരേഷ് കുമാര്‍ നേതാവിന് ഇതിലും വലിയ നാണക്കേടില്ല. എ.കെ.ബാലന്‍ വൈദ്യുതി മന്ത്രിമാരായിരിക്കെയും പേഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്നു സുരേഷ് കുമാര്‍. ഇപ്പോള്‍ പവര്‍ സിസ്റ്റം എന്‍ജിനീയറിങ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ്. ഏറെ പ്രശസ്തനായ ബി ആശോക് ഐഎഎസിനോട് കളിച്ച ഏറെ പ്രശസ്തനായ അസോസിയേഷന്‍ നേതാവിന് തന്നെ പണികിട്ടി. നിലപാടുകള്‍ കൊണ്ട് ശക്തനായ ബി അശോക് ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവാണോ ഒന്നും നോക്കിയില്ല. പാര്‍ട്ടി കോണ്‍ഗ്രസില്‍ സഖാക്കളെല്ലാം കണ്ണൂരിലുള്ളപ്പോള്‍ സമരം നയിച്ച നേതാവിന് തന്നെ ചെക്ക് വിളിച്ചു.
ബി അശോകിനെ തൊടാന്‍ മന്ത്രി പോലും ധൈര്യം കാട്ടിയില്ല. കെഎസ്ഇബി ചെയര്‍മാന്‍ ബി.അശോകിനെ മാറ്റാന്‍ ഉദ്ദേശമില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി തന്നെ വ്യക്തമാക്കിയത്. ജീവനക്കാരുടെ പ്രതിഷേധം തെറ്റല്ല. നിയമവ്യവസ്ഥകള്‍ പാലിച്ചായിരിക്കണം പ്രതിഷേധം. തര്‍ക്കങ്ങള്‍ ഒഴിവാക്കി മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് ഓരോരുത്തരും ശ്രമിക്കണം. ചെയര്‍മാനുമായി കാര്യങ്ങള്‍ സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി ബോര്‍ഡില്‍ ചെയര്‍മാനും സിപിഎം അനുകൂല ഓഫിസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയായി അസോസിയേഷന്‍ പ്രസിഡന്റ് എം.ജി.സുരേഷ് കുമാറിനെ ഇന്നലെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നടപടിയെ വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി ന്യായീകരിച്ചു. ഇതോടെ ബോര്‍ഡ് ചെയര്‍മാന്‍ ബി.അശോകും സംഘടനകളുമായുള്ള തുറന്നപോര് എല്‍ഡിഎഫിനും തലവേദനയായി.
ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ ആക്ഷേപം ഉന്നയിക്കുകയും വിലക്ക് മറികടന്ന് സത്യഗ്രഹം നടത്തുകയും ചെയ്തതിനാണ് സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് ഓഫിസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
അസോസിയേഷന്‍ നേതാവ് ജാസ്മിന്‍ ബാനുവിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരമാണ് ഇപ്പോഴത്തെ പ്രകോപനം. സത്യഗ്രഹം നടത്തിയ മറ്റുള്ളവര്‍ക്കെതിരെയും ബോര്‍ഡ് റൂമില്‍ തള്ളിക്കയറിയവര്‍ക്ക് എതിരെയും നടപടി പ്രഖ്യാപിച്ചിട്ടില്ല.
വൈദ്യുതി ഭവനു മുന്നില്‍ സത്യഗ്രഹം നടക്കുന്നതിനിടെ വനിതകള്‍ ഉള്‍പ്പെടെ അന്‍പതോളം സമരക്കാര്‍, ഏഴാം നിലയില്‍ ചെയര്‍മാന്‍ ബി. അശോകിന്റെ നേതൃത്വത്തില്‍ യോഗം നടന്ന ബോര്‍ഡ് റൂമിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇവര്‍ മുദ്രാവാക്യം മുഴക്കിയതിനെത്തുടര്‍ന്ന് അരമണിക്കൂറോളം യോഗം തടസ്സപ്പെട്ടു. പൊലീസ് എത്തിയെങ്കിലും ഇടപെട്ടില്ല. തുടര്‍ന്ന് നേതാക്കളെത്തി സമരക്കാരെ പിന്തിരിപ്പിച്ചു. വൈദ്യുതി ഭവന്റെ എല്ലാ നിലകളിലും പ്രകടനം നടത്തിയ ശേഷമാണ് ഇവര്‍ പിന്‍വാങ്ങിയത്.
അതേസമയം, ഓഫിസേഴ്‌സ് അസോസിയേഷന്റെ സമരത്തെ ഗൗരവമായി കാണുന്നില്ലെന്നു ചെയര്‍മാന്‍ ബി.അശോക് പറഞ്ഞു. ഒന്നോ രണ്ടോ പേരുടെ സ്ഥാപിത താല്‍പര്യമാണ് സമരത്തിനു പിന്നില്‍. സമരത്തിനു ജീവനക്കാരുടെ പിന്തുണയില്ലെന്നും അശോക് പറഞ്ഞു.
അതിനിടെ വൈദ്യുതി ബോര്‍ഡില്‍ ചെയര്‍മാനും സിപിഎം സംഘടനകളുമായുള്ള തുറന്ന പോര് വൈദ്യുതി വിതരണത്തെയും ഉപഭോക്തൃ സേവനങ്ങളെയും ബാധിച്ച സാഹചര്യത്തില്‍ റഗുലേറ്ററി കമ്മിഷന്‍ ഇടപെടണമെന്ന് ആവശ്യം. കമ്മിഷന്‍ ഇടപെട്ട് അടിയന്തരമായി പരിഹാരം ഉണ്ടാക്കണമെന്ന് ഇന്നലെ ഹിയറിങ്ങില്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു വേണ്ടി ഹാജരായ ഡിജോ കാപ്പന്‍, ചെയര്‍മാന്‍ പ്രേമന്‍ ദിനരാജിനോട് ആവശ്യപ്പെട്ടു.
റഷ്യ–യുക്രെയ്ന്‍ യുദ്ധം പോലെയാണു പോരെന്നും ബോംബ് ഇടുന്നില്ലെന്ന വ്യത്യാസം മാത്രമേ ഉള്ളൂവെന്നും കാപ്പന്‍ പറഞ്ഞു. തെളിവു നല്‍കാന്‍ എത്തിയ മറ്റു ചിലരും കാപ്പനെ പിന്തുണച്ചു. കമ്മിഷന്‍ ഇതേക്കുറിച്ച് അഭിപ്രായം പറഞ്ഞില്ല.
എന്തായാലും നേതാവിന് മേല്‍ കൈവച്ച ചെയര്‍മാന്റെ കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് ഒരു തീരുമാനം ആകാനാണ് സാധ്യത. അതേസമയം ബി അശോകിനെ തൊട്ടാല്‍ അതും തീക്കളിയാകും.
"
https://www.facebook.com/Malayalivartha